Connect with us

National

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയായി സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

സംസ്ഥാനത്തെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രിയാകും സുനേത്ര

Published

|

Last Updated

മുംബൈ| മഹാരാഷ്ട്രയുടെ പുതിയ ഉപമുഖ്യമന്ത്രിയായി അജിത് പവാറിന്റെ ഭാര്യ സുനേത്ര പവാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകുന്നേരം അഞ്ചു മണിക്കാണ് സത്യപ്രതിജ്ഞ ചെയ്യുക. സംസ്ഥാനത്തെ ആദ്യ വനിതാ ഉപ മുഖ്യമന്ത്രിയാകും സുനേത്ര. ഉച്ചക്ക് ചേരുന്ന എന്‍സിപി നിയമസഭാ കക്ഷി യോഗം സുനേത്രയെ നേതാവായി തിരഞ്ഞെടുക്കും. നിലവില്‍ രാജ്യസഭാ എം പിയാണ് സുനേത്ര പവാര്‍. അജിത് പവാറിന്റെ എക്‌സൈസ്, കായിക വകുപ്പുകളും സുനേത്ര പവാറിന് നല്‍കും. എന്‍സിപി ദേശീയ അധ്യക്ഷ സ്ഥാനവും സുനേത്ര ഏറ്റെടുക്കാനും സാധ്യതയുണ്ട്. ബജറ്റ് സമ്മേളനം മാര്‍ച്ചില്‍ നടക്കാനിരിക്കുന്നതിനാല്‍ ധനകാര്യ വകുപ്പ് താല്‍ക്കാലികമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് തന്നെ കൈകാര്യം ചെയ്യും. പിന്നീട് ധനകാര്യ വകുപ്പ് എന്‍ സി പിക്ക് കൈമാറും. സുനേത്ര രാജിവെക്കുന്ന രാജ്യസഭാ അംഗത്വം മകന്‍ പാര്‍ഥ് പവാറിന് ലഭിക്കും.

ഫെബ്രുവരി 7-ന് നടക്കുന്ന പൂനെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ നയിക്കാന്‍ സുനേത്ര പവാര്‍ ഉപമുഖ്യമന്ത്രി സ്ഥാനമേല്‍ക്കണമെന്ന നിര്‍ദ്ദേശം പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളാണ് മുന്നോട്ടുവെച്ചത്. പവാര്‍ കുടുംബത്തിനുള്ളില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവിലാണ് സുനേത്ര ഈ ദൗത്യം ഏറ്റെടുക്കാന്‍ സമ്മതിച്ചത്. സുനേത്ര പവാര്‍ ശനിയാഴ്ച തന്നെ സത്യപ്രതിജ്ഞ ചെയ്യുന്നതില്‍ തനിക്ക് എതിര്‍പ്പില്ലെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കിയതായി മുതിര്‍ന്ന എന്‍ സി പി നേതാവ് ഛഗന്‍ ഭുജ്ബല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ബുധനാഴ്ച ബാരാമതി വിമാനത്താവളത്തിലുണ്ടായ അപകടത്തിലാണ് അജിത് പവാര്‍ അന്തരിച്ചത്. അജിത് പവാറിനൊപ്പം വിമാനത്തിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥനും രണ്ട് പൈലറ്റുമാരും ഫ്‌ലൈറ്റ് അറ്റന്‍ഡന്റും അപകടത്തില്‍ മരിച്ചിരുന്നു.വ്യാഴാഴ്ച ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാന്‍ ഗ്രൗണ്ടില്‍ പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു അജിത് പവാറിന്റെ സംസ്‌കാരം. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്, നിതിന്‍ ഗഡ്കരി, ശരദ് പവാര്‍ തുടങ്ങി രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ അദ്ദേഹത്തിന് അവസാനമായി ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

 

Latest