Connect with us

National

വാംഖഡെയിൽ ഇന്ന് ഇന്ത്യ- ഇംഗ്ലണ്ട് സെമി പോരാട്ടം

ഇന്ത്യയെപ്പോലെ തന്നെ ഇംഗ്ലണ്ടും രണ്ട് തവണയാണ് ടി20യിൽ ചാമ്പ്യന്മാരായത്.

Published

|

Last Updated

മുംബൈ | മൂന്നാം ടി20 ലോകകപ്പ് കിരീടം സ്വന്തം മണ്ണിൽ ഉയർത്താനുള്ള യാത്രയിൽ ഇന്ത്യക്കിന്ന് എതിരാളികളായി ഇംഗ്ലണ്ട്. രണ്ട് വിജയങ്ങൾ അകലെ കിരീടം കാത്തിരിക്കുകയാണ്. രണ്ടാം സെമി ഫൈനൽ പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യ മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ ഇംഗ്ലീഷുകാരെ നേരിടും. ഇന്ത്യയെപ്പോലെ തന്നെ ഇംഗ്ലണ്ടും രണ്ട് തവണയാണ് ടി20യിൽ ചാമ്പ്യന്മാരായത്.

സഞ്ജു സാംസണിന്റെ വെടിക്കെട്ട് ബാറ്റിംഗിൽ വെസ്റ്റിൻഡീസിനെ അഞ്ച് വിക്കറ്റിന്ത കർത്താണ് ഇന്ത്യ സെമിയിലെത്തിയത്. സൂപ്പർ എട്ടിൽ പാകിസ്താനെ രണ്ട് വിക്കറ്റിനും ന്യൂസിലാൻഡിനെ നാല് വിക്കറ്റിനും തകർത്താണ് ഇംഗ്ലണ്ടും സെമി ടിക്കറ്റെടുത്തത്. ടി20 ലോകകപ്പ് സെമിഫൈനലുകളിൽ തുടർച്ചയായ മൂന്നാം തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും ഏറ്റുമുട്ടുന്നത്. 2022ൽ ഇംഗ്ലണ്ട്  വിജയിച്ചപ്പോൾ 2024ൽ ഇന്ത്യ കണക്ക് തീർത്തു. സ്വന്തം മണ്ണിൽ ഇംഗ്ലണ്ടിനെ തകർത്ത് ഫൈനലിലേക്ക് മുന്നേറാനുള്ള അവസരമാണ് സൂര്യകുമാർ യാദവിനും സംഘത്തിനും ലഭിച്ചിരിക്കുന്നത്.

ടി20യിൽ ഇരു ടീമുകളും തമ്മിലുള്ള നിർണായക പോരാട്ടം നടന്നത് 2022 ആസ്‌ത്രേലിയ ടി20 ലോകകപ്പ് സെമിയിലായിരുന്നു. അന്ന് ഇംഗ്ലണ്ടിനായിരുന്നു ജയം. രണ്ട് വർഷത്തിന് ശേഷം ഗയാനയിൽ ടി20 ലോകകപ്പ് സെമിയിൽ വീണ്ടും ഇംഗ്ലണ്ടിനെ എതിരാളികളായി ലഭിച്ച ഇന്ത്യ 2022ലെ കണക്ക് തീർക്കുകയും ഫൈനലിലേക്ക് മുന്നേറുകയും ചെയ്തു.

വാംഖഡെ സ്റ്റേഡിയത്തിൽ ആറ് ടി20 മത്സരങ്ങളാണ് ഇംഗ്ലണ്ട് കളിച്ചിട്ടുള്ളത്. അതിൽ മൂന്നെണ്ണം ജയിക്കുകയും മൂന്നെണ്ണം തേൽക്കുകയും ചെയ്തു. എന്നാൽ വാംഖഡെയിൽ കളിച്ച ഏഴ് മത്സരത്തിൽ അഞ്ചെണ്ണത്തിലും ജയിക്കാൻ ഇന്ത്യക്കായി. 2017 ഡിസംബറിനു ശേഷം ഈ ഗ്രൗണ്ടിൽ കളിച്ച ഒരു ടി20 മത്സരത്തിലും ഇന്ത്യ തോൽവിയറിഞ്ഞിട്ടില്ല. 2016ൽ വെസ്റ്റിൻഡീസിനോടും 2012ൽ ഇംഗ്ലണ്ടിനോടും മാത്രമാണ് വാംഖഡെയിൽ ഇന്ത്യ തോറ്റിട്ടുള്ളത്.

ടി20 ലോകകപ്പിന്റെ ചരിത്രത്തിൽ അഞ്ച് തവണയാണ് ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വന്നിട്ടുള്ളത്. ഇതിൽ മൂന്നെണ്ണത്തിൽ ഇന്ത്യയും രണ്ടെണ്ണത്തിൽ ഇംഗ്ലണ്ടും ജയിച്ചു. അതേസമയം, ടി20 ക്രിക്കറ്റിൽ ഇന്ത്യയും ഇംഗ്ലണ്ടും 29 തവണ ഏറ്റുമുട്ടിയിട്ടുണ്ട്. ഇതിൽ 17 തവണ ഇന്ത്യ വിജയിച്ചു. 12 മത്സരങ്ങളിൽ ഇംഗ്ലണ്ടും.

---- facebook comment plugin here -----

Latest