Articles
വിലാസം മാറിയെത്തിയ അടിമത്തം
ഭാരതം അമ്മയാണെന്നും രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഒരേ ചിന്തയില്‍ വളരണമെന്നും സൗജന്യ ഉപദേശം നല്‍കിയ ഔസേപ്പച്ചന്‍, 2024 ഒക്ടോബര്‍ 14ന് ആര്‍ എസ് എസിന്റെ വിജയദശമി പഥസഞ്ചലനവുമായി ബന്ധപ്പെട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയുമുണ്ടായി. വംശഹത്യാ പരമ്പരകളുടെ ഭീകരര്‍ക്ക് വിശുദ്ധരെന്ന സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടായിരുന്നു അന്നത്തെ പ്രഭാഷണം.
ജമൈക്കന്‍ കവിയും ഗാനരചയിതാവും സംഗീതജ്ഞനുമായ അലന്‍ ഹോപ്പ് മുതബരുക എന്നാണറിയപ്പെട്ടത്. റുവാണ്ടന്‍ കിന്‍യാര്‍വാണ്ട ഭാഷയില്‍ നിന്നാണ് ആ നാമസ്വീകരണം. എപ്പോഴും വിജയിക്കുന്നവന്‍ എന്നര്‍ഥം. അദ്ദേഹത്തിന്റെ കൃതികള്‍ കറുത്തവര്‍ഗ വിമോചനം, വംശീയത, ദാരിദ്ര്യം തുടങ്ങിയവക്കൊപ്പം സംസ്‌കാരം, രാഷ്ട്രീയം, വിവേചനം, സാമൂഹിക അടിച്ചമര്‍ത്തല്‍ എന്നിവയും അഭിസംബോധന ചെയ്തിട്ടുണ്ട്. അടിമത്തം ആഫ്രിക്കന്‍ പാരമ്പര്യമല്ല. അത് തങ്ങളുടെ ചരിത്രം തടസ്സപ്പെടുത്തിയെന്ന് പറഞ്ഞ മുതബരുക, ആ വ്യവസ്ഥ അവസാനിച്ചിട്ടില്ല, വിലാസം മാറ്റി എന്ന് മാത്രമാണെന്നും കൂട്ടിച്ചേര്‍ത്തു. മികച്ച സംഗീത സംവിധായകനുള്ള ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങള്‍ നേടിയ ഔസേപ്പച്ചന്‍ വീണ്ടും സംഘ്പരിവാര വേദിയിലെത്തിയത് ആ പ്രയോഗമാണ് ഓര്‍മിപ്പിച്ചത്.
തൃശൂരില്‍ സംസ്ഥാന വൈസ് പ്രസിഡന്റ്ബി ഗോപാലകൃഷ്ണന്‍ നയിച്ച വികസന മുന്നേറ്റ യാത്രയിലായിരുന്നു ഇതുവരെ ഇടതുപക്ഷക്കാരനായി അഭിനയിച്ച ഫക്രുദ്ദീന്‍ അലിയോടൊപ്പം ആ സാന്നിധ്യം. ഇരുവര്‍ക്കും നിയമസഭയിലേക്ക് മത്സരിക്കാന്‍ വാതില്‍ തുറന്നിട്ടിരിക്കുന്നുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ സ്വാഗതം. ഭാരതം അമ്മയാണെന്നും രാജ്യത്തിന് വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും ഒരേ ചിന്തയില്‍ വളരണമെന്നും സൗജന്യ ഉപദേശം നല്‍കിയ ഔസേപ്പച്ചന്‍, 2024 ഒക്ടോബര്‍ 14ന് ആര്‍ എസ് എസിന്റെ വിജയദശമി പഥസഞ്ചലനവുമായി ബന്ധപ്പെട്ട് തൃശൂര്‍ തേക്കിന്‍കാട് മൈതാനിയില്‍ നടന്ന പരിപാടിയില്‍ അധ്യക്ഷത വഹിക്കുകയുമുണ്ടായി. വംശഹത്യാ പരമ്പരകളുടെ ഭീകരര്‍ക്ക് വിശുദ്ധരെന്ന സ്ഥാനക്കയറ്റം നല്‍കിക്കൊണ്ടായിരുന്നു അന്നത്തെ പ്രഭാഷണം.
മറ്റുള്ളവരെ ബഹുമാനിക്കാനും സ്‌നേഹിക്കാനുമാണ് ആര്‍ എസ് എസ് പഠിപ്പിക്കുന്നത്. സംഘത്തിന് വേണ്ടി ജീവിതം സമര്‍പ്പിച്ച പ്രവര്‍ത്തകരെക്കുറിച്ച് മനസ്സിലാക്കി. ഇത്രയും മഹത്തരമായ സേവനം നടത്തുന്നവരെ വിശുദ്ധന്മാര്‍ എന്നാണ് വിളിക്കേണ്ടത്. മനുഷ്യ നന്മക്കായും നാടിനെ നന്നാക്കാനും അഹോരാത്രം പ്രവര്‍ത്തിക്കുന്ന സംഘത്തിന് പ്രണാമം. എല്ലാ ഭാരതീയരും ഒന്നാണ്. നമ്മള്‍ ഒന്നായി നില്‍ക്കുകയാണ് കാലത്തിന്റെ ആവശ്യം. ആര്‍ എസ് എസിന് വിശാലമായ മനസാണ്, പ്രവര്‍ത്തകരുടെ അച്ചടക്കം കണ്ടുപഠിക്കണം. സംഗീതത്തില്‍ ഏറ്റവും കൂടുതല്‍ പറയുന്ന കാര്യം അച്ചടക്കമാണ്. അത് നൂറ് ശതമാനം പാലിക്കുന്നത് ഇവിടെയല്ലാതെ മറ്റൊരിടത്തും കണ്ടിട്ടില്ല. ഒരു സമയത്ത് പോലും നിങ്ങളുടെ കൈ അനാവശ്യമായി ചലിക്കുന്നില്ല, ശബ്ദമുണ്ടാക്കുന്നില്ല. യോഗ ചെയ്യുന്നതും അച്ചടക്കം പാലിക്കുന്നതും ആര്‍ എസ് എസ് നല്‍കിയ പാഠങ്ങളാണ്. നാലര പതിറ്റാണ്ടായി ഞാന്‍ യോഗ ചെയ്യന്നു. വിശേഷ ദിവസങ്ങളില്‍ പ്രധാനമന്ത്രി യോഗ അഭ്യസിക്കുന്ന ചിത്രങ്ങള്‍ വരാറുണ്ടല്ലോ. അദ്ദേഹത്തിന്റെ മനസിന് കിട്ടുന്ന ധൈര്യവും ഉണര്‍വും ചിന്താശക്തിയും ആ വ്യായാമ മുറയില്‍ നിന്നാണ്… ഔസേപ്പച്ചന്റെ സ്തുതികള്‍ ഹിമാലയം മുട്ടി. അഹമ്മദാബാദിലെ ആശ്രമത്തിലെത്തി ആര്‍ എസ് എസിന്റെ അച്ചടക്കത്തെ കുറിച്ച് വാചാലരായ ചിലരോട് ഗാന്ധിജിയുടെ മറുപടി, നാസികളും അങ്ങനെയായിരുന്നുവെന്നായിരുന്നു.
ഉറച്ച ചോദ്യങ്ങള്‍
പഥസഞ്ചലനത്തില്‍ അണിനിരന്ന ഔസേപ്പച്ചനെ കാര്യമായി വിമര്‍ശിച്ച് സാമൂഹിക പ്രവര്‍ത്തക ശ്രീജ നെയ്യാറ്റിന്‍കര തുറന്ന കത്തെഴുതുകയുണ്ടായി. “പണ്ട് റേഡിയോയില്‍ ഗാനരചന ഒ എന്‍ വി കുറുപ്പ്, സംഗീതം ഔസേപ്പച്ചന്‍ എന്ന് കേള്‍ക്കുമ്പോഴേ ചുണ്ടില്‍ പുഞ്ചിരിയും ഹൃദയത്തില്‍ താങ്കളോടുള്ള സ്‌നേഹവും നിറയും. വാട്ടര്‍ ടാങ്കില്‍ ചോര്‍ച്ച സംഭവിച്ചാല്‍ എന്താകും സ്ഥിതി. അത് പോലെയാണ് ഒരൊറ്റ നിമിഷം കൊണ്ട് ആ സ്‌നേഹം മുഴുവന്‍ ഹൃദയത്തില്‍ നിന്ന് ചോര്‍ന്നില്ലാതായി പോയത്. വംശഹത്യാ പ്രത്യയശാസ്ത്രത്തെ താലോലിക്കുന്ന ആരെയും എന്റെ ഹൃദയം ദയാരഹിതമായി കുടഞ്ഞെറിയുന്നത് എത്രയോ തവണ അനുഭവപ്പെട്ടിരിക്കുന്നതിനാല്‍ അതില്‍ അത്ഭുതപ്പെട്ടില്ല.
സംഗീതത്തെ ദിവ്യവും ദൈവികവുമായാണ് കാണുന്നതെന്ന് താങ്കള്‍ പ്രസംഗിക്കുന്നത് കേട്ടു. ആര്‍ എസ് എസില്‍ പ്രവര്‍ത്തിക്കുന്നവരെ വിശുദ്ധരെന്ന് വിളിച്ചു. എന്ത് വിരോധാഭാസമാണിത്. സംഗീതത്തെ പ്രണയിക്കുന്നൊരു മനുഷ്യന് ബലാത്സംഗം രാഷ്ട്രീയമാക്കി നിരപരാധികളും നിസ്സഹായരുമായ ഒട്ടേറെ സ്ത്രീകളടക്കമുള്ള മനുഷ്യരെ വംശഹത്യചെയ്ത ഭീകരരെ എങ്ങനെ വിശുദ്ധരെന്ന് വിളിക്കാന്‍ കഴിയും. മുസ്‌ലിംകളുടെ, ക്രിസ്ത്യാനികളുടെ, കമ്മ്യൂണിസ്റ്റുകളുടെ ചോര വീഴ്ത്തുന്നതാണോ നാട് നന്നാക്കല്‍. എല്ലാ ഭാരതീയരുടെയും നന്മക്കാണ് ആര്‍ എസ് എസ് പ്രവര്‍ത്തനമെന്ന് എങ്ങനെ പറയാനാകുന്നു. ഹിംസാത്മക രാഷ്ട്രീയം മുന്നോട്ട് വെക്കുന്ന ഭീകര പ്രസ്ഥാനത്തെ നന്മയുടെയും വിശുദ്ധിയുടെയും പ്രതീകമായി അവതരിപ്പിക്കാന്‍ എങ്ങനെ കഴിഞ്ഞു.
ആര്‍ എസ് എസിനെ വിശുദ്ധരായി പ്രഖ്യാപിക്കുന്നത് കേട്ടപ്പോള്‍ ആ പ്രസ്ഥാനത്തിലെ 11 പേര്‍ ചേര്‍ന്ന് കൂട്ടബലാത്സംഗത്തിനിരയാക്കിയ അഞ്ച് മാസം ഗര്‍ഭിണിയായ ബില്‍ക്കീസ് ബാനുവായിരുന്നു മനസ് നിറയെ; കൊടും ഭീകരര്‍ ഭിത്തിയിലെറിഞ്ഞു കൊന്ന അവരുടെ മൂന്നര വയസ്സ് മാത്രമുണ്ടായ കുഞ്ഞായിരുന്നു. ബില്‍ക്കീസ് ബാനുവിനെ ശൂലമുനയില്‍ കോര്‍ത്തെടുത്ത പിടയ്ക്കുന്ന ഭ്രൂണമായിരുന്നു. രാജ്യസമാധാനം കെടുത്തുന്ന ചെകുത്താന്മാര്‍ക്ക് സംഗീതത്തെ ഉപാസിക്കുന്ന താങ്കള്‍ നല്‍കിയ “വിശുദ്ധ’ പട്ടം തിരിച്ചെടുക്കാന്‍ തയ്യാറാകണം’ എന്നിങ്ങനെയായിരുന്നു ആ കത്ത്.
പൂജ ശകുന്‍ പാണ്ഡെ വിളിച്ച ഭാരതാംബയോ?
ഔസേപ്പച്ചന്‍ പ്രകീര്‍ത്തിച്ചത് 2019 ജനുവരി 30ന് ഗാന്ധിജിയുടെ രൂപത്തിനു നേരെ വെടിയുതിര്‍ത്ത് അട്ടഹസിച്ച ഹിന്ദുമഹാസഭാ നേതാവ് പൂജ ശകുന്‍ പാണ്ഡെ പൂജിക്കുന്ന ഭാരതാംബയെയാണോ? മലേഗാവ് സ്ഫോടനത്തിന് നേതൃത്വം നല്‍കിയ ഹിന്ദുജാഗരണ്‍ മഞ്ച് നേതാവ് പ്രഗ്യാ സിംഗ് താക്കൂര്‍ എന്ന കപട സന്യാസിനി വിളിച്ചതാണോ? മാംസത്തിന്റെ പേരില്‍ ഹരിയാനയിലെ ഭിവാനിയില്‍ ജുനൈദ്, നാസര്‍ എന്നിവരെ വധിച്ച ബജ്‌റംഗ്ദള്‍ ക്രിമിനലുകള്‍ പൂജിച്ചതാണോ? 2008 ആഗസ്റ്റ് 24ന് ഒഡിഷയിലെ കന്ദമലില്‍ കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത ഹിന്ദുത്വ ഭീകരരായ സന്തോഷ് പട്നായിക്, ഗജേന്ദ്ര ദിഗല്‍, സരോജ് ബദേയ് എന്നിവര്‍ ആരാധിച്ചതാണോ? ഗുജറാത്ത് വംശഹത്യയില്‍ സ്ത്രീകളെ പെട്രോളൊഴിച്ച് കത്തിച്ച മായാബെന്‍ കൊദ്നാനിയുടെ നാവ് ഉരുവിട്ടതാണോ. കൊക്കെയ്ന്‍ കേസില്‍ അറസ്റ്റിലായ ബി ജെ പി യുവ നേതാവ് പമേല ഗോസ്വാമി ഭാരത് മാതാ കീ ജയ് വിളിച്ചതാണോ?
ഭാരതീയ ജനത യുവമോര്‍ച്ച (ബി ജെ വൈ എം) പശ്ചിമ ബംഗാള്‍ സംസ്ഥാന സെക്രട്ടറിയായ പമേല ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി കൊല്‍ക്കത്തയിലെ ന്യൂ അലിപൂരിലാണ് അറസ്റ്റിലായത്. പോലീസ് കൊണ്ടുപോകുമ്പോള്‍ “ഭാരത് മാതാ കീ ജയ്’ മുദ്രാവാക്യം വിളിച്ചു. പ്രബീര്‍ കുമാര്‍ ഡേ എന്ന സുഹൃത്തും അവരുടെ കാറിലുണ്ടായി. ഇരുവരെയും ദക്ഷിണ കൊല്‍ക്കത്തയിലെ പ്രദേശത്ത് നിന്ന് അറസ്റ്റ് ചെയ്തു. അവരുടെ സ്വകാര്യ അംഗരക്ഷകനെയും കസ്റ്റഡിയിലെടുത്തു.
ഹിറ്റ്ലര്‍ ഭരണകൂടവുമായി കൈകോര്‍ത്ത സംഗീതജ്ഞര്‍
മരണത്തിന്റെ മാലാഖയെന്ന് കുപ്രസിദ്ധനായ നാസി ഡോക്ടറായിരുന്നു ജോസഫ് മെംഗലെ. ഓഷ്വിറ്റ്‌സ് ബിര്‍കെനൗ പീഡന ക്യാമ്പിലെ തടവുകാരില്‍ അയാള്‍ ഗവേഷണവും പരീക്ഷണങ്ങളും നടത്തി. ഗ്യാസ് ചേംമ്പറുകളില്‍ കൊല്ലപ്പെടാന്‍ ഇരകളെ തിരഞ്ഞെടുക്കുന്ന ഡോക്ടര്‍മാരുടെ സംഘത്തില്‍ അംഗമായിരുന്നു. ഹിറ്റ്്ലര്‍ ഭരണകൂടവുമായി കൈകോര്‍ത്ത സംഗീതജ്ഞരില്‍ റിച്ചാര്‍ഡ് സ്‌ട്രോസ്, ഹെര്‍ബര്‍ട്ട് വോണ്‍ കരാജന്‍, വില്‍ഹെം ഫര്‍ട്ട്വാങ്‌ലര്‍ എന്നിവരാണ് പ്രമുഖര്‍. 1944 ആഗസ്റ്റില്‍ ഹിറ്റ്്്ലർ തയ്യാറാക്കിയ ദൈവിക പ്രതിഭയുള്ള കലാകാരന്മാരുടെയും സാംസ്‌കാരിക വ്യക്തിത്വങ്ങളുടെയും പട്ടികയില്‍ ആ പേരുകളും ഇടംപിടിച്ചു. അവരെയെല്ലാം പ്രത്യേക സംരക്ഷണത്തില്‍പ്പെട്ടവരായാണ് പരിഗണിച്ചത്. സൈനിക സേവനം ചെയ്യേണ്ടതില്ലായിരുന്നു.
ലോകപ്രശസ്ത സംഗീത സംവിധായകനും കണ്ടക്ടറുമായ സ്‌ട്രോസിന് നാസി പാര്‍ട്ടിയുമായി സങ്കീര്‍ണ ബന്ധമായിരുന്നു. അദ്ദേഹത്തിന്റെ അന്താരാഷ്ട്ര പ്രശസ്തി മുതലെടുത്ത നീക്കം ഭരണകൂടത്തിന്റെ പ്രചാരണ വിജയമായി മാറി. മരണ മാലാഖമാരുടെ ഇത്തരം കെട്ട പാരമ്പര്യം കരുത്തായി കരുതാനിടയുള്ള ഔസേപ്പച്ചന് രണ്ടാം ലോക യുദ്ധത്തിനു മുമ്പുള്ള ഒളിമ്പിക് മെഡല്‍ ജേതാവ് മരിയ ക്വാഷ്നിയേവ്സ്‌കയെ അറിയാനിടയില്ല. അസാധാരണമായ ആ ജീവിതം ആസ്പദമാക്കി “മരിയ’ എന്ന നാടകവുമുണ്ട്. 1936 ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ അന്നത്തെ നാസി ജര്‍മനിയുടെ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന സമ്മര്‍ ഒളിമ്പിക്‌സില്‍ പോളണ്ടിനായി വനിതാ ജാവലിനില്‍ അവര്‍ വെങ്കല മെഡല്‍ നേടി.
സ്വര്‍ണവും വെള്ളിയും ജര്‍മന്‍ അത്്ലറ്റുകളായ ഒതിലി ഫ്‌ലീഷറിനും ലൂയിസ് ക്രൂഗറിനുമായിരുന്നു. മൂന്ന് സമ്മാന ജേതാക്കളെയും അഭിനന്ദിക്കാന്‍ ഹിറ്റ്്ലര്‍ സ്റ്റേഡിയത്തില്‍ ഒരുക്കിയ പ്രത്യേക ക്യാബിനിലേക്ക് ക്ഷണിച്ചു. ഒപ്പം ഫോട്ടോയെടുക്കാന്‍ ക്വാഷ്നിയേവ്സ്‌കയെ വിളിച്ചപ്പോള്‍ താന്‍ ആ കൊച്ചു പോളണ്ടിനെ അഭിനന്ദിക്കുന്നുവെന്നാണ് പറഞ്ഞത്. ഹിറ്റ്്ലറേക്കാള്‍ ഉയരമുണ്ടായ അവള്‍ മറുപടി നല്‍കിയത്, താന്‍ താങ്കളേക്കാള്‍ ചെറുതാണെന്ന് തോന്നുന്നില്ലെന്നാണ്. ജനസഞ്ചയം കൂട്ടച്ചിരിയോടെയാണത് കേട്ടത്. നാസി സല്യൂട്ട് നല്‍കാനും ക്വാഷ്നിയേവ്സ്‌ക തയ്യാറായില്ല.
കാവിപ്പടയുടെ വഞ്ചനാ രാഷ്ട്രീയം
2025 സെപ്തംബര്‍ 13ന് അസമിലെ ഗുവാഹത്തിയില്‍ ഭൂപന്‍ ഹസാരികയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി. ഏറെ ആദരിക്കപ്പെടുന്ന ഹസാരികയുടെ ഗാനങ്ങളില്‍ മനുഷ്യത്വത്തിന്റെ പാഠങ്ങള്‍ അദ്ദേഹം അടിവരയിട്ടത് ഫലിതമായിരുന്നു. മരണശേഷം “ദേശീയ’ വാദികള്‍ ആ ഇതിഹാസ ഗായകനെ തങ്ങളുടെ നായകനായി ഉയര്‍ത്തിപ്പിടിക്കാന്‍ മത്സരിച്ചു. പ്രചരിപ്പിക്കുന്നതുപോലെ അദ്ദേഹം അഖണ്ഡ ഭാരതത്തിന്റെ സംരക്ഷകനായിരുന്നില്ല. ഏകീകൃത രാഷ്ട്രം എന്ന ആശയത്തോട് യോജിച്ചതുമില്ല. പഞ്ചാബി ഗായകനും നടനുമായ രാജ്്വീര്‍ ജവാന്ദയുടെ ജീവന്‍ റോഡപകടത്തില്‍ പൊലിഞ്ഞത് പശുരാഷ്ട്രീയം തീര്‍ത്ത കുരുക്കിലാണ്.
2025 സെപ്തംബര്‍ 27ന് ഗായകന്‍ സഹ ബൈക്ക് യാത്രക്കാര്‍ക്കൊപ്പം ഷിംലയിലേക്ക് പോകുന്നതിനിടെയായിരുന്നു അപകടം. തെരുവ് കന്നുകാലികള്‍ ഉള്‍പ്പെട്ട സംഭവം വന്‍ പ്രതിഷേധത്തിന് കാരണമായി. ജനങ്ങളില്‍ നിന്ന് ഈടാക്കുന്ന പശു സെസ്സ്, ഗോ ജാഗ്രതാ ഗ്രൂപ്പുകളുടെ പങ്ക് എന്നിവയെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ത്തുകയും ചെയ്തു. ബി ജെ പി ഭരണകൂടം കോടിക്കണക്കിന് രൂപ പശു സെസ്സ് പിരിച്ചിട്ടും പഞ്ചാബ്, ഹിമാചല്‍ പ്രദേശ്, ഹരിയാന സര്‍ക്കാറുകള്‍ തെരുവ് കന്നുകാലികളുടെ ശല്യം പരിഹരിക്കുന്നതില്‍ പരാജയപ്പെട്ടു. 2019 ജനുവരി ഒന്നിന് ഉത്തര്‍പ്രദേശ് മന്ത്രിസഭ പശു ഷെല്‍ട്ടറുകള്‍ക്ക് ഫണ്ട് സ്വരൂപിക്കുന്നതിന് രണ്ട് ശതമാനം സെസ്സ് ഏര്‍പ്പെടുത്തി. പശുക്ഷേമത്തിന് പ്രത്യേക മന്ത്രാലയമുള്ള ഒരേയൊരു സംസ്ഥാനം രാജസ്ഥാനാണ്. മന്ത്രി ഒതാരാം ദേവസിക്കാണ് ചുമതല.
പരമ്പരാഗതമായി കന്നുകാലികളെ ആശ്രയിക്കുന്ന റബാരി സമുദായത്തില്‍പ്പെട്ട അദ്ദേഹം ഗോപാലക മന്ത്രി (പശുക്ഷേമ മന്ത്രി)യെന്നാണ് സ്വയം വിശേഷിപ്പിക്കുന്നത്. തീറ്റയുടെയും പരിചരണത്തിന്റെയും അഭാവത്തില്‍ ഏറ്റവും വലിയ കന്നുകാലി മരണം ഒന്ന് രാജസ്ഥാനില്‍ നിന്നാണ് റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ഹിംഗോണിയ ഗോശാലയിലെ കന്നുകാലികളുടെ ദയനീയാവസ്ഥ മാധ്യമങ്ങള്‍ ഉയര്‍ത്തിക്കാട്ടുകയുമുണ്ടായി. 2016 ജനുവരി മുതല്‍ ജൂലൈ വരെ 8,000ത്തിലധികം പശുക്കള്‍ ചത്തതായി സമ്മതിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയും ചെയ്തു.


