From the print
തണുത്ത് വിറച്ച്
മൂന്നാറില്‍ പൂജ്യം ഡിഗ്രി സെല്‍ഷ്യസ്. വിനോദസഞ്ചാര മേഖലക്ക് ഗുണകരമാകും.
തിരുവനന്തപുരം | ശൈത്യകാലത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ തണുത്തുവിറച്ച് കേരളം. ഹൈറേഞ്ച് മേഖലകളില്‍ മഞ്ഞുവീഴ്ചയും തണുപ്പും കടുത്തതോടെ മൂന്നാറില്‍ താപനില പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ക്കായി കാത്തിരിക്കുന്ന സഞ്ചാരികളെ വരവേല്‍ക്കാന്‍ തണുപ്പ് പുതച്ച് മൂന്നാറും വയനാടും വട്ടവടയും ഒരുങ്ങി. ഇടുക്കിയില്‍ നല്ലതണ്ണി, നടയാര്‍, തെന്മല, കന്നിമല തുടങ്ങിയ ഉയര്‍ന്ന പ്രദേശങ്ങളിലാണ് ഏറ്റവും കൂടുതല്‍ തണുപ്പ് റിപോര്‍ട്ട് ചെയ്തത്. ഉള്‍പ്രദേശങ്ങളില്‍ മൈനസ് ഡിഗ്രി വരെ താപനില താഴ്ന്നു.
കടുത്ത ശൈത്യം പ്രകടമാക്കി ദേവികുളം മേഖലയില്‍ വാഹനങ്ങളുടെ മേല്‍ ഐസ് കണികകള്‍ രൂപപ്പെട്ടിരുന്നു. അടുത്ത അഞ്ച് ദിവസത്തേക്ക് സംസ്ഥാനത്ത് വരണ്ട കാലാവസ്ഥ തുടരുമെന്നാണ് പ്രവചനം. കടുത്ത തണുപ്പിനൊപ്പം അവധി ദിനങ്ങളും എത്തിയതോടെ ഹൈറേഞ്ച് പ്രദേശങ്ങളിലേക്ക് സഞ്ചാരികളുടെ വന്‍ ഒഴുക്കാണ് അനുഭവപ്പെടുന്നത്. കൊടും തണുപ്പ് അനുഭവപ്പെടുന്ന വട്ടവടയില്‍ പുതുവത്സരം വരെ മുഴുവന്‍ റിസോര്‍ട്ടുകളും ഹോം സ്റ്റേകളും ബുക്കിംഗ് പൂര്‍ത്തിയായതായി ഉടമകള്‍ പറയുന്നു.കഴിഞ്ഞ സീസണില്‍ താപനില മൈനസ് മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ താഴ്ന്ന മൂന്നാറിന്റെ ഉള്‍പ്രദേശങ്ങളില്‍ ഇത്തവണ ശൈത്യകാലത്തിന്റെ ആദ്യ ആഴ്ചകളില്‍ തന്നെ പൂജ്യം ഡിഗ്രി സെല്‍ഷ്യസിലെത്തി. പുല്‍മേടുകളില്‍ വ്യാപകമായി മഞ്ഞ് വീണതോടെ മൂന്നാറിലെ തേയിലത്തോട്ടങ്ങളും മലനിരകളും വെള്ള പുതച്ച നിലയിലാണ്.
കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 23ന് മൂന്നാറില്‍ മൈനസ് രണ്ട് ഡിഗ്രി സെല്‍ഷ്യസ് വരെ താപനില കുറഞ്ഞിരുന്നു. സാധാരണയായി ഡിസംബര്‍, ജനുവരി മാസങ്ങളിലാണ് മൂന്നാറില്‍ ഏറ്റവും കൂടുതല്‍ ശൈത്യം അനുഭവപ്പെടാറുള്ളത്.
വയനാട്ടിലും വിറപ്പിക്കുന്ന തണുപ്പ്
സാധാരണ നിലയില്‍ നിന്ന് വ്യത്യസ്തമായി വയനാട്ടിലും ഇത്തവണ തണുപ്പ് നേരത്തേ കടുത്തു. ജില്ലയിലെ പലയിടങ്ങളിലും താപനില 11 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. പുലര്‍ച്ചെ അസഹ്യമായ തണുപ്പാണ് അനുഭവപ്പെടുന്നത്. വടക്കന്‍ കേരളത്തില്‍ രാത്രിയും പുലര്‍ച്ചെയുമായി 12 ഡിഗ്രി സെല്‍ഷ്യസിലും താഴെയാണ് താപനില.
ശൈത്യം കൂട്ടിയത് കാറ്റിന്റെ ഗതിമാറ്റം
കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് പ്രവേശിക്കുന്ന കാറ്റിന്റെ ഗതിയാണ് വടക്കന്‍ കേരളത്തില്‍ തണുപ്പ് കൂടാന്‍ പ്രധാന കാരണമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ വിലയിരുത്തുന്നത്. സാധാരണ തമിഴ്നാട് വഴി എത്തുന്ന കാറ്റാണ് കേരളത്തില്‍ തണുപ്പ് എത്തിക്കാറുള്ളതെങ്കില്‍, ഇത്തവണ കര്‍ണാടകയില്‍ നിന്നുള്ള കാറ്റ് വയനാട് ഉള്‍പ്പെടെയുള്ള വടക്കന്‍ ജില്ലകളില്‍ അതിശൈത്യത്തിന് കാരണമാകുന്നു.




