Kerala
മാളിലെ ഏറ്റുമുട്ടല്‍; പഴി എസ് എഫ് ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നതായി സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്
നടന്നത് വ്യക്തിപരമായ സംഘര്‍ഷമാണെന്നും ഒരു പോലീസുകാരനെയും തല്ലാന്‍ എസ് എഫ് ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ്
തിരുവനന്തപുരം | തിരുവനന്തപുരത്തെ മാളില്‍ വെച്ച് ഏതാനും വിദ്യാര്‍ഥികളും പോലീസുകാരനും തമ്മിലുണ്ടായ ഏറ്റുമുട്ടലിന്റെ പഴി എസ്എഫ്ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നുവെന്ന് എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് എം ശിവപ്രസാദ്. നടന്നത് വ്യക്തിപരമായ സംഘര്‍ഷമാണെന്നും ഒരു പോലീസുകാരനെയും തല്ലാന്‍ എസ് എഫ് ഐ ആഹ്വാനം ചെയ്തിട്ടില്ലെന്നും ശിവപ്രസാദ് ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഒരു സംഘര്‍ഷത്തെയും എസ് എഫ് ഐ അനുകൂലിക്കുന്നില്ല. എസ് എഫ് ഐയുടെ തലയില്‍ ഇടാന്‍ ചിലര്‍ നോക്കുന്നു. ഒരു വടിയായി എസ് എഫ് ഐക്ക് ബന്ധമില്ലാത്ത വിഷയങ്ങള്‍ ഉപയോഗിക്കുന്നു. ചെറിയ ശതമാനം പുഴുക്കുത്തുകള്‍ പോലീസിലും ഉണ്ട്. അത്തരക്കാര്‍ക്ക് എതിരെ ശക്തമായ നടപടി സ്വീകരിച്ചതാണ് സമീപകാല അനുഭവമെന്നും ശിവപ്രസാദ് ചൂണ്ടിക്കാട്ടി.
ശനിയാഴ്ച രാത്രി തിരുവനന്തപുരത്തെ മാള്‍ ഓഫ് ട്രാവന്‍കൂറിലായിരുന്നു സംഭവം. മെഡിക്കല്‍ ലീവിലായിരുന്ന പോലീസുകാരന്‍ മിഥുന്‍ കുടുംബത്തോടൊപ്പം മാളില്‍ എത്തിയതായിരുന്നു. ഈ സമയം പിന്തുടര്‍ന്നെത്തിയ ഏതാനും വിദ്യാര്‍ഥികള്‍ ആക്രമിച്ചു എന്നാണ് മിഥുന്റെ ആരോപണം. ഇതിനിടെ കൈയില്‍ ഉണ്ടായിരുന്ന ഇടിവള ഉപയോഗിച്ച് മിഥുന്‍ തിരിച്ച് വീശി. ഇത് വിദ്യാര്‍ഥികളില്‍ ഒരാളുടെ ദേഹത്ത് കൊണ്ടു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ശംഖുമുഖം ബീച്ചിലെ ന്യൂ ഇയര്‍ രാത്രിയില്‍ സമയപരിധി കഴിഞ്ഞപ്പോള്‍ ഡി ജെ പാര്‍ട്ടി അവസാനിപ്പിക്കാന്‍ പോലീസ് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് എസ് എഫ് ഐക്കാരും പോലീസും തമ്മില്‍ വാക്കേറ്റം ഉണ്ടായി. അന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകരടക്കം അവിടെ കൂടിയവരെ മര്‍ദിച്ച സംഘത്തില്‍ മിഥുനും ഉണ്ടായിരുന്നു.


