Connect with us

articles

കനലുകള്‍ക്കിടയിലെ പ്രവാസ ജീവിതം

ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിജീവന ശേഷി ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്പോഴും യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഏത് വലിയ പ്രതിസന്ധിയെയും മറികടക്കാനുള്ള സാമ്പത്തികവും ഭരണപരവുമായ കരുത്ത് ഈ രാജ്യങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്. കൊവിഡ് കാലത്ത് ലോകം സ്തംഭിച്ചു നിന്നപ്പോള്‍ ഏറ്റവും വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു.

Published

|

Last Updated

പതിറ്റാണ്ടുകളായി കേരളത്തിന്റെ സാമ്പത്തിക ഭൂപടത്തിന്റെ കേന്ദ്രബിന്ദുവായി അടയാളപ്പെടുത്തപ്പെട്ട യു എ ഇ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങള്‍ ഇന്ന് അപ്രതീക്ഷിത രാഷ്ട്രീയ പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. ഇസ്‌റാഈലും അമേരിക്കയും ചേര്‍ന്ന് ഇറാനെ ആക്രമിച്ചതോടെയാണ് ഈ ദേശങ്ങളില്‍ അശാന്തി പടര്‍ന്നത്. പോര്‍വിമാനങ്ങളുടെ ഇരമ്പങ്ങളും സ്‌ഫോടനങ്ങളുടെ ശബ്ദങ്ങളുമാണ് ഓരോ നിമിഷങ്ങളിലും. മേഖലയിലെ ദശലക്ഷക്കണക്കിന് പ്രവാസികളുടെ ജീവിതത്തില്‍ കനല്‍ കോരിയിടുന്നതാണ് പുറത്തുവരുന്ന വാര്‍ത്തകള്‍.

യുദ്ധഭീതി പ്രവാസികളെ സംബന്ധിച്ചിടത്തോളം കേവലം വാര്‍ത്തയല്ല മറിച്ച് യാഥാര്‍ഥ്യമാണ്. ദുബൈ, അബൂദബി, ഖത്വര്‍, ബഹ്റൈന്‍, റിയാദ്, മസ്‌കത്ത്, കുവൈത്ത് തുടങ്ങിയ തന്ത്രപ്രധാന കേന്ദ്രങ്ങളിലൊക്കെ ഭീതിയുടെ കാര്‍മേഘങ്ങള്‍ നിറയുന്നു. വ്യോമയാന മേഖലയിലെ സ്തംഭനാവസ്ഥയും നിത്യോപയോഗ സാധനങ്ങളെക്കുറിച്ചുള്ള ആശങ്കകളും മാത്രമല്ല അവരെ വേട്ടയാടുന്നത്. ഹോര്‍മുസ് കടലിടുക്ക് പോലുള്ള പ്രധാന ചരക്കുനീക്ക പാതകള്‍ അടച്ചുപൂട്ടപ്പെട്ടത് മേഖലയെ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുമ്പോഴും പ്രവാസികള്‍ തങ്ങളുടെ ഭാവിയുടെ മേല്‍ വീഴുന്ന കറുത്ത പാടുകളെക്കുറിച്ചാണ് ചിന്തിക്കുന്നത്.

സുരക്ഷാ ഭീഷണിയും ആശങ്കയും
ഇതാദ്യമായാണ് അബൂദബിയിലെയും ദുബൈയിലെയും ജനവാസ കേന്ദ്രങ്ങളിലും വിനോദസഞ്ചാര കേന്ദ്രങ്ങളിലും മിസൈല്‍ ഭീഷണി ഉണ്ടാകുന്നത്. അതുപോലെ തന്നെയാണ് മിക്ക ഗള്‍ഫ് നഗരങ്ങളിലെയും അവസ്ഥ. കുവൈത്ത് അധിനിവേശത്തിന്റെ സമയത്തും തൊട്ടുമുമ്പുള്ള ഇറാന്‍- അമേരിക്ക സംഘര്‍ഷത്തിലുമാണ് സമാനമായ സാഹചര്യമുണ്ടായത്. കുവൈത്ത് അധിനിവേശ കാലഘട്ടത്തിലെ ഓര്‍മകളുള്ള പ്രവാസികള്‍ ഇന്ന് വളരെ കുറവ്. ഇറാന്‍- അമേരിക്ക സംഘര്‍ഷ സാഹചര്യം വേഗത്തില്‍ അവസാനിക്കുകയും ചെയ്തു. അതില്‍ നിന്നെല്ലാം വ്യത്യസ്തമായ സാഹചര്യമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്.

സുരക്ഷിതമായ കെട്ടിടങ്ങളില്‍ അഭയം തേടാന്‍ നിര്‍ദേശങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. അപായ സൂചനകള്‍ മുഴക്കി സൈറണുകള്‍ മുഴങ്ങുന്നു. പോലീസ്, ആംബുലന്‍സ് വാഹനങ്ങളുടെ ശബ്ദങ്ങള്‍ നഗരത്തില്‍ നിറയുന്നു. എങ്ങും ആശങ്കയുടെ കാര്‍മേഘങ്ങള്‍ നിറഞ്ഞു നില്‍ക്കുകയാണ്. നിലവിലെ സാഹചര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഈ പ്രതിസന്ധിയെയും ഗള്‍ഫ് രാജ്യങ്ങള്‍ മറികടക്കും. ഗള്‍ഫ് രാജ്യങ്ങള്‍ തങ്ങളുടെ അതിജീവന ശേഷി ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്. മേഖലയില്‍ സംഘര്‍ഷ സാധ്യത നിലനില്‍ക്കുമ്പോഴും യു എ ഇ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് മുന്നോട്ട് പോകുന്നത്. ഏത് വലിയ പ്രതിസന്ധിയെയും മറികടക്കാനുള്ള സാമ്പത്തികവും ഭരണപരവുമായ കരുത്ത് ഈ രാജ്യങ്ങള്‍ ഇതിനകം നേടിയിട്ടുണ്ട്. കൊവിഡ് മഹാമാരിയുടെ കാലത്ത് ലോകം സ്തംഭിച്ചു നിന്നപ്പോള്‍ ഏറ്റവും വേഗത്തില്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തിയത് ഗള്‍ഫ് രാജ്യങ്ങളായിരുന്നു എന്നത് ഇതിന് ഉദാഹരണമാണ്.

ശക്തമായ ആഭ്യന്തര സുരക്ഷാ സംവിധാനങ്ങളാണ് ഗള്‍ഫ് രാജ്യങ്ങളുടെ പ്രധാന കൈമുതല്‍. ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അത്യാധുനികമായ നിരീക്ഷണ സംവിധാനങ്ങളും പ്രതിരോധ ക്രമീകരണങ്ങളും ഇവിടങ്ങളില്‍ ഒരുക്കിയിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായി സുരക്ഷാ സൈറണുകള്‍ മുഴങ്ങുമ്പോഴും ജനങ്ങള്‍ പരിഭ്രാന്തരാകാതെ ദൈനംദിന കാര്യങ്ങളുമായി മുന്നോട്ട് പോകുന്നത് ഭരണകൂടത്തിലുള്ള വിശ്വാസം മൂലമാണ്. ഏത് സാഹചര്യത്തെയും നേരിടാന്‍ രാജ്യം സജ്ജമാണെന്ന ബോധ്യം ജനങ്ങളില്‍ ഉറപ്പിക്കാന്‍ അധികൃതര്‍ക്ക് സാധിക്കുന്നു. ഭരണാധികാരികള്‍ നേരിട്ട് പൊതുവിടങ്ങളില്‍ എത്തി ജനങ്ങളുമായി സംവദിക്കുന്നത് ഇത്തരം ഘട്ടങ്ങളില്‍ വലിയൊരു സന്ദേശമാണ് നല്‍കുന്നത്. യു എ ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ കഴിഞ്ഞ ദിവസം ദുബൈ മാളിലെത്തിയത് ഇതിന്റെ ഉദാഹരണമാണ്. രാജ്യം സുരക്ഷിതമാണെന്നും ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ലെന്നും ഇതിലൂടെ ഭരണാധികാരികള്‍ വിളിച്ചുപറയുന്നു. ഇത്തരം ഇടപെടലുകള്‍ പ്രവാസികള്‍ക്കും സ്വദേശികള്‍ക്കും ഒരുപോലെ ആത്മവിശ്വാസം നല്‍കുന്നു. വിനോദസഞ്ചാര മേഖലയും ബിസിനസ്സ് രംഗവും തടസ്സമില്ലാതെ മുന്നോട്ട് പോകുന്നത് ഗള്‍ഫിന്റെ ഈ അസാമാന്യമായ അതിജീവന കരുത്ത് കൊണ്ടാണ്.

ആഘാത ചിന്തകള്‍ ഉണ്ടായിരിക്കണം
ഇത്തരം പ്രതിസന്ധി സൃഷ്ടിക്കുന്ന ശാരീരിക സുരക്ഷയേക്കാള്‍ ഉപരിയായി, നിശബ്ദമായി പടരുന്ന സാമ്പത്തിക പ്രതിസന്ധിയെയാണ് പ്രവാസികളും അവരെ ആശ്രയിക്കുന്ന കുടുംബങ്ങളും നമ്മുടെ നാടും ശ്രദ്ധിക്കേണ്ടത്. ഗള്‍ഫിലെ പ്രധാന വിമാനത്താവളങ്ങള്‍ അടച്ചിട്ടത് പ്രവാസികളെ വലയ്ക്കുകയാണ്. യാത്രാ പ്രതിസന്ധി അടക്കം ഗള്‍ഫ് മേഖലയില്‍ വരുന്ന ഓരോ പ്രതിസന്ധിയും കേരളത്തെയും ബാധിക്കും.

ഗള്‍ഫ് സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായ നിര്‍മാണ, റീട്ടെയില്‍ മേഖലയില്‍ പുതിയ യുദ്ധസാഹചര്യം അനുരണനം ഉണ്ടാക്കും. ചരക്കുനീക്കം കുറഞ്ഞത് ചെറുകിട ബിസിനസ്സുകളെയും ബാധിച്ചിട്ടുണ്ട്. ലോകത്തെ 20 ശതമാനം എണ്ണയും എല്‍ എന്‍ ജിയും കടന്നുപോകുന്ന ഹോര്‍മുസ് പാതയില്‍ നിയന്ത്രണങ്ങള്‍ വന്നതോടെ അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കുതിച്ചുയരുന്നു. ഇത് ഗള്‍ഫ് രാജ്യങ്ങളിലെ പണപ്പെരുപ്പത്തിന് കാരണമാകുകയും ജീവിതച്ചെലവ് വര്‍ധിപ്പിക്കുകയും ചെയ്യും. അസ്ഥിരത ദീര്‍ഘകാല നിക്ഷേപങ്ങളെ ബാധിക്കാനും സാധ്യതയുണ്ട്. ആക്രമണത്തില്‍ തകരുന്ന അടിസ്ഥാന സൗകര്യങ്ങളും നെറ്റ്‌വര്‍ക്കുകളും മറ്റും പുനഃസ്ഥാപിക്കാന്‍ ദീര്‍ഘകാലം വേണ്ടിവന്നേക്കാം. അതുകൊണ്ട് പ്രവാസികള്‍ തങ്ങളുടെ ഭാവിയെക്കുറിച്ച് കൃത്യമായ പ്ലാന്‍ ബി രൂപവത്കരിക്കേണ്ട സമയമാണിത്. ഒരു ജോലിയില്‍ മാത്രം ആശ്രയിച്ചു കഴിയുന്ന രീതിക്ക് മാറ്റം വരണം. നാട്ടില്‍ ചെറിയ രീതിയിലെങ്കിലും വരുമാന മാര്‍ഗം ഉണ്ടാക്കിയെടുക്കുന്നത് പ്രതിസന്ധികളില്‍ തുണയാകും. അടിയന്തര സാഹചര്യങ്ങള്‍ക്കായി എമര്‍ജന്‍സി ഫണ്ട് സൂക്ഷിക്കണം. ചുരുങ്ങിയത് ആറ് മാസത്തെ കുടുംബത്തിന്റെ ജീവിതച്ചെലവിന് തുല്യമാകണം ഇത്. സ്വര്‍ണം പോലുള്ള എളുപ്പത്തില്‍ പണമാക്കി മാറ്റാവുന്ന ആസ്തികളില്‍ നിക്ഷേപിക്കുന്നത് ഉചിതമാണ്. കൂടാതെ, ഡിജിറ്റല്‍ യുഗത്തില്‍ പുതിയ നൈപുണികള്‍ പഠിച്ചെടുക്കുന്നത് ഏത് പ്രതിസന്ധിയിലും മറ്റൊരു തൊഴില്‍ കണ്ടെത്താന്‍ സഹായിക്കും. പശ്ചിമേഷ്യന്‍ വിപണിയിലെ സ്വദേശിവത്കരണം കൂടി കണക്കിലെടുക്കുമ്പോള്‍, പ്രൊഫഷനല്‍ രംഗത്ത് മികച്ച നിലവാരം പുലര്‍ത്തുന്നത് അനിവാര്യമാണ്. ആരോഗ്യ കാര്യങ്ങളില്‍ വിട്ടുവീഴ്ച പാടില്ല. ചികിത്സ ആവശ്യമാകുമ്പോള്‍ കൃത്യമായി നേടാനും ശ്രമിക്കണം. ഭക്ഷണം, വിശ്രമം എന്നിവയിലൊക്കെ നിഷ്‌കര്‍ഷത സൂക്ഷിക്കാനും പ്രവാസികള്‍ ശ്രദ്ധിക്കണം. പ്രവാസി കുടുംബങ്ങളും കാര്യങ്ങള്‍ മനസ്സിലാക്കി പൊരുത്തപ്പെട്ട് ജീവിക്കാന്‍ മുന്നോട്ട് വരേണ്ടതുണ്ടെന്നും ഇത്തരം പ്രതിസന്ധികള്‍ ഓര്‍മിപ്പിക്കുന്നുണ്ട്.

മാനസിക പിന്തുണ
യുദ്ധസാഹചര്യങ്ങളില്‍ എല്ലാ കാര്യത്തിലും മിതത്വം പാലിക്കുക സാമാന്യ മര്യാദയാണ്. വാര്‍ത്തകളുടെ കാര്യത്തിലും ഇതുതന്നെയാണ്. മാനസിക വിഭ്രാന്തിയുണ്ടാക്കുന്ന വാര്‍ത്തകളുമായി രംഗത്തുവരുന്നത് ദോഷമാണുണ്ടാക്കുക. നിര്‍ഭാഗ്യവശാല്‍ നമ്മുടെ നാട്ടിലെ ചില ചാനലുകള്‍ ഇത്തരത്തിലാണ് പെരുമാറിയത്. അംഗീകൃത മാധ്യമങ്ങളിലൂടെയും അധികാരികളിലൂടെയുമുള്ള ഔദ്യോഗിക വിവരങ്ങള്‍ മാത്രമാണ് പിന്തുടരേണ്ടത്. പ്രവാസി സംഘടനകള്‍ക്കും കൂട്ടായ്മകള്‍ക്കും ഈ ഘട്ടത്തില്‍ വലിയ ദൗത്യം നിര്‍വഹിക്കാനുണ്ട്. ഒറ്റപ്പെട്ട് പോകുന്നവരെ സഹായിക്കാനും മാനസിക പിന്തുണ നല്‍കാനും ഇത്തരം ഗ്രൂപ്പുകള്‍ മുന്നിട്ടിറങ്ങണം. കൗണ്‍സലിംഗ് സേവനങ്ങളും നിയമസഹായവും ലഭ്യമാക്കാന്‍ സംഘടനകള്‍ ശ്രദ്ധിക്കണം. പ്രവാസി മലയാളികളുടെ ഒത്തൊരുമ പശ്ചിമേഷ്യന്‍ മണ്ണില്‍ എന്നും മാതൃകയാണ്. ആ കരുത്ത് ഈ പ്രതിസന്ധി ഘട്ടത്തിലും നിലനിര്‍ത്തേണ്ടതുണ്ട്.

സമാധാനം തിരികെ വരുമെന്ന് പ്രത്യാശിക്കുമ്പോഴും കരുതലോടെയുള്ള ജീവിതമാണ് പ്രവാസിക്ക് വേണ്ടത്. പ്രതിസന്ധികള്‍ അവസാനിക്കുമ്പോള്‍ കൂടുതല്‍ കരുത്തോടെയും ദീര്‍ഘ വീക്ഷണത്തോടെയും മുന്നേറാന്‍ പ്രവാസിക്ക് സാധിക്കണം. അതിന് പിന്തുണ നല്‍കി കുടുംബങ്ങളും സര്‍ക്കാറും ഉണ്ടാകുകയും വേണം.

Latest