Connect with us

National

താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും

ഫെബ്രുവരി 17-ന് ധാക്കയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും, അന്നേദിവസം മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചകൾ നിശ്ചയിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിക്കില്ല.

Published

|

Last Updated

ന്യൂഡൽഹി | ബംഗ്ലാദേശ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട താരിഖ് റഹ്മാന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ലോക്സഭാ സ്പീക്കർ ഓം ബിർള പങ്കെടുക്കും. ഫെബ്രുവരി 17-ന് ധാക്കയിൽ നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിച്ചിരുന്നെങ്കിലും, അന്നേദിവസം മുംബൈയിൽ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായുള്ള ഉഭയകക്ഷി ചർച്ചകൾ നിശ്ചയിച്ചിട്ടുള്ളതിനാൽ അദ്ദേഹത്തിന് യാത്ര ചെയ്യാൻ സാധിക്കില്ല.

ബംഗ്ലാദേശുമായുള്ള ബന്ധത്തിന് ഇന്ത്യ നൽകുന്ന പ്രാധാന്യവും ഇരുരാജ്യങ്ങളും പങ്കിടുന്ന ജനാധിപത്യ മൂല്യങ്ങളുമാണ് ഓം ബിർളയുടെ സാന്നിധ്യം അടിവരയിടുന്നതെന്ന് ഔദ്യോഗിക പ്രസ്താവനയിൽ സർക്കാർ വ്യക്തമാക്കി. 2024-ൽ ഷെയ്ഖ് ഹസീന പുറത്താക്കപ്പെട്ടതിന് ശേഷം നടന്ന ആദ്യ ദേശീയ തിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (ബിഎൻപി) വൻ വിജയം നേടിയതോടെയാണ് താരിഖ് റഹ്മാൻ അധികാരമേൽക്കുന്നത്.

സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് ഇന്ത്യക്ക് പുറമെ പാകിസ്ഥാൻ, ചൈന, സൗദി അറേബ്യ തുടങ്ങി 13 രാജ്യങ്ങളെ മുഹമ്മദ് യൂനസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ ക്ഷണിച്ചിട്ടുണ്ട്. പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ചടങ്ങിൽ പങ്കെടുത്തേക്കും. പാർലമെന്റിലെ 297 സീറ്റുകളിൽ 209 എണ്ണവും നേടിയാണ് ബിഎൻപി രണ്ട് പതിറ്റാണ്ടിന് ശേഷം അധികാരത്തിലേക്ക് തിരിച്ചെത്തുന്നത്. സഖ്യകക്ഷിയായ ജമാഅത്തെ ഇസ്‌ലാമി 68 സീറ്റുകൾ നേടി. ഷെയ്ഖ് ഹസീനയുടെ അവാമി ലീഗിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ വിലക്കുണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ, 17 വർഷത്തെ ലണ്ടനിലെ പ്രവാസ ജീവിതത്തിന് ശേഷമാണ് രാഷ്ട്രീയത്തിന്റെ മുൻനിരയിലേക്ക് തിരിച്ചെത്തിയത്.

തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ താരിഖ് റഹ്മാനെ ഫോണിൽ വിളിച്ച് അഭിനന്ദിച്ച പ്രധാനമന്ത്രി മോദി, ബംഗ്ലാദേശിന്റെ സമാധാനത്തിനും പുരോഗതിക്കും ഇന്ത്യയുടെ പിന്തുണ വാഗ്ദാനം ചെയ്തു. എന്നാൽ, അയൽരാജ്യങ്ങളായ ഇന്ത്യ, ചൈന, പാകിസ്ഥാൻ എന്നിവയുമായി സന്തുലിതമായ ബന്ധമായിരിക്കും ബംഗ്ലാദേശ് ആഗ്രഹിക്കുന്നതെന്നും ഒരു രാജ്യത്തെയും ‘യജമാനനായി’ കാണുന്നില്ലെന്നും താരിഖ് റഹ്മാൻ പ്രതികരിച്ചു. പരസ്പര ബഹുമാനത്തോടെയും ഓരോ രാജ്യത്തിന്റെയും ആശങ്കകൾ പരിഗണിച്ചും ഇന്ത്യയുമായി ക്രിയാത്മകമായ ബന്ധമാണ് ബിഎൻപി പ്രതീക്ഷിക്കുന്നത്.

---- facebook comment plugin here -----

Latest