Connect with us

Ongoing News

വീണ്ടും സഞ്ജു ഷോ; ഇന്ത്യ ഫൈനലില്‍

ഏഴ് റണ്‍സിനാണ് വിജയം. മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും കത്തിപ്പടര്‍ന്ന് നേടിയ 89 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്.

Published

|

Last Updated

മുംബൈ | സെമിയില്‍ ഇംഗ്ലണ്ട് ഉയര്‍ത്തിയ ശക്തമായ വെല്ലുവിളിയെയും പോരാട്ട വീര്യത്തെയും മറികടന്ന് ടി20 ലോകകപ്പില്‍ ഇന്ത്യ ഫൈനലില്‍. ആവേശവും ഉദ്വേഗവും നിറഞ്ഞുനിന്ന അങ്കത്തില്‍ ഏഴ് റണ്‍സിനാണ് വിജയം. വരുന്ന ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശക്കളിയില്‍ ഇന്ത്യ ന്യൂസിലന്‍ഡിനെ നേരിടും.

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും കത്തിപ്പടര്‍ന്ന് നേടിയ 89 റണ്‍സാണ് ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായത്. 42 പന്തിലാണ് സഞ്ജു ഇത്രയും റണ്‍സ് അടിച്ചുകൂട്ടിയത്. ഇശാന്‍ കിഷന്‍ (18 പന്തില്‍ 39), ശിവം ദുബെ (25ല്‍ 43), ഹാര്‍ദിക് പാണ്ഡ്യ (12ല്‍ 27), തിലക് വര്‍മ (7ല്‍ 21) എന്നിവരും ഉജ്ജ്വല ബാറ്റിംഗ് കാഴ്ചവച്ചതോടെ ഇന്ത്യ 253 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ റണ്‍മല ഉയര്‍ത്തിയത്. എന്നാല്‍, അഭിഷേക് ശര്‍മ(ഏഴില്‍ ഒമ്പത്), ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് (ആറില്‍ 11) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സ്‌കോര്‍: ഇന്ത്യ- 253/7. ഇംഗ്ലണ്ട്: 246/7.

ഇന്ത്യയുടെ വന്‍ സ്‌കോറിന്റെ സമ്മര്‍ദമൊന്നും ഇംഗ്ലണ്ടിനുണ്ടായിരുന്നില്ല. ഇന്ത്യന്‍ ബൗളിംഗിനെ അടിച്ചുപരത്തിയ ജേക്കബ് ബെതേല്‍ ഒറ്റക്ക് ഇംഗ്ലണ്ടിനെ ജയിപ്പിക്കുമെന്ന് ഒരുഘട്ടത്തില്‍ തോന്നിയിരുന്നു. വെറും 48 പന്തില്‍ 105 റണ്‍സാണ് ബെതേല്‍ വാരിക്കൂട്ടിയത്. ബതേലിനെ ഹാര്‍ദിക് പാണ്ഡ്യ റണ്ണൗട്ട് ആക്കിയതോടെയാണ് ഇന്ത്യക്ക് ആശ്വാസമായത്. 17 പന്തില്‍ 25 റണ്‍സ് നേടിയ വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലര്‍, വില്‍ ജാക്‌സ് (20ല്‍ 35) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു. ടോം ബാന്റണ്‍ 17ഉം സാം കറണ്‍ 18ഉം ജോഫ്ര ആച്ചര്‍ 19ഉം റണ്‍സ് നേടി.

ഇംഗ്ലണ്ടിനായി വില്‍ ജാക്‌സും ആദില്‍ റാഷിദും രണ്ട് വീതം വിക്കറ്റെടുത്തപ്പോള്‍ ജോഫ്ര ആര്‍ച്ചര്‍ ഒരു വിക്കറ്റെടുത്തു. ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യക്കു വേണ്ടി രണ്ട് വിക്കറ്റ് വീഴ്ത്തി. അര്‍ഷ്ദീപ് സിംഗ്, ജസ്പ്രിത് ബുംറ, വരുണ്‍ ചക്രവര്‍ത്തി, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് സ്വന്തമാക്കി.

Latest