National
പശ്ചിമേഷ്യൻ സംഘർഷം: വാർത്താ ചാനലുകളുടെ ബാർക്ക് റേറ്റിംഗ് താത്കാലികമായി റദ്ദാക്കി കേന്ദ്രം
ഇസ്റാഈൽ-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് വാർത്താ ചാനലുകൾ അനാവശ്യമായ പരിഭ്രാന്തിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി
ന്യൂഡൽഹി | രാജ്യത്തെ എല്ലാ വാർത്താ ചാനലുകളുടെയും റേറ്റിംഗ് (TRP) കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം താൽക്കാലികമായി റദ്ദാക്കി. നാല് ആഴ്ചത്തേക്കാണ് സസ്പെൻഷൻ. ഇസ്റാഈൽ-ഇറാൻ സംഘർഷവുമായി ബന്ധപ്പെട്ട് വാർത്താ ചാനലുകൾ അനാവശ്യമായ പരിഭ്രാന്തിയും ഊഹാപോഹങ്ങളും പ്രചരിപ്പിക്കുന്നു എന്ന വിലയിരുത്തലിനെത്തുടർന്നാണ് നടപടി. 2026 മാർച്ച് 6-ന് മന്ത്രാലയം പുറത്തിറക്കിയ ഔദ്യോഗിക ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
യുദ്ധവാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിൽ ചാനലുകൾ പുലർത്തുന്ന അതിവൈകാരികതയും വസ്തുതാനിരല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുന്നതും പൊതുജനങ്ങൾക്കിടയിൽ, പ്രത്യേകിച്ച് യുദ്ധമേഖലകളിൽ ബന്ധുക്കളുള്ള കുടുംബങ്ങളിൽ വലിയ ആശങ്കയുണ്ടാക്കുന്നതായി സർക്കാർ നിരീക്ഷിച്ചു. ടെലിവിഷൻ റേറ്റിംഗ് ഏജൻസികൾക്കായുള്ള പോളിസി ഗൈഡ്‌ലൈനിലെ ക്ലോസ് 24.2 പ്രകാരമുള്ള അധികാരം ഉപയോഗിച്ചാണ് നടപടി.
റേറ്റിംഗിനായുള്ള മത്സരപ്പാച്ചിലിൽ വാർത്തകളുടെ നിലവാരം തകരാതിരിക്കാനും ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കാനുമാണ് ഈ തീരുമാനമെന്ന് മന്ത്രാലയം അറിയിച്ചു. ഇതനുസരിച്ച് വാർത്താ ചാനലുകളുടെ വ്യൂവർഷിപ്പ് ഡാറ്റ പുറത്തുവിടുന്നത് താൽക്കാലികമായി നിർത്തിവെക്കാൻ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന് (BARC) നിർദ്ദേശം നൽകി. ഒരു മാസത്തിന് ശേഷം അല്ലെങ്കിൽ മന്ത്രാലയത്തിന്റെ അടുത്ത ഉത്തരവ് വരുന്നത് വരെ ഈ നിയന്ത്രണം തുടരും.
Summary
The Ministry of Information and Broadcasting has ordered an immediate four-week suspension of TRP ratings for all news channels due to concerns over sensationalized reporting on the Israel-Iran conflict. Invoking policy guidelines, the Ministry directed BARC to withhold viewership data to discourage competitive, speculative broadcasting that may cause public panic. This move aims to ensure responsible journalism and grounded national discourse during a period of high geopolitical tension.



