National
ഗോവ നിശാ ക്ലബ്ബിലെ തീപ്പിടുത്തം; മുന്‍കൂര്‍ ജാമ്യം തേടി ലുത്ര സഹോദരന്‍മാര്‍ കോടതിയില്‍
ജാമ്യാപേക്ഷ ഡല്‍ഹി രോഹിണി കോടതി നാളെ പരിഗണിക്കും
പനാജി | ഗോവ ബാഗി ബീച്ചിലെ നിശാ ക്ലബ്ബില്‍ 25 പേര്‍ തീപിടുത്തത്തില്‍ മരിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ക്ലബ്ബ് ഉടമകള്‍.ക്ലബ്ബ് ഉടമകളായ ലുത്ര സഹോദരന്മാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ ഡല്‍ഹി രോഹിണി കോടതി നാളെ പരിഗണിക്കും. കേസെടുത്തതിന് പിറകെ ലുത്ര സഹോദരന്‍മാര്‍ രാജ്യം വിട്ടിരുന്നു. ഇവര്‍ക്കായി ഇമിഗ്രേഷന്‍ ബ്യൂറോ ലുക്ക്ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചതിന് പിറകെയാണ് ജാമ്യത്തിനായി ശ്രമം തുടങ്ങിയിരിക്കുന്നത്. ഡിസംബര്‍ 7-ന് ഉണ്ടായ തീപിടുത്തത്തില്‍ നിശാ ക്ലബ്ബിന്റെ ചീഫ് ജനറല്‍ മാനേജര്‍ രാജീവ് മോദക്, ജനറല്‍ മാനേജര്‍ വിവേക് സിംഗ്, ബാര്‍ മാനേജര്‍ രാജീവ് സിന്‍ഹാനിയ, ഗേറ്റ് മാനേജര്‍ റിയാന്‍ഷു താക്കൂര്‍, ജീവനക്കാരന്‍ ഭരത് കോഹ്ലി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നാല് സഹ ഉടമകളില്‍ ഒരാളായ അജയ് ഗുപ്തയെയും ഇന്ന് അറസ്റ്റ് ചെയ്തിരുന്നു. ഉടമകളായ സൗരഭ് ലുത്രയും ഗൗരവ് ലുത്രയും തായ്ലന്റിലേക്ക് മുങ്ങിയിരിക്കുകയാണ്. അപകടം നടന്ന് മണിക്കൂറുകള്‍ക്ക് അകമാണ് ഇരുവരും രാജ്യംവിട്ടത്.
തീപിടുത്തത്തില്‍ മരിച്ച 25 പേരില്‍ 17 പേരുടെ കുടുംബങ്ങള്‍ക്ക് ഗോവ സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. 85 ലക്ഷം അനുവദിച്ചതായും ബാക്കിയുള്ളവരുടെ ബേങ്ക് വിശദാംശങ്ങള്‍ ശേഖരിക്കുന്നതായും മുഖ്യമന്ത്രി പ്രമോദ് സാവന്ത് വ്യക്തമാക്കി. വിഷയത്തില്‍ സമഗ്ര അന്വേഷണ റിപ്പോര്‍ട്ട് 8 ദിവസത്തിനകം ലഭിക്കുമെന്നും പരിശോധിച്ചതിന് ശേഷം കര്‍ശന നടപടി ഉണ്ടാകുമെന്നും ഗോവ മുഖ്യമന്ത്രി പറഞ്ഞു. ക്ലബിലെ 14 ജീവനക്കാരും നാല് വിനോദ സഞ്ചാരികളും മരിച്ചവരില്‍ ഉള്‍പ്പെടും




