Connect with us

Editors Pick

ടി20 ലോകകപ്പ് സെമി: വാംഖഡെയിൽ ടോസ് നിർണ്ണായകം, 'മഞ്ഞ്' വില്ലനായേക്കാം

ചെറിയ ബൗണ്ടറികളുള്ള വാംഖഡെയിൽ ടോസ് വിജയിക്കുന്നവർ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യത

Published

|

Last Updated

മുംബൈ | ടി20 ലോകകപ്പ് 2026-ലെ ആവേശകരമായ രണ്ടാം സെമിഫൈനലിൽ ഇന്ന് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. മുംബൈയിലെ ഐതിഹാസികമായ വാംഖഡെ സ്റ്റേഡിയത്തിൽ വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. സൂപ്പർ 8 ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ പരാജയപ്പെടുത്തിയ ആത്മവിശ്വാസത്തിലാണ് സൂര്യകുമാർ യാദവ് നയിക്കുന്ന ഇന്ത്യൻ ടീം ഇറങ്ങുന്നത്. മറുഭാഗത്ത്, ടൂർണമെന്റിന്റെ തുടക്കത്തിലെ പതർച്ചകൾക്ക് ശേഷം കരുത്തുറ്റ പ്രകടനവുമായി എത്തുന്ന ഹാരി ബ്രൂക്കിന്റെ ഇംഗ്ലണ്ട് നിലവിലെ ചാമ്പ്യന്മാരായ ഇന്ത്യക്ക് വലിയ വെല്ലുവിളിയാകുമെന്നാണ് കരുതുന്നത്. സെമിയിൽ വിജയിക്കുന്നവർ മാർച്ച് എട്ടിന് അഹമ്മദാബാദിൽ നടക്കുന്ന ഫൈനലിൽ ന്യൂസിലൻഡിനെ നേരിടും. ആദ്യ സെമിയിൽ ദക്ഷിണാഫ്രിക്കയെ തകർത്താണ് കിവികൾ ഫൈനലിൽ എത്തിയത്.

വാംഖഡെയിലെ പിച്ച് ബാറ്റിംഗിന് ഏറെ അനുയോജ്യമാണെങ്കിലും മത്സരഫലത്തിൽ കാലാവസ്ഥാ ഘടകങ്ങൾ നിർണ്ണായകമാകും. പിച്ചിലെ ഈർപ്പം നിലനിർത്തുന്നതിനായി പുല്ല് നിലനിർത്തിയിട്ടുള്ളതിനാൽ തുടക്കത്തിൽ പേസർമാർക്ക് മികച്ച ബൗൺസും മൂവ്‌മെന്റും ലഭിക്കാൻ സാധ്യതയുണ്ട്. എന്നാൽ കളി പുരോഗമിക്കുന്നതോടെ പിച്ച് ബാറ്റിംഗിന് കൂടുതൽ സഹായകരമാകും. 200-ന് മുകളിൽ സ്കോറുകൾ പിറക്കാൻ സാധ്യതയുള്ള പിച്ചിൽ രാത്രി വൈകി എത്തുന്ന മഞ്ഞ് (Dew factor) ബൗളർമാർക്ക് വലിയ വെല്ലുവിളിയാകുമെന്ന് ഇന്ത്യൻ ബോളിംഗ് കോച്ച് മോണി മോർക്കൽ മുന്നറിയിപ്പ് നൽകി. മഞ്ഞുവീഴ്ചയുണ്ടായാൽ പന്ത് ഗ്രിപ്പ് ചെയ്യാൻ ബൗളർമാർ പ്രയാസപ്പെടുന്നത് രണ്ടാമത് പന്തെറിയുന്ന ടീമിന് തിരിച്ചടിയായേക്കാം.

ചെറിയ ബൗണ്ടറികളുള്ള വാംഖഡെയിൽ ടോസ് വിജയിക്കുന്നവർ ആദ്യം ഫീൽഡിംഗ് തിരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് മോർക്കൽ സൂചിപ്പിച്ചു. “മഞ്ഞ് എപ്പോഴും ഒരു വലിയ ആശങ്കയാണ്, പക്ഷേ അത് നമുക്ക് നിയന്ത്രിക്കാനാവില്ല. വാംഖഡെയിൽ എപ്പോഴും പന്തിന് അധിക ബൗൺസ് ലഭിക്കാറുണ്ട്, ബൗളർമാർക്ക് ഇത് ഒരവസരമാണ്,” അദ്ദേഹം പറഞ്ഞു. ബാറ്റിംഗിൽ സൂര്യകുമാർ യാദവ്, സഞ്ജു സാംസൺ, അഭിഷേക് ശർമ്മ എന്നിവരിലാണ് ഇന്ത്യയുടെ പ്രധാന പ്രതീക്ഷ. ബൗളിംഗിൽ ജസ്പ്രീത് ബുംറയും വരുൺ ചക്രവർത്തിയും മികച്ച ഫോമിലാണ്. തുടർച്ചയായ മൂന്നാം ടി20 ലോകകപ്പ് സെമിഫൈനലിലാണ് ഇന്ത്യയും ഇംഗ്ലണ്ടും നേർക്കുനേർ വരുന്നത് എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്.

 

Summary

India and England are set to face off in the second semi-final of the T20 World Cup 2026 at Mumbai’s Wankhede Stadium this Thursday. While the pitch is expected to favor high scoring, India’s bowling coach Morne Morkel has expressed concern over the dew factor, which could make bowling difficult in the second innings. The winner of this high-octane clash will advance to the final in Ahmedabad to play against New Zealand.

Latest