Kerala
മേയർ വി വി രാജേഷും ബിജെപി കൗൺസിലർമാരും നാളെ ഡൽഹിയിലേക്ക്; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും
തിരുവനന്തപുരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം.
തിരുവനന്തപുരം | തിരുവനന്തപുരത്ത് ബിജെപി നേതൃത്വം അധികാരത്തിലെത്തിയതിന് പിന്നാലെ മേയര്‍ വി വി രാജേഷും ബിജെപി കൗണ്‍സിലര്‍മാരും നാളെ ഡല്‍ഹിയിലേക്ക് പുറപ്പെടും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി നഗര വികസന വിഷയങ്ങളില്‍ കേന്ദ്രത്തിന്റെ പിന്തുണ തേടുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി സന്ദര്‍ശനം.
തിരുവനന്തപുരത്തിന്റെ സമഗ്ര വികസനം ലക്ഷ്യമിട്ട പദ്ധതികള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നേരിട്ടുള്ള പിന്തുണ ഉറപ്പാക്കുകയാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. നഗരത്തിന്റെ പ്രാഥമിക വികസന രേഖ ഇതിനകം തന്നെ പ്രധാനമന്ത്രിക്ക് കൈമാറിയിട്ടുണ്ടെന്നും, വാര്‍ഡ് സഭകള്‍ പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ വിശദമായ വികസന രേഖ സമര്‍പ്പിക്കുമെന്നും മേയര്‍ അറിയിച്ചു.
അതേസമയം, തലസ്ഥാനത്ത് അനധികൃതമായി പ്രവര്‍ത്തിക്കുന്ന സ്പാ സെന്ററുകള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേയര്‍ വി വി രാജേഷ് വ്യക്തമാക്കി. സ്പാകളുടെ മറവില്‍ ക്രോസ് മസാജിംഗ് ഉള്‍പ്പെടെയുള്ള അനധികൃത പ്രവര്‍ത്തനങ്ങള്‍ വ്യാപകമാണെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ഒത്താശ ചെയ്യുന്ന ഡോക്ടര്‍മാരുടെ വിവരം മെഡിക്കല്‍ കൗണ്‍സിലിനെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാഫിയ സംഘങ്ങളുമായി ചില പോലീസുകാര്‍ക്ക് സൗഹൃദമുണ്ടെന്ന വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നും, ഈ പശ്ചാത്തലത്തില്‍ പോലീസുമായി ചര്‍ച്ച നടത്തിയതായും മേയര്‍ വ്യക്തമാക്കി. തിരുവനന്തപുരം കോര്‍പറേഷന്‍ ലൈസന്‍സ് നല്‍കിയിട്ടുള്ള എല്ലാ സ്പാ സെന്ററുകളുടെയും രേഖകള്‍ പരിശോധിക്കാനും, ബന്ധപ്പെട്ട സ്ഥാപനങ്ങളില്‍ പരിശോധന നടത്താനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.




