Kerala
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന പോലീസ് സംഘം അപകടത്തില്‍പെട്ടു; അഞ്ച് പേര്‍ക്ക് പരിക്ക്
പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ നാട്ടുകല്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്
പാലക്കാട് | തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലായിരുന്ന സ്‌പെഷ്യല്‍ പോലീസ് ടീം സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പാലക്കാട് – കോഴിക്കോട് ദേശീയപാതയിലെ നാട്ടുകല്‍ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം ഉണ്ടായത്.
കരിങ്കലത്താണിയില്‍ നിന്ന് തെരഞ്ഞെടുപ്പിന്റെ ഭാഗമായ വാഹന പരിശോധന കഴിഞ്ഞ് മണ്ണാര്‍ക്കാടേക്ക് തിരിച്ചു പോകുമ്പോഴാണ് പിക്കപ്പ് വാനുമായി കൂട്ടിയിടിച്ച് പാലക്കാട്ടെ പോലീസ് സംഘം അപകടത്തില്‍ പെട്ടത്. ഇലക്ഷന്‍ ഡ്യൂട്ടിക്ക് സ്‌പെഷ്യലായി എടുത്ത വാഹനത്തിലാണ് ഇവര്‍ സഞ്ചരിച്ചത്.
അപകടമുണ്ടാക്കിയ പിക്കപ്പ് വാന്‍ നിയന്ത്രണം വിട്ടു സമീപത്തെ മതിലില്‍ ഇടിച്ചാണ് നിന്നത്. പരിക്കേറ്റവരെ പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


