Kerala
ശബരിമല സ്വര്‍ണക്കൊള്ള: ബെംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാട്, പോറ്റിയെ പൂട്ടാനൊരുങ്ങി എസ് ഐ ടി
ഭൂമിക്ക് പുറമെ കെട്ടിടങ്ങളും വാങ്ങിക്കൂട്ടി. ഇതുമായി ബന്ധപ്പെട്ട പല നിര്‍ണായക രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ പൂട്ടാനൊരുങ്ങി പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). പോറ്റി ബെംഗളൂരുവില്‍ നടത്തിയത് കോടികളുടെ ഭൂമി ഇടപാടുകളാണെന്ന് എസ് ഐ ടി കണ്ടെത്തിയിട്ടുണ്ട്. പുറമെ കെട്ടിടങ്ങളും വാങ്ങിക്കൂട്ടി. ഇതുമായി ബന്ധപ്പെട്ട പല നിര്‍ണായക രേഖകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരിലും പങ്കാളിയുടെ പേരിലുമാണ് ഉണ്ണികൃഷ്ണന്‍ പോറ്റി രജിസ്റ്റര്‍ ചെയ്തിരുന്നത്. രമേഷ് റാവുവിനെ മറയാക്കി ഉണ്ണികൃഷ്ണന്‍ പോറ്റി പണം പലിശക്ക് കൊടുത്തിരുന്നതായും എസ് ഐ ടിയുടെ അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.
ബെംഗളുരു ശ്രീറാംപുരയിലെ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ 176 ഗ്രാം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങളും ഭൂമി ഇടപാട് രേഖകളും കണ്ടെടുത്തതായും സൂചനയുണ്ട്. പതിമൂന്നര മണിക്കൂറോളമാണ് എസ് ഐ ടി പരിശോധന നീണ്ടത്.
ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളില്‍ നിന്ന് കവര്‍ന്നതെന്ന് സംശയിക്കുന്ന സ്വര്‍ണം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് ഗോവര്‍ദ്ധന്റെ ഉടമസ്ഥതയിലുള്ള ജ്വല്ലറിയില്‍ നിന്നും കഴിഞ്ഞ ദിവസം പോലീസ് പിടിച്ചെടുത്തിരുന്നു. കേസില്‍ പ്രത്യേക അന്വേഷണ സംഘം ചെന്നൈയില്‍ തെളിവെടുപ്പ് തുടരുകയാണ്. പോറ്റിയുടെ കസ്റ്റഡി കാലാവധി ഈ മാസം 30ന് അവസാനിക്കും.

