Kerala
നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷന് കേന്ദ്രാനുമതി ലഭിച്ചതായി മന്ത്രി ജോര്‍ജ് കുര്യന്‍
നിര്‍മാണ പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കും. രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും.
കൊച്ചി | നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിന് കേന്ദ്ര റെയില്‍വേ ബോര്‍ഡിന്റെ അനുമതി. കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍ അറിയിച്ചതാണ് ഇക്കാര്യം. നിര്‍മാണ പ്രവൃത്തികള്‍ വൈകാതെ ആരംഭിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രണ്ടുവര്‍ഷത്തിനകം പൂര്‍ത്തിയാക്കും. വിമാനത്താവളത്തിന് വളരെ അടുത്താണ് റെയില്‍വേ സ്റ്റേഷന്‍ വരികയെന്നും വന്ദേ ഭാരത് ഉള്‍പ്പെടെ എല്ലാ ട്രെയിനുകളും സ്റ്റേഷനില്‍ നിര്‍ത്തുമെന്നും കുര്യന്‍ വിശദീകരിച്ചു. എയര്‍പോര്‍ട്ട് യാത്രക്കാര്‍ക്ക് സ്‌റ്റേഷന്‍ വളരെയധികം പ്രയോജനം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.
കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനെ ജോര്‍ജ് കുര്യന്‍ അടുത്തിടെ സന്ദര്‍ശിച്ചിരുന്നു. നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് റെയില്‍വേ സ്‌റ്റേഷനു വേണ്ടിയുള്ള നടപടികള്‍ ത്വരിതപ്പെടുത്തുമെന്ന് കുര്യന് അശ്വിനി വൈഷ്ണവ് ഉറപ്പു കൊടുത്തിരുന്നു. കഴിഞ്ഞ വര്‍ഷം പദ്ധതിയുമായി ബന്ധപ്പെട്ട വിന്‍ഡോ-ട്രെയിലിങ് ഇന്‍സ്പെക്ഷന്‍ നടത്തിയപ്പോള്‍ രെയില്‍വേ മന്ത്രി തന്നെയാണ് ഉദ്യോഗസ്ഥര്‍ക്ക് സ്റ്റേഷന്റെ സ്ഥാനമുള്‍പ്പെടെ കാണിച്ചുകൊടുത്തത്.
ജോര്‍ജ് കുര്യനും ഇന്‍സ്‌പെക്ഷനില്‍ പങ്കെടുത്തിരുന്നു. റെയില്‍വേ സ്റ്റേഷന്‍ നിര്‍മാണത്തിനായി നടപടി സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവിനും ജോര്‍ജ് കുര്യന്‍ നന്ദി അറിയിച്ചു.


