Connect with us

From the print

കൊടി കൈമാറ്റത്തിന് സ്വാദിഖലി തങ്ങളെ നിശ്ചയിച്ചിരുന്നില്ല: ജിഫ്രി തങ്ങള്‍

'പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരില്‍ നിന്ന് കൊടി വാങ്ങണമെന്ന് സ്വാഗത സംഘം കമ്മിറ്റി നേരത്തേ തീരുമാനിച്ചതാണ്. അപ്രകാരമാണ് നടന്നത്. മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്.'

Published

|

Last Updated

ഇടുക്കി/കോഴിക്കോട് | ഇ കെ വിഭാഗം യാത്രയില്‍ കൊടി കൈമാറ്റം നടത്തുന്നതിന് പാണക്കാട് സ്വാദിഖലി തങ്ങളെ നിശ്ചയിച്ചിട്ടില്ലെന്ന് ഇ കെ വിഭാഗം പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍.

പ്രൊഫ. കെ ആലിക്കുട്ടി മുസ്ലിയാരില്‍ നിന്ന് കൊടി വാങ്ങണമെന്ന് സ്വാഗത സംഘം കമ്മിറ്റി നേരത്തേ തീരുമാനിച്ചതാണ്. അപ്രകാരമാണ് നടന്നതെന്നും മറിച്ചുള്ള വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി.

മുന്‍കാലത്തും അങ്ങനെയാണ് നടന്നത്. ഹൈദരലി തങ്ങളുള്ള കാലത്ത് ചെറുശ്ശേരിയില്‍ നിന്നാണ് ബാപ്പു മുസ്ലിയാര്‍ പതാക സ്വീകരിച്ചത്. ഓരോ പരിപാടിയിലും പങ്കെടുക്കുന്നതിന് മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചിട്ടുണ്ട്. ഞങ്ങള്‍ ആരേയും ഒഴിവാക്കിയിട്ടില്ല. ഞങ്ങള്‍ക്ക് ആരുമായിട്ടും പിണക്കമില്ലെന്നും അദ്ദേഹം പറഞ്ഞു. സന്ദേശയാത്രയുടെ സ്വാഗതസംഘത്തില്‍ ചിലരെ ഉള്‍പ്പെടുത്തിയിട്ടില്ല എന്ന് ചില നേതാക്കള്‍ അറിയിച്ചതനുസരിച്ച് നാസര്‍ ഫൈസി കൂടത്തായിയെ ജാഥയുടെ അസ്സി. ഡയറക്ടറായി ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും തങ്ങള്‍ പറഞ്ഞു.

അതേസമയം, ലീഗ് നേതൃത്വവുമായുള്ള വിഷയംതാത്കാലികമായി പരിഹരിച്ചിട്ടുണ്ട്. യാത്രയുടെ ഉപനായകന്‍ എം ടി അബ്ദുല്ല മുസ്ലിയാര്‍ മലപ്പുറത്ത് വെച്ച് നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം.

പ്രശ്നം പരിഹരിച്ചെന്നും പാണക്കാട് സാദാത്തീങ്ങള്‍ യാത്രയില്‍ പങ്കെടുക്കുമെന്നും നാസര്‍ ഫൈസി ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. എന്നാല്‍, ജിഫ്രി തങ്ങളുടെ യാത്രയിലേക്ക് അകന്നുനിന്ന ചിലര്‍ ഇപ്പോള്‍ കയറിക്കുടാന്‍ ശ്രമിക്കുകയാണെന്ന് ഉമര്‍ ഫൈസി മുക്കം വ്യക്തമാക്കി. ഇതിന് വേണ്ടി ചിലര്‍ മറ്റു ചിലരെക്കൊണ്ട് ശിപാര്‍ശ ചെയ്യിച്ചതായും ഉമര്‍ ഫൈസി പറഞ്ഞു.