Connect with us

From the print

കേരള യാത്ര: ആവിഷ്‌കാരങ്ങള്‍ ആശയങ്ങളാകും; പ്രൗഢമാകും സ്വീകരണ വേദികള്‍

മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തെ ആസ്പദമാക്കി സ്നേഹത്തിന്റേയും സൗഹാര്‍ദത്തിന്റേയും വിശാലമായ അര്‍ഥതലങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ സാമൂഹിക അടിത്തറയെക്കുറിച്ചുള്ള ഗഹനമായ കാഴ്ചപ്പാടുകളും സ്വീകരണ കേന്ദ്രങ്ങളിലെ ആവിഷ്‌കാരങ്ങള്‍ പറയാതെ പറയും.

Published

|

Last Updated

കോഴിക്കോട് | ധാര്‍മിക മുന്നേറ്റവീഥിയില്‍ നവചരിതം രചിക്കുന്ന കേരളയാത്രയുടെ സ്വീകരണ കേന്ദ്രങ്ങളും പ്രൗഢമാകും. ആവിഷ്‌കാരങ്ങളെ ആശയങ്ങളാക്കി അവതരിപ്പിക്കുന്ന കൗതുകകരമായ നിര്‍മിതികളും ചിത്രങ്ങളുമാണ് അണിയറയില്‍ ഒരുങ്ങുന്നത്.

മനുഷ്യര്‍ക്കൊപ്പം എന്ന പ്രമേയത്തെ ആസ്പദമാക്കി സ്നേഹത്തിന്റേയും സൗഹാര്‍ദത്തിന്റേയും വിശാലമായ അര്‍ഥതലങ്ങളെ അവതരിപ്പിക്കുന്നതിനൊപ്പം കേരളത്തിന്റെ സാമൂഹിക അടിത്തറയെക്കുറിച്ചുള്ള ഗഹനമായ കാഴ്ചപ്പാടുകളും സ്വീകരണ കേന്ദ്രങ്ങളിലെ ആവിഷ്‌കാരങ്ങള്‍ പറയാതെ പറയും.

ഓരോ പ്രദേശത്തിന്റെയും സവിശേഷ പാരമ്പര്യവും വ്യതിരക്തതയും പ്രതീക്ഷയും ചൂണ്ടിക്കാണിക്കുന്നതായിരിക്കും സ്റ്റേജും ഗ്രൗണ്ടും കവാടങ്ങളുമെല്ലാം.

സപ്തഭാഷാ സംഗമഭൂമിയായ കാസര്‍കോട്ട് നിന്നാരംഭിക്കുന്ന കേരളയാത്രയില്‍ അവിടുത്തെ വേദിയും പരിസരവുമെല്ലാം അത്തരം സംസ്‌കാരങ്ങളെയും ഇസ്ലാമിന്റെ ചരിത്ര പശ്ചാത്തലത്തിന്റെയും വര്‍ത്തമാനങ്ങള്‍ പറഞ്ഞുതരും.

ഒരു കാലത്ത് രാഷ്ട്രീയ കൊലപാതകങ്ങളില്‍ മനസ്സ് മടുത്ത കണ്ണൂരിലെത്തുമ്പോള്‍ ആ മുറിവുകള്‍ തുന്നിച്ചേര്‍ത്തതിന്റെയും അത്തരം നാളുകള്‍ ഇനി ഓര്‍ക്കാന്‍ പോലും വയ്യെന്ന് പറയുന്ന നിര്‍മിതികളും ആകര്‍ഷണീയമായിരിക്കും. യാത്ര വയനാട്ടിലൂടെയും നീലഗിരിയിലൂടെയുമെല്ലാം കടന്നു പോകുമ്പോള്‍ കുടിയേറ്റ ജനതയുടെ ചരിത്രപശ്ചാത്തലവും കാര്‍ഷിക സംസ്‌കാരത്തെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന ആവിഷ്‌കാരങ്ങള്‍ പ്രതീക്ഷിക്കാം.

പ്രാസ്ഥാനിക മുന്നേറ്റത്തിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന കോഴിക്കോട്ടേക്കും അത് കഴിഞ്ഞ് മലപ്പുറത്തേക്കും യാത്ര കടന്നുവരുമ്പോള്‍ മുസ്ലിം കൈരളിയുടെ ഓര്‍മകള്‍ക്ക് അതിരില്ല. മുസ്ലിം കേരളത്തിന്റെ സാംസ്‌കാരിക മുന്നേറ്റത്തിന് വാനോളം ശക്തി പകരാന്‍ ഈ മണ്ണ് പ്രസ്ഥാനനായകര്‍ക്ക് എന്നും കരുത്തേകിയിട്ടുണ്ട്. മമ്പുറം തങ്ങളും കുഞ്ഞായിന്‍ മുസ്ലിയാരും സാമൂതിരിയും അടക്കമുള്ള മികവുറ്റവരുടെ ചരിത്ര പശ്ചാത്തലവും ഈ നാടിന് ഓര്‍മിക്കാനുള്ളത് തന്നെ. മഖ്ദൂമുമാരുടെയും ഖാളി മുഹമ്മദിന്റെയും ബഷീറിന്റെയും പൊറ്റക്കാടിന്റെയും അടക്കമുള്ള വര്‍ത്തമാനങ്ങള്‍ സമ്മേളന നഗരികള്‍ നമ്മോട് പറയാതെ പറയും.

കരിമ്പനകളുടെ നാട്ടിലും കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തും യാത്ര കയറിയിറങ്ങുമ്പോള്‍ മനുഷ്യപറ്റിന്റെയും പാരസ്പര്യത്തിന്റെയും മൂല്യങ്ങളുയര്‍ത്തിപ്പിടിച്ചുള്ള നിര്‍മിതികള്‍ പ്രതീക്ഷിക്കാം.

കായലുകളും തോടുകളും നിറഞ്ഞ കിഴക്കിന്റെ വെനീസിലൂടെയുള്ള യാത്രയില്‍ കടലോരത്തെ സാംസ്‌കാരികത ആവിഷ്‌കരിക്കപ്പെടും. കേരളത്തിന്റെ വ്യാവസായിക തലസ്ഥാനത്ത് കൂടെ പര്യടനം നടത്തുമ്പോള്‍ ആക്ടിവിസവും, സംസ്‌കാരവും, സമരവുമെല്ലാം വിഷയീഭവിക്കും.

സ്നേഹ സമൂഹത്തെ ഉയര്‍ത്തിക്കാട്ടിക്കൊണ്ടുള്ള തീമുകളായിരിക്കും ഇടുക്കിയിലും കോട്ടയത്തും പത്തനംതിട്ടയിലുമെല്ലാം ആവിഷ്‌കരിക്കപ്പെടുക.

യാത്ര കൊല്ലത്തേക്കും തലസ്ഥാന നഗരിയിലേക്കുമെത്തുമ്പോള്‍ കേരളം പുതുചരിതം രചിക്കപ്പെടുമെന്നുറപ്പാണ്. മലയാളത്തിന്റെ വികസിത സ്വപ്നവും അഭിമാന പൈതൃകവും വിദ്യാഭ്യാസ വിപ്ലവവുമെല്ലാം ഇവിടത്തെ ആവിഷ്‌കാരങ്ങളില്‍ ഉയര്‍ത്തിക്കാട്ടും.

കേരളയാത്ര മനുഷ്യരെ ചേര്‍ത്തുപിടിക്കാനുള്ള മഹാദൗത്യം: ഖലീല്‍ തങ്ങള്‍
കാസര്‍കോട് | മനുഷ്യര്‍ക്കൊപ്പം എന്ന സന്ദേശം ഉയര്‍ത്തി ജനുവരി ഒന്നിന് കാസര്‍കോട് നിന്ന് ആരംഭിക്കുന്ന കേരള യാത്ര മനുഷ്യരെയൊന്നാകെ ചേര്‍ത്തുപിടിക്കാനുള്ള ചരിത്രപരമായ ദൗത്യമാണെന്ന് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഖലീല്‍ ബുഖാരി തങ്ങള്‍.

കേരള യാത്രയുടെ ഉദ്ഘാടന വേദിയാകുന്ന ചെര്‍ക്കളയിലെ നൂറുല്‍ ഉലമ എം എ ഉസ്താദ് നഗരി സന്ദര്‍ശിച്ച ശേഷം സ്വാഗതസംഘം ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാട് ആവശ്യപ്പെടുന്ന പ്രമേയങ്ങളാണ് ഓരോ കാലത്തും സുന്നി പ്രസ്ഥാനം ഏറ്റെടുത്തിട്ടുള്ളത്. രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാതലത്തില്‍ മനുഷ്യമനസ്സുകളെ കോര്‍ത്തിണക്കാന്‍ എന്ന പ്രമേയത്തിലാണ് 1999ല്‍ കാന്തപുരം ഉസ്താദിന്റെ നേതൃത്വത്തില്‍ ഒന്നാം കേരള യാത്ര സംഘടിപ്പിച്ചതെങ്കില്‍ 2012ല്‍ ഉസ്താദ് നടത്തിയ രണ്ടാം കേരള യാത്ര മാനവികതയെ ഉണര്‍ത്താനുള്ള ജാഗ്രതയായിരുന്നു.

കേരള മുസ്ലിം ജമാഅത്ത് ഇപ്പോള്‍ നടത്തുന്ന മൂന്നാം കേരള യാത്ര സമൂഹങ്ങളെ പരസ്പരം അടുപ്പിക്കുന്നതിനും രാജ്യത്തിന്റെ അഖണ്ഡത കാത്തുസൂക്ഷിക്കുന്നതിനുമു ള്ള വലിയ സന്ദേശമാണ് നല്‍കുന്നത്. 17ന് തിരുവനന്തപുരത്ത് യാത്ര സമാപിക്കുന്നത് വരെ കേരളം ഒന്നാകെ ഈ പ്രയാണത്തില്‍ ഒപ്പമുണ്ടാകണമെന്നും തങ്ങള്‍ ആവശ്യപ്പെട്ടു.