Connect with us

Kerala

വിവിധ മണ്ഡലങ്ങളില്‍ പോസ്റ്റര്‍; സ്നേഹമാണോ നിഗ്രഹമാണോ എന്നു സംശയം പ്രകടിപ്പിച്ച് കെ മുരളീധരന്‍

ഇത്തവണ കുഴിയില്‍ ചാടാനില്ലെന്നും മുരളീധരന്‍

Published

|

Last Updated

തൃശൂര്‍ | വിവിധ മണ്ഡലങ്ങളില്‍ കെ മുരളീധരന്‍ മത്സരിക്കണമെന്ന പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ട സാഹചര്യത്തില്‍ സ്നേഹമാണോ നിഗ്രഹമാണോ എന്നു സംശയം പ്രകടിപ്പിച്ച് കെ മുരളീധരന്‍.

ഇത്തവണ കുഴിയില്‍ ചാടാനില്ലെന്നും അദ്ദേഹം പറഞ്ഞു. പോസ്റ്റര്‍ എല്ലായിടത്തും ഉണ്ട്, ആകെ ഒരിക്കല്‍ മാത്രം കോണ്‍ഗ്രസ് വിജയിച്ച ചടയമംഗലത്തും പോസ്റ്ററുണ്ട്. പയ്യന്നൂരും കല്ല്യാശേരിയും മാത്രമേ പോസ്റ്റര്‍ ഇല്ലാത്തതുള്ളൂ. എപ്പോഴും മത്സരിക്കലല്ല കാര്യമെന്നും മുരളീധരന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മുരളീധരനെ കായംകുളത്ത് മത്സരിക്കണമെന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കോണ്‍ഗ്രസ് കൂട്ടായ്മ’യുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചത്. കേരളത്തിന്റെ മതേതര മുഖമാണ് കെ മുരളീധരന്‍. വിജയം സുനിശ്ചിതമാണെന്നും പോസ്റ്ററിലുണ്ട്. 2006 മുതല്‍ സിപിഎം ജയിക്കുന്ന മണ്ഡലമാണ് കായംകുളം.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരിതാ ബാബുവാണ് മണ്ഡലത്തില്‍ നിന്നും ജനവിധി തേടിയത്. കെ മുരളീധരനായി കഴിഞ്ഞദിവസം കോഴിക്കോട് തിരുവമ്പാടിയിലും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ‘കെ മുരളീധരന് മലയോര മണ്ണിലേക്ക് സ്വാഗതം’ എന്ന പോസ്റ്ററായിരുന്നു തിരുവമ്പാടിയില്‍ പതിച്ചത്. തിരുവമ്പാടി തിരിച്ചുപിടിക്കാന്‍ മതേതരത്വത്തിന്റെ കാവലാള്‍ വേണമെന്നും പോസ്റ്ററിലുണ്ടായിരുന്നു.

താന്‍ മത്സരിക്കണമോയെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ എന്നു പറഞ്ഞ മുരളീധരന്‍ തന്നെ ക്ഷണിക്കുന്നതിനു പിന്നില്‍ സ്നേഹമാണോ നിഗ്രഹമാണോ എന്നറിയില്ലെന്നും ഇത്തവണ കുഴിയില്‍ ചാടാനില്ലെന്നും ആവര്‍ത്തിക്കകുയാണ്.

 

Latest