Kerala
ചിത്രപ്രിയ വധക്കേസ്; അലന്റെ അറസ്റ്റ് രേഖപ്പെടുത്തി പോലീസ്
കസ്റ്റഡിയിലെടുത്ത അലന്റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പോലീസ് രേഖപ്പെടുത്തിയത്.
കൊച്ചി | മലയാറ്റൂരില്‍ 19കാരി ചിത്രപ്രിയ കൊല്ലപ്പെട്ട കേസില്‍ പ്രതിയും ആണ്‍ സുഹൃത്തുമായ അലന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. കസ്റ്റഡിയിലെടുത്ത അലന്റെ അറസ്റ്റ് ഇന്ന് വൈകിട്ടോടെയാണ് കാലടി പോലീസ് രേഖപ്പെടുത്തിയത്.
ചിത്രപ്രിയയും ആണ്‍സുഹൃത്ത് അലനും ഒരുമിച്ച് മലയാറ്റൂര്‍ ജംഗ്ഷന്‍ വഴി ബൈക്കില്‍ പോകുന്ന സിസിടിവി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു. ഇതോടെ നേരത്തെ മൊഴിയെടുത്ത് വിട്ടയച്ച അലനെ പോലീസ് കസ്റ്റഡിയിലെടുത്തു. തുടര്‍ന്നുള്ള വിശദമായ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
മറ്റൊരു യുവാവുമായി ബന്ധമുണ്ടെന്ന സംശയത്തെതുടര്‍ന്ന് പെണ്‍കുട്ടിയെ പ്രതി കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. തലയ്‌ക്കേറ്റ ഗുരുതര പരുക്കാണ് ചിത്രപ്രിയയുടെ മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ വ്യക്തമായി.
ശനിയാഴ്ച മുതല്‍ കാണാതായ പെണ്‍കുട്ടിയെ ഇന്നലെ വൈകിട്ടാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. മലയാറ്റൂര്‍ മുണ്ടങ്ങാമറ്റം തുരുത്തിപ്പറമ്പില്‍ ഷൈജുവിന്റെ മകളാണ് ചിത്രപ്രിയ. ബെംഗളൂരുവില്‍ ഏവിയേഷന്‍ വിദ്യാര്‍ഥിനിയായ ചിത്രപ്രിയ അമ്പലത്തിലെ ഉത്സവം കൂടാനാണ് മലയാറ്റൂലെത്തിയത്. പെണ്‍കുട്ടിയുടെ മൃതദേഹം വീട്ടിലെത്തിച്ച് സംസ്‌കരിച്ചു.




