Kerala
വിദ്യാര്‍ഥികളുടെ പഠന ഭാരം കുറയ്ക്കും, സിലബസ് 25 ശതമാനം കുറയും; വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി
പഠന ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ മന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു
കൊല്ലം|സ്‌കൂള്‍ വിദ്യാര്‍ഥികളുടെ പഠനഭാരം ലഘൂകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഇപ്പോള്‍ ഉള്ള സിലബസിനേക്കാള്‍ 25 ശതമാനം കുറയുമെന്നാണ് മന്ത്രിയുടെ പ്രഖ്യാപനം. തീരുമാനം അടുത്ത വര്‍ഷം മുതല്‍ പ്രാബല്യത്തില്‍ വരുമെന്നും മന്ത്രി പറഞ്ഞു. കൊല്ലം തേവലക്കര ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വൈദ്യുത ലൈനില്‍ നിന്നും ഷോക്കേറ്റ് മരിച്ച മിഥുന്റെ കുടുംബത്തിന് നിര്‍മിച്ച് നല്‍കിയ വീട് കൈമാറുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. പഠന ഭാരം കുറയ്ക്കണം എന്നാവശ്യപ്പെട്ട് മൂന്ന് വിദ്യാര്‍ഥികള്‍ മന്ത്രിക്ക് ചടങ്ങില്‍ നിവേദനം നല്‍കിയിരുന്നു. ഇക്കാര്യം പരാമര്‍ശിച്ച് കൊണ്ടായിരുന്നു മന്ത്രിയുടെ പ്രതികരണം.
പഠന ഭാരം കൂടുതലാണെന്നത് പൊതുവെയുള്ള പരാതിയാണ്. ഇത് പരിഹരിക്കാനാണ് സിലബസില്‍ 25 ശതമാനം കുറയ്ക്കുന്നത്. ഇക്കാര്യം കരിക്കുലം കമ്മിറ്റി അംഗീകരിച്ച വിഷയമാണ്. എന്നാല്‍ പാഠപുസ്തകങ്ങളുടെ ഉള്ളടക്കത്തില്‍ വ്യത്യാസം ഉണ്ടാകില്ല. സിലബസിന്റെ വലിപ്പം കുറയുമെന്നാണ് മന്ത്രിയുടെ അറിയിപ്പ്.

