Kerala
സിജെ റോയിയുടെ മരണത്തില്‍ സമഗ്ര അന്വേഷണം വേണം; എം വി ഗോവിന്ദന്‍
കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ചു മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്.
കണ്ണൂര്‍|കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ് ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. കേന്ദ്ര അന്വേഷണ ഏജന്‍സികളെ കുറിച്ചു മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിഷയം ഗൗരകരമായി പരിശോധിക്കണമെന്നും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. റെയ്ഡിന്റെ മറവില്‍ ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ നടത്തിയ പീഡനമാണെന്ന് റോയിയുടെ മരണത്തില്‍ കലാശിച്ചതെന്നാണ് കുടുംബത്തിന്റെ ആരോപണം.
മലയാളികള്‍ക്ക് ഏറെ സുപരിചതനായ വ്യവസായിയാണ് സി ജെ റോയ്. റോയിയുടെ മരണം ദൗര്‍ഭാഗ്യകരമാണെന്ന് എം വി ഗോവിന്ദന്‍ പറഞ്ഞു. പരിഹരിക്കാന്‍ കഴിയാവുന്ന പ്രശ്നങ്ങള്‍ മാത്രമേ റെയ്ഡിനു ശേഷവും അദ്ദേഹത്തിന് ഉണ്ടായിരുന്നുള്ളു. എന്നിട്ടും റോയ് സ്വയം വെടിവെച്ചു മരിച്ചു. ഇതിനുള്ള കാരണം കണ്ടെത്തണം. റോയ് വെടിവെച്ച ശേഷവും ആദായ നികുതി വകുപ്പ് പരിശോധന തുടര്‍ന്നെന്നും എം വി ഗോവിന്ദന്‍ ആരോപിച്ചു.


