ഇറാൻ മണ്ണിൽ അമേരിക്കയും ഇസ്റാഈലും സംയുക്തമായി അഴിച്ചുവിട്ട ‘ഓപ്പറേഷൻ എപിക് ഫ്യൂറി’ ഏഴാം ദിവസത്തിലേക്ക് കടക്കുമ്പോൾ പുറത്തുവരുന്ന കണക്കുകൾ ലോകത്തെ ഞെട്ടിക്കുന്നതാണ്. വെറും 100 മണിക്കൂർ പിന്നിട്ടപ്പോൾ 3.7 ബില്യൺ ഡോളർ (ഏകദേശം 31,000 കോടി രൂപ) വാഷിങ്ടൺ യുദ്ധത്തിനായി ചെലവിട്ടു കഴിഞ്ഞു എന്ന റിപ്പോർട്ട് ആധുനിക ലോകം നേരിടുന്ന ഏറ്റവും വലിയ വൈരുദ്ധ്യത്തെയാണ് ചൂണ്ടിക്കാട്ടുന്നത്. ഒരു വശത്ത് പട്ടിണിയും പണപ്പെരുപ്പവും ആഗോള സമ്പദ്‌വ്യവസ്ഥയെ ശ്വാസം മുട്ടിക്കുമ്പോൾ, മറുവശത്ത് പ്രതിദിനം 900 മില്യൺ ഡോളർ ബോംബുകൾക്കും മിസൈലുകൾക്കുമായി ആകാശത്തേക്ക് എറിഞ്ഞുകൊടുക്കുന്നു.







