Connect with us

National

പഞ്ചാബ് മര്‍കസ്: പ്രൗഢ സമാപനം, ദേശീയ മുന്നേറ്റത്തില്‍ പുതിയ ചുവടുവെപ്പ്

ഉലമാ സമ്മിറ്റ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി.

Published

|

Last Updated

സര്‍ഹിന്ദ് (പഞ്ചാബ്) | മര്‍കസ് ദേശീയ വിദ്യാഭ്യാസ മുന്നേറ്റങ്ങളില്‍ നാഴികക്കല്ലായി പഞ്ചാബ് മര്‍കസ് സെന്‍ട്രല്‍ കാമ്പസ് ഉദ്ഘാടന സമ്മേളനത്തിന് പ്രൗഢ സമാപനം. സമസ്ത സെന്റിനറി ആഘോഷങ്ങളുടെയും മര്‍കസ് ഗോള്‍ഡന്‍ ജൂബിലി ദേശീയ പദ്ധതികളുടെയും ഭാഗമായി അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച കാമ്പസ് പഞ്ചാബിലെ വിദ്യാഭ്യാസ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങളുടെ കേന്ദ്രമായി മാറും. പ്രശസ്ത ഇസ്‌ലാമിക പണ്ഡിതന്‍ ഇമാം റബ്ബാനി അഹ്മദ് ഫാറൂഖിയുടെ നാമധേയത്തിലുള്ള സ്ഥാപനത്തില്‍ റെസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സംവിധാനം, ഗൈഡന്‍സ് സെന്റര്‍, പബ്ലിക് ലൈബ്രറി, യുവാക്കളും പെണ്‍കുട്ടികളും പങ്കെടുക്കുന്ന പ്രത്യേക സീസണല്‍ ട്രെയിനിംഗ് പ്രോഗ്രാമുകള്‍ എന്നിവയാണ് ആദ്യഘട്ടത്തില്‍ ആരംഭിക്കുന്നത്. മര്‍കസിന്റെ നേതൃത്വത്തില്‍ പഞ്ചാബില്‍ ഐറിസ് ഫൗണ്ടേഷന്റെ കീഴില്‍ 25 ഗ്രാമങ്ങളിലായി പ്രവര്‍ത്തിക്കുന്ന അറുപതോളം സാംസ്‌കാരിക കേന്ദ്രങ്ങള്‍, മൈക്രോ ലേണിങ് സെന്ററുകള്‍, ഹിഫ്ളുല്‍ ഖുര്‍ആന്‍ മദ്‌റസകള്‍, വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ ആസ്ഥാനമായി പുതിയ കാമ്പസ് മാറും.

ഇമാം റബ്ബാനി ദര്‍ഗാ സിയാറത്തോടെ ആരംഭിച്ച ഉദ്ഘാടന സംഗമത്തിന്റെ ഭാഗമായി രണ്ട് ദിവസങ്ങളിലായി നടന്ന പഞ്ചാബ് ഉലമാ സമ്മിറ്റ്, നാഷനല്‍ എന്‍ ജി ഒ കോണ്‍ഫറന്‍സ്, എസ് എസ് എഫ് സ്റ്റുഡന്‍സ് അസംബ്ലി, എജ്യു സമ്മിറ്റ്, ഇന്റര്‍ ഫെയ്ത്ത് ടോളറന്‍സ് സമ്മിറ്റ്, റബ്ബാനി ദസ്താര്‍ബന്തി, പൊതു സമ്മേളനം എന്നിവയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പണ്ഡിതന്മാരും കമ്മ്യൂണിറ്റി ലീഡേഴ്‌സും വിദ്യാഭ്യാസ പ്രവര്‍ത്തകരുമുള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്തു.

ഇന്ന് ഉച്ചക്ക് നടന്ന ഉലമാ സമ്മിറ്റ് മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി മുഹമ്മദ് ഫൈസി ഉദ്ഘാടനം ചെയ്തു. ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി മുഖ്യ പ്രഭാഷണം നടത്തി. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാര്‍ വിവിധ വിഷയങ്ങളില്‍ പ്രഭാഷണം നടത്തി.

ഇന്റര്‍ഫെയ്ത് ഡയലോഗ് സെഷനില്‍ ഫതേഹ്ഗഢ് സിഖ് ഗുരുദ്വാര ഹെഡ് ഗ്രന്ഥി ഹര്‍പല്‍ സിംഗ് സ്‌നേഹസന്ദേശം കൈമാറി. ഡല്‍ഹി മുന്‍ കാബിനറ്റ് മിനിസ്റ്റര്‍ ഇംറാന്‍ ഹുസൈന്‍, സിപത്തന എം എല്‍ എ. രൂപീന്ദര്‍ സിംഗ് ഹാബി, ഫതേഹ്ഗഢ് എം എല്‍ എ. ലക്ബീര്‍ സിംഗ് റായിജി തുടങ്ങിയവര്‍ വിശിഷ്ടാതിഥികളായി. വൈകീട്ട് നടന്ന സമാപന പൊതുസമ്മേളനം ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സന്ദേശ പ്രഭാഷണം നടത്തി. സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു. സയ്യിദ് ത്വാഹ തങ്ങള്‍ സഖാഫി, പീര്‍ സയ്യിദ് നിഅമതുല്ല ശാ ജീലാനി, മുഫ്തി അബ്ദുറഹീം അക്ബരി, ഉമറലി സഖാഫി പ്രഭാഷണം നടത്തി. മജീദ് കക്കാട്, അബൂ സ്വാലിഹ് സഖാഫി, സയ്യിദ് സുഹൈല്‍ നൂറാനി അവേലം, അബ്ദുറഷീദ് സഖാഫി സംബന്ധിച്ചു. ഫാളില്‍ നൂറാനി സ്വാഗതവും അന്‍സാര്‍ റബ്ബാനി നന്ദിയും പറഞ്ഞു.

 

Latest