Kerala
നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം
തിരുവനന്തപുരത്ത് മാനവീയം വീഥിയിലും കാഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണു പരിപാടി നടന്നത്
തിരുവനന്തപുരം | നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ വെറുതെ വിട്ട കോടതി വിധിക്കെതിരെ തിരുവനന്തപുരത്തും കോഴിക്കോടും സാംസ്‌കാരിക പ്രവര്‍ത്തകരുടെ പ്രതിഷേധം. അവള്‍ക്കൊപ്പം എന്ന പേരിലായിരുന്നു കൂട്ടായ്മ. തിരുവനന്തപുരത്ത് മാനവീയം വീഥിയിലും കാഴിക്കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തുമാണു പരിപാടി നടന്നത്. പെണ്‍ സൗഹൃദ വേദിയാണ് പ്രേതിഷേധ സംഗമം നടത്തിയത്.
കോടതി വിധി നിരാശ ഉണ്ടാക്കുന്നതെന്നും പൊതു സമൂഹത്തിനു മുന്നില്‍ ദിലീപ് കുറ്റക്കാരന്‍ ആണെന്നും പരിപാടിയില്‍ സംസാരിച്ച അജിത പറഞ്ഞു. നടന്‍ ദിലീപിനെ കോടതി വെറുതെ വിട്ടതോടെ അതിജീവിത നീതിനിഷേധത്തിന്റെ ആഘാതത്തില്‍ ആണെന്ന് സുഹൃത്തുക്കള്‍ പ്രതികരിച്ചു.
വിധി പകര്‍പ്പ് പരിശോധിച്ച് ഹൈക്കോടതിയില്‍ അപ്പീലിനുള്ള തയ്യാറെടുപ്പിലാണ് സംസ്ഥാന സര്‍ക്കാരെങ്കിലും കടുത്ത നിരാശയില്‍ തുടരുന്ന അതിജീവിത അക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നാണ് വിവരം. ക്രൂരകൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പ്രതികള്‍ക്കെതിരെയും എല്ലാ വകുപ്പുകളും തെളിഞ്ഞെങ്കിലും അതിന് കാരണക്കാരനായ വ്യക്തി ആരെന്നതിന് ഉത്തരമായിട്ടില്ല. നടിയും പ്രോസിക്യൂഷനും ആരോപിച്ചതും വിശ്വസിച്ചതുമായ വ്യക്തി കേസില്‍ കുറ്റവിമുക്തനായി. അതിജീവിതയുടെ വര്‍ഷങ്ങളുടെ പോരാട്ടം ഫലം കണ്ടില്ലെന്ന് പ്രതിഷേധ പരിപാടിയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.


