Editors Pick
സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുന്നവർ ശ്രദ്ധിക്കുക: ആർ സി ഉടമസ്ഥാവകാശ കൈമാറ്റം വൈകിയാൽ വാഹനം ഡീലറുടേതാകും; നിയമ ഭേദഗതി ഉടൻ
വാഹനം വാങ്ങിയ ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റുന്നത് വെച്ചുതാമസിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനാണ് നടപടി
ന്യൂഡൽഹി | വാഹനം വാങ്ങി ആറ് മാസത്തിനുള്ളിൽ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് (Registration Certificate – RC) ഉടമസ്ഥാവകാശ കൈമാറ്റം പൂർത്തിയാക്കിയില്ലെങ്കിൽ വാഹനം ഡീലറുടെ പേരിലേക്ക് സ്വയമേവ മാറും (Automatic Ownership Transfer) വിധത്തിൽ കേന്ദ്ര സർക്കാർ പുതിയ നിയമ ഭേദഗതി നിർദ്ദേശിച്ചു. ഇന്ത്യയിലെ വാഹന രജിസ്ട്രേഷൻ പ്രക്രിയയിലെ പോരായ്മകൾ പരിഹരിക്കുന്നതിനാണ് ഈ നീക്കം.
വാഹനം വാങ്ങി ആറ് മാസത്തെ നിശ്ചിത സമയത്തിനുള്ളിൽ വാങ്ങി ഉടമസ്ഥാവകാശ കൈമാറ്റ നടപടികൾ പൂർത്തിയാക്കിയില്ലെങ്കിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശത്തിന്റെ ഉത്തരവാദിത്തം അത് വിറ്റ ഡീലർക്ക് തന്നെയായി മാറും. വാഹനം വാങ്ങിയ ശേഷം രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് മാറ്റുന്നത് വെച്ചുതാമസിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യുന്ന പ്രവണത അവസാനിപ്പിക്കാനാണ് ഇത്. ആർ ടി ഒ രേഖകളിൽ പഴയ ഉടമയോ ഡീലറോ നേരിടുന്ന നിയമപരമായ ബാധ്യതകൾ ഒഴിവാക്കാൻ ഇത് സഹായിക്കും.
ഇതോടൊപ്പം ഉടമസ്ഥാവകാശ കൈമാറ്റത്തിനുള്ള യോഗ്യതാ മാനദണ്ഡങ്ങളും സർക്കാർ കർശനമാക്കിയിട്ടുണ്ട്. സാധുവായ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ്, മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് (Pollution Under Control – PUC) എന്നിവയില്ലാത്ത വാഹനങ്ങളുടെ ഉടമസ്ഥാവകാശ കൈമാറ്റം അനുവദിക്കില്ല. കൂടാതെ, ട്രാഫിക് ചലാനുകൾ, അടയ്ക്കാത്ത നികുതി കുടിശ്ശികകൾ എന്നിവയുള്ള വാഹനങ്ങളുടെ കൈമാറ്റവും ഇവ തീർപ്പാക്കുന്നത് വരെ തടയും.

വാഹനം വാങ്ങുന്നവർക്കും സെക്കൻഡ് ഹാൻഡ് വാഹന ഡീലർമാർക്കും ഈ നിർദ്ദേശം വലിയ മാറ്റമുണ്ടാക്കും. കൃത്യസമയത്ത് പേപ്പർവർക്കുകൾ പൂർത്തിയാക്കാൻ ഇരുവിഭാഗവും ശ്രദ്ധിക്കേണ്ടിവരും. നടപടികൾ പൂർത്തിയായില്ലെങ്കിൽ വാഹനത്തിന്റെ ഉടമസ്ഥാവകാശവും അനുബന്ധ നിയമബാധ്യതകളും ആറ് മാസത്തിന് ശേഷം ഡീലർക്ക് തന്നെ തിരികെ ലഭിക്കുമെന്നതിനാൽ ഡീലർമാർക്ക് ഉപഭോക്താക്കളെ കൊണ്ട് നടപടികൾ വേഗത്തിലാക്കാൻ പ്രേരണയാകും.
പുതിയ മാറ്റങ്ങൾ കരട് വിജ്ഞാപനമായാണ് (Draft Notification) അവതരിപ്പിച്ചിട്ടുള്ളത്. അതിനാൽ ഇവ നിലവിൽ നിയമപരമായി പ്രാബല്യത്തിൽ വന്നിട്ടില്ല. വിജ്ഞാപനം ഇറങ്ങിയ തീയതി മുതൽ 30 ദിവസത്തിനുള്ളിൽ ഡീലർമാർ, വ്യവസായ സ്ഥാപനങ്ങൾ, പൊതുജനങ്ങൾ എന്നിവരിൽ നിന്ന് അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ക്ഷണിച്ചിട്ടുണ്ട്. ലഭിക്കുന്ന പ്രതികരണങ്ങൾ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ നിയമം രൂപീകരിക്കുക.
ഈ നിയമം പ്രാബല്യത്തിൽ വരുന്നതോടെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് പേരിൽ മാറ്റാതെ വാഹനങ്ങൾ തുടർച്ചയായി ഉപയോഗിക്കുന്ന രീതി അവസാനിക്കും. മുൻ ഉടമസ്ഥരുടെ പേരിൽ കിടക്കുന്ന വാഹനങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്ന ട്രാഫിക് ലംഘനങ്ങൾ, അപകട ബാധ്യതകൾ, നികുതി കുടിശ്ശികകൾ തുടങ്ങിയ തർക്കങ്ങൾക്ക് പരിഹാരമാകാൻ ഇത് സഹായിക്കും.
Content Highlights
The Indian government has issued a draft notification proposing automatic transfer of vehicle ownership back to dealers if buyers fail to complete the RC transfer within six months. The rule aims to eliminate pending liabilities regarding traffic challans, taxes, and accident claims on previous owners. Transfer of ownership will also require valid insurance, PUC certificate, and clearance of all unpaid dues.




