Connect with us

Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ അലവലാതി എന്ന് അധിക്ഷേപിച്ച് കെ പി സി സി വക്താവ്

ഇയാള്‍ക്ക് കേരളത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേ? എന്നും ചോദ്യം

Published

|

Last Updated

തിരുവനന്തപുരം | പിണറായി വിജയന്‍ സര്‍ക്കാരിനെ പ്രശംസിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മണി ശങ്കര്‍ അയ്യരെ അലവലാതി എന്ന് അധിക്ഷേപിച്ച് കെ പി സി സി വക്താവ് ജിന്റോ ജോണ്‍. ഈ അലവലാതിയെ ഇനിയും കോണ്‍ഗ്രസ് ചുമക്കണോ എന്നാണ് വക്താവ് ഫേസ് ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നത്.

കാലത്തോടും സാധാരണ മനുഷ്യരോടും ഒരു കാലത്തും ചേര്‍ന്നുനില്‍ക്കാത്ത ബുദ്ധിജീവിയാണ് മണി ശങ്കര്‍ അയ്യര്‍. ഇയാളുടെ വിടുവായിത്തം കൊണ്ടുകൂടി അധികാരത്തില്‍ കയറിയ മോദിയെ താഴെയിറക്കാന്‍ ഒരു കോപ്പും ചെയ്യാനാവാത്ത ആളാണ് ഇപ്പോള്‍ ‘കേരളത്തിലെ മോദി’യെ പുകഴ്ത്താന്‍ ഇറങ്ങിയത്. ഇയാള്‍ക്ക് കേരളത്തിലെ മനുഷ്യര്‍ അനുഭവിക്കുന്ന ദുരിത ജീവിതത്തെക്കുറിച്ച് എന്ത് തേങ്ങയാണ് അറിയാവുന്നത്. ഒന്നുമില്ലെങ്കില്‍ മിണ്ടാതിരിക്കാനുള്ള വകതിരിവെങ്കിലും വേണ്ടേ? ഈ ശങ്കരയ്യരുടെ മണികിലുക്കം കേട്ട് പിണറായിസ്റ്റുകള്‍ ആരും തുള്ളേണ്ടെന്നും ജിന്റോ ജോണ്‍ പറയുന്നു.

സാധാരണക്കാരുടെ ജീവിതദുരിതങ്ങളുടെ നേരനുഭവങ്ങള്‍ ഇല്ലാത്ത അയ്യരല്ല മലയാളിയുടെ രാഷ്ട്രീയത്തിന് വിലയിടേണ്ടത്. അയ്യര്‍ ആണ് ശരിയെങ്കില്‍ ഈ സര്‍ക്കാരിന്റെ തെമ്മാടിത്തരങ്ങള്‍ക്കെതിരെ നിരന്തര സമരങ്ങള്‍ ചെയ്ത് അതിക്രൂര മര്‍ദ്ദനങ്ങളും ജയില്‍വാസവും കേസുകളും നേരിടുന്ന കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ എസ് യു, മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെയൊക്കെ പോരാട്ടങ്ങള്‍ തെറ്റാകണ്ടേ? പുതുയുഗ യാത്ര തെറ്റാകണ്ടേ? ലോകസഭ, നിയമസഭ ഉപതിരഞ്ഞെടുപ്പുകള്‍, തദ്ദേശ തിരഞ്ഞെടുപ്പുകള്‍ ഒക്കെ സിപിഎമ്മിനെ തോല്‍പ്പിച്ച കേരളത്തിലെ സാധാരണ മനുഷ്യര്‍ തെറ്റായിരുന്നോ? ഒരിക്കലുമല്ല.

മണിശങ്കര്‍ ആയ്യര്‍ തന്നെയാണ് തെറ്റ്. കാലിക രാഷ്ട്രീയത്തിന്റെ സാമാന്യബോധങ്ങള്‍ നഷ്ടപ്പെട്ട വലിയ തെറ്റ്. അയ്യരും അയ്യരുടെ വേണ്ടപ്പെട്ടവരുമല്ല, എന്റെ സഹപ്രവര്‍ത്തകരും സുഹൃത്തുക്കളുമാണ് പിണറായി വേട്ടയുടെ പക അറിയുന്നത്. ശീതള സുഖത്തില്‍ സൗകര്യപൂര്‍വ്വം ജീവിച്ചുകൊണ്ട് നില്‍ക്കുന്ന ഇടത്തെ ഒറ്റുകൊടുക്കുന്ന അയ്യരല്ല, ജീവിതാനുഭവങ്ങളില്‍ നിന്ന് ഈ സര്‍ക്കാരിനോട് ‘കടക്ക് പുറത്ത്’ എന്ന് അലമുറയിടുന്ന സാധാരണ മനുഷ്യരാണ് കോണ്‍ഗ്രസ്സിന്റെ യഥാര്‍ത്ഥ നാവ്. ഗാന്ധിജി കണ്ട സ്വപ്‌നം പിണറായി സര്‍ക്കാര്‍ ചെയ്യുന്നത് പോലുള്ള കൊള്ളയടിയും തെമ്മാടിത്തരങ്ങളും വ്യാജ പ്രചരണങ്ങളുമല്ല. അവസാനത്തെ മനുഷ്യരെ വരെ ചേര്‍ത്തുനിര്‍ത്തുന്ന ജനാധിപത്യ ഉള്‍ചേര്‍ക്കല്‍ ആണ്.

സാധാരണ പൗരരെ ആട്ടിയോടിച്ചിട്ട് പൗരപ്രമുഖര്‍ക്ക് സത്ക്കാരം നടത്തുന്ന ഫാസിസ്റ്റിനെ പുകഴ്ത്തുന്നത് ഗാന്ധിയോട് ഉപമിച്ചല്ല ചെയ്യേണ്ടത്. പ്രത്യയശാസ്ത്രപരമായ ദ്രോഹമാണത്. സാധാരണക്കാരെ മുതല്‍ ശബരിമല ശാസ്താവിനെ വരെ കൊള്ളയടിക്കുന്ന, മനുഷ്യരെ ജാതി -മത -വര്‍ഗ്ഗീയ -വിദ്വേഷ രാഷ്ട്രീയത്തിന്റെ സാധ്യതയില്‍ ഒറ്റുകൊടുക്കുന്ന പിണറായി സര്‍ക്കാരിന് ഒരു ഊഴം ഇനിയില്ല. അത് ഏത് അയ്യരെ കൊണ്ട് തത്തപേച്ച് നടത്തിച്ചാലും തീര്‍ച്ചയാണ്. അയ്യര്‍ക്ക് വിശ്രമമാകാം. സ്ഥലകാല വിഭ്രമത്തിന് മരുന്ന് വാങ്ങിക്കണം. നെല്ലിക്കാത്തളം നല്ലതാകാം എന്നും കുറിപ്പില്‍ പറയുന്നു.

Latest