From the print
ശബരിമല സ്വര്‍ണക്കൊള്ള: ഇടപാട് ബോര്‍ഡിന്റെ അറിവോടെ
വിജയകുമാറിനും ശങ്കരദാസിനും കുരുക്ക് മുറുകുന്നു.
തിരുവനന്തപുരം | ശബരിമല സ്വര്‍ണക്കൊള്ളയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അംഗങ്ങളായ കെ പി ശങ്കരദാസിനും എന്‍ വിജയകുമാറിനും കുരുക്ക് മുറുകുന്നു. ഇവര്‍ക്കെതിരായാണ് കേസിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി. ദേവസ്വം ബോര്‍ഡ് അറിഞ്ഞുകൊണ്ടാണ് എല്ലാം ചെയ്തത് എന്നാണ് പോറ്റി മൊഴി നല്‍കിയത്. സ്വര്‍ണപ്പാളി കൈമാറാനുള്ള മുന്‍ പ്രസിഡന്റ്എ പത്മകുമാറിന്റെ തീരുമാനത്തെ ബോര്‍ഡ് അംഗീകരിച്ചതിനും തെളിവുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇരുവരെയും പ്രത്യേകം പ്രതിചേര്‍ക്കാനാണ് എസ് ഐ ടി നീക്കം. ഇവരെ ഉടന്‍ ചോദ്യം ചെയ്യലിനായി വിളിച്ചുവരുത്തും. നേരത്തേ ഇവരെ ചോദ്യം ചെയ്തപ്പോള്‍ പത്മകുമാര്‍ ഒറ്റക്കാണ് എല്ലാ തീരുമാനവും എടുത്തതെന്നും തങ്ങള്‍ക്ക് പങ്കില്ലെന്നുമാണ് ഇവര്‍ പറഞ്ഞത്.
തട്ടിപ്പിനായി സ്വര്‍ണം വേര്‍തിരിച്ചെടുത്ത ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് സി ഇ ഒ പങ്കജ് ഭണ്ഡാരിക്കും തട്ടിയെടുത്ത സ്വര്‍ണം വാങ്ങിയ ബെല്ലാരിയിലെ റൊദാം ജ്വല്ലറി ഉടമ ഗോവര്‍ധനും മുന്നേ ഉണ്ണികൃഷ്ണന്‍ പോറ്റിയെ എസ് ഐ ടി ചോദ്യംചെയ്തിരുന്നു. അപ്പോഴാണ് പത്മകുമാര്‍ ഒറ്റക്ക് എടുത്ത തീരുമാനമായിരുന്നില്ലെന്നും ബോര്‍ഡ് അംഗങ്ങളായ കെ പി ശങ്കരദാസിനും എന്‍ വിജയകുമാറിനും സ്വര്‍ണക്കൈമാറ്റത്തെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്നും പോറ്റി മൊഴി നല്‍കിയത്. മൂവരും ചേര്‍ന്നെടുത്ത ദേവസ്വം ബോര്‍ഡിന്റെ തീരുമാന പ്രകാരമാണ് തനിക്ക് പാളികള്‍ കൈമാറിയതെന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ മൊഴി.
ഇക്കാര്യം പത്മകുമാറും നേരത്തേ മൊഴി നല്‍കിയിരുന്നു. ഒറ്റക്കല്ല തീരുമാനമെടുത്തതെന്നും അതൊരു കൂട്ടുത്തരവാദിത്വമാണെന്നും തന്നോടൊപ്പമുണ്ടായിരുന്ന മറ്റ് രണ്ട് അംഗങ്ങള്‍ക്കും പങ്കുണ്ടെന്നുമാണ് പത്മകുമാര്‍ പറഞ്ഞത്. ഇതോടെ സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഉന്നതരിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങുകയാണ് പ്രത്യേക അന്വേഷണസംഘം (എസ് ഐ ടി). അന്വേഷണം മന്ദഗതിയിലായതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം എസ് ഐ ടിക്ക് എതിരെ രൂക്ഷ വിമര്‍ശമുന്നയിച്ചിരുന്നു. കഴിഞ്ഞ മാസം അഞ്ചിന് ശേഷം അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ല എന്നായിരുന്നു ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.




