Kerala
ശബരിമല സ്വര്‍ണക്കൊള്ള; അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണം: വി ഡി സതീശന്‍
ശശി തരൂരിന് വീര്‍ സവര്‍ക്കര്‍ പുരസ്‌കാരം നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ്
പത്തനംതിട്ട | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അറസ്റ്റിലായവരുടെ സാമ്പത്തിക സ്ഥിതിയും അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്തിനെ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമലയില്‍ ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
സ്വര്‍ണക്കൊള്ള വിഷയത്തിലടക്കം മുഖ്യമന്ത്രി ഉന്നയിച്ച ചോദ്യങ്ങളില്‍ തുറന്ന സംവാദത്തിന് തയ്യാറാണ്. മുഖ്യമന്ത്രിയുടെ ചോദ്യങ്ങളില്‍ നിരവധി തെറ്റായ കാര്യങ്ങളുണ്ട്. പിണറായി വിജയന്‍ എട്ടുകാലി മമ്മൂഞ്ഞ് ചമയുകയാണിപ്പോഴെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ശബരിമലയില്‍ നടന്ന സ്വര്‍ണക്കൊള്ളയില്‍ ലോകം അമ്പരന്ന് നില്‍ക്കുകയാണ്. തിരഞ്ഞെടുപ്പ് കഴിയും വരെ മുന്‍ ദേവസ്വം മന്ത്രിയെ ചോദ്യം ചെയ്യാതിരിക്കാന്‍ സര്‍ക്കാര്‍ എസ്‌ഐടിക്കുമേല്‍ സമ്മര്‍ദ്ദം ചെലുത്തി. ശബരിമലയിലെ സ്വര്‍ണം കോടീശ്വരന് വിറ്റുവെന്ന് ആദ്യം പറഞ്ഞത് താനാണ്. ശബരിമല സ്വര്‍ണത്തിന് തൂക്കത്തേക്കാള്‍ മൂല്യമുള്ളതാണെന്നും വി ഡി സതീശന്‍ പറഞ്ഞു. നിലവിലെ അന്വേഷണത്തില്‍ തൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വീര്‍ സവര്‍ക്കര്‍ പുരസ്‌കാരം; പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ്
കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം ശശി തരൂരിന് വീര്‍ സവര്‍ക്കര്‍ പുരസ്‌കാരം നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കാതെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ശബരിമലയിലെത്തിയ വി ഡി സതീശന്‍ ശബരിമല സ്വര്‍ണകൊള്ളയിലടക്കം മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയാണ് ശശി തരൂരിന്റെ സവര്‍ക്കര്‍ പുരസ്‌കാര വിവാദത്തിലും പ്രതികരണം തേടിയത്. ചോദ്യത്തില്‍ പ്രതികരിക്കാതെ കൈകൂപ്പി തൊഴുത് ഒന്നും പറയാനില്ലെന്ന രീതിയില്‍ വിഡി സതീശന്‍ പോവുകയായിരുന്നു. അതേസമയം, രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിലും അടൂര്‍ പ്രകാശ് വിവാദത്തിലും വി ഡി സതീശന്‍ മറുപടി നല്‍കി. രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം ലഭിച്ചതില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും നിലപാടില്‍ മാറ്റമില്ലെന്നും വി ഡി സതീശന്‍ പറഞ്ഞു. രാഹുലിനെതിരായ നടപടി ബോധ്യത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ്. രാഹുല്‍ നാളെ വോട്ട് ചെയ്യാന്‍ വരുമോയെന്ന് അറിയില്ല. ദിലീപിനെ പിന്തുണച്ചുകൊണ്ടുള്ള അടൂര്‍ പ്രകാശിന്റെ പരാമര്‍ശം അദ്ദേഹത്തിന് സംഭവിച്ച ഒരു ചെറിയ സ്ലിപ്പ് മാത്രമാണെന്നും പിന്നീട് അദ്ദേഹം തന്നെ നിലപാട് തിരുത്തിയെന്നും വി ഡി സതീശന്‍ പറഞ്ഞു.




