Kerala
അടിമാലി മണ്ണിടിച്ചില്‍: വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതിമാരില്‍ ഭര്‍ത്താവ് മരിച്ചു
കൂമ്പന്‍പാറ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യ പരുക്കേറ്റ് ആശുപത്രിയില്‍.
ഇടുക്കി | അടിമാലി കൂമ്പന്‍പാറയില്‍ വീടിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് ഉള്ളില്‍ കുടുങ്ങിയ ദമ്പതിമാരില്‍ ഒരാള്‍ മരിച്ചു. കൂമ്പന്‍പാറ സ്വദേശി ബിജുവാണ് മരിച്ചത്. ബിജുവിന്റെ ഭാര്യ സന്ധ്യ പരുക്കേറ്റ് ആശുപത്രിയിലാണ്. സന്ധ്യയുടെ കാലിനാണ് ഗുരുതരമായി പരുക്കേറ്റത്. വിദഗ്ധ ചികിത്സക്കായി ഇവരെ രാജഗിരി ആശുപത്രിയിലേക്ക് മാറ്റി. ബിജുവിന്റെ മകന്‍ ഒരുവര്‍ഷം മുമ്പ് അര്‍ബുദബാധിതനായി മരിച്ചിരുന്നു. മകള്‍ കോട്ടയത്ത് നഴ്‌സിങ് വിദ്യാര്‍ഥിയാണ്.
കൊച്ചി-ധനുഷ്‌കോടി ദേശീയപാതയില്‍ അടിമാലി കൂമ്പന്‍പാറ ലക്ഷംവീട് കോളനിക്ക് സമീപത്താണ് മണ്ണിടിഞ്ഞത്. ആറ് വീടുകള്‍ക്ക് മുകളിലേക്കാണ് മണ്ണിടിഞ്ഞു വീണത്. രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ആറര മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനമാണ് ഇവിടെ നടത്തിയത്. 22 കുടുംബങ്ങളെ ഇന്നലെ രാവിലെ മാറ്റിപ്പാര്‍പ്പിച്ചിരുന്നു. ഈ മുന്‍കരുതലാണ് വന്‍ ദുരന്തം ഒഴിവാക്കിയത്. പോലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ഇന്നലെ രാത്രി പത്തരയോടെയായിരുന്നു അപകടം. 50 അടിയിലേറെ ഉയരമുള്ള തിട്ടയുടെ വിണ്ടിരുന്ന ഭാഗം ഇടിഞ്ഞ് പാതയിലേക്കും അടിഭാഗത്തുള്ള വീടുകളിലേക്കും പതിക്കുകയായിരുന്നു. അശാസ്ത്രീയ മണ്ണെടുപ്പാണ് അപകടത്തിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു.



