Ongoing News
പഠിച്ചെടുക്കാം രണ്ടാംഭാഷ
എസ് എസ് എൽ സി പരീക്ഷയെഴുതുന്ന വിദ്യാർഥികൾക്ക് വഴികാട്ടിയായി മാതൃകാ ചോദ്യപേപ്പർ. വിദഗ്ധരായ അധ്യാപകർ തയ്യാറാക്കുന്ന ചോദ്യാവലി പരീക്ഷക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് തീർച്ചയായും മുതൽക്കൂട്ടാകും. മലയാളം II മാതൃകാ ചോദ്യപേപ്പറാണ് ഈ ലക്കം എജ്യുലൈനിൽ
മാർക്ക് : 40
സമയം: ഒന്നര മണിക്കൂർ
MALAYALAM
First Language- Paper II
നിർദേശങ്ങൾ
ആദ്യത്തെ 15 മിനുട്ട് സമാശ്വാസ സമയമാണ്. ചോദ്യങ്ങൾ വായിക്കാനും ഉത്തരങ്ങൾ ക്രമപ്പെടുത്താനും ഈ സമയം വിനിയോഗിക്കണം. ചോദ്യങ്ങളും നിർദേശങ്ങളും ശ്രദ്ധാപൂർവം വായിച്ച് എല്ലാ ചോദ്യങ്ങൾക്കും ഉത്തരമെഴുതണം.
എ അല്ലെങ്കിൽ ബി എന്ന തരത്തിലുള്ള ചോദ്യങ്ങളിൽ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരമെഴുതിയാൽ മതി.
ഉത്തരമെഴുതുമ്പോൾ സ്‌കോർ, സമയം എന്നിവ പരിഗണിക്കണം
ഒന്ന് മുതൽ നാല് വരെ ചോദ്യങ്ങൾക്ക് ശരിയുത്തരം തിരഞ്ഞെടുത്തെഴുതുക. (ഒരു സ്‌കോർ വീതം).
1. “കാത്തിരുന്ന് കാത്തിരുന്ന് കാൽ തരിച്ചുപോയി കാൽ തരിച്ചുപോയി…’
—- കാത്തിരുന്നതാരാണ് ?
A. നായകൻ
B. നായിക
C. കവി
D. ഇവയൊന്നുമല്ല
2. “എങ്കിലും കണികാണും-മുമ്പു കൺ തുറന്നിട്ടോ? തിങ്ങിടുമിരുട്ടിലാ-
ണെൻ കരളന്നേരത്തും’ — വരികൾ എഴുതിയതാര് ?
A. ഷാഹിന ഇ കെ
B. കെ ടി മുഹമ്മദ്
C. വൈലോപ്പിള്ളി
D. സുകുമാരൻ ചാലിഗദ്ധ
3. ചുവടെ കൊടുത്തിരിക്കുന്നവയിൽ ശരിയായി പിരിച്ചെഴുതിയത് ഏത്?
A. കതിർക്കുല- കതിർ+ക്കുല
B. മലയോരം- മല+യോരം
C. ചോലക്കാട്- ചോല+കാട്
D. വാൽക്കണ്ണാടി- വാൽ+ക്കണ്ണാടി
4. “മറ്റുള്ള ഭാഷകൾ കേവലം ധാത്രിമാർ! മർത്ത്യനു പെറ്റമ്മതൻ ഭാഷ താൻ”- എന്ന പ്രയോഗം അർത്ഥമാക്കുന്നത് ഏതിനെ ?
A. വിദേശഭാഷയെ
B. ഇംഗ്ലീഷിനെ
C. മാതൃഭാഷയെ
D. ഇവയൊന്നുമല്ല
അഞ്ച്, ആറ് ചോദ്യങ്ങൾക്ക് രണ്ടോ മൂന്നോ വാക്യത്തിൽ ഉത്തരമെഴുതുക. (രണ്ട് സ്‌കോർ വീതം).
5. “കണികാണ്മതിൻ മുമ്പേകൺതുറന്നിട്ടാവാം ഞാ-നിനിയാപ്പുലർകാലം-
വരെയുമസംതൃപ്തൻ’-
“അസംതൃപ്തൻ’ എന്ന പ്രയോഗത്തിന്റെ വ്യത്യസ്ത അർത്ഥ സൂചനകൾ എഴുതുക
6. “കൂട്ടത്തിൽ കൂടാൻ എന്താടാ ഓൾക്കൊരിത്…?’ ഒരിക്കൽ ഉമ്മ ചോദിച്ചു ….
“മറ്റ്‌ള്ളോരെക്കൊണ്ട് പറേപ്പിക്കാൻ ആള് കൂടുമ്പോ ഓൾടേ വരേം കുറീം…’
ഉമ്മയുടെ വാക്കുകളിൽ ഫിസയെക്കുറിച്ചുള്ള എന്ത് മനോഭാവമാണ് തെളിയുന്നത് ?
ഏഴ് മുതൽ 11 വരെ ചോദ്യങ്ങൾക്ക് അരപ്പുറത്തിൽ കവിയാതെ ഉത്തരമെഴുതുക. (അഞ്ച് സ്‌കോർ വീതം).
7. “രണ്ടുപേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകി ആനന്ദാശ്രുക്കൾ!’
ഫാദർ ഫ്രാൻസിസ്, ജോസ് എന്നിവർ അവരവരുടെ കടമകൾ നിറവേറ്റിയതിന്റെ ഫലമാണല്ലോ ഈ ആനന്ദാശ്രുക്കൾ. സ്വന്തം നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.
8. “അന്നൊരുനാൾ അമ്പിളിമാമൻ വമ്പനായി വന്നു…. വമ്പനായിവന്നു… വന്നു നിന്നെ കണ്ടതോടെ
അമ്പരന്നു നിന്ന്… അമ്പരന്നു നിന്ന്….’
ഈ വരികളെ അടിസ്ഥാനമാക്കി കെ ടി മുഹമ്മദിന്റെ “ഖൽബിലെ നിലാവ്’ എന്ന ഗാനത്തിന്റെ സവിശേഷതയെ കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
9. “എന്റെ ഭാഷ’ എന്ന കവിതയിലൂടെ മാതൃഭാഷയെ കുറിച്ചുള്ള എന്തെല്ലാം നിരീക്ഷണങ്ങളാണ് കവി അവതരിപ്പിച്ചിരിക്കുന്നതെന്ന് കണ്ടെത്തി എഴുതുക ?
10. “ആ മലകൾക്കും കണ്ണിട്ടിട്ടുണ്ട് കുത്തിവീണ കല്ലുകളെല്ലാം വെളുത്ത ചോര കക്കുന്നു’-
(കെത്തളു- എട്ടക്കൂരി)
പരിസ്ഥിതി നശീകരണത്തെക്കുറിച്ച് കവി ആകുലനാണോ ? നിങ്ങളുടെ അഭിപ്രായം സമർഥിക്കുക.
11. “അടുക്കളയിൽ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അക്കാലത്ത് ഒരാറ്റംബോംബായിരുന്നു. അന്ധതയിൽ ആണ്ടുകിടക്കുന്ന നമ്പൂതിരി സമുദായത്തിൽ അതൊരു കോളിളക്കമുണ്ടാക്കി. ഇത്രമാത്രം സ്വാധീനം ചെലുത്താൻ വി ടിയുടെ നാടകത്തിന് കഴിഞ്ഞു എന്ന് കെ കേളപ്പൻ പറയാനിടയായ സംഭവങ്ങളെക്കുറിച്ച് കുറിപ്പ് തയ്യാറാക്കുക.
12, 13 ചോദ്യങ്ങൾക്ക് ഒരുപുറത്തിൽ കവിയാതെ ഉത്തരമെഴുതുക. ഏഴ് സ്‌കോർ.
12. “എനിക്കു ചിറകില്ലല്ലോ. ഞാൻ തന്നെ അവ അറുത്തെറിഞ്ഞില്ലേ? ഉടമയാകാൻ, കൂരമ്പേന്താൻ… (വിലപിക്കുന്നു)
(ഒരു പക്ഷിക്കുഞ്ഞിന്റെ മരണം)
നാടകത്തിന്റെ സമകാലിക പ്രസക്തി വിമർശനാത്മകമായി വിലയിരുത്തുക
അല്ലെങ്കിൽ
13. “ഉന്നത ബിരുദങ്ങൾ നേടി എന്നത് കൊണ്ട് ഒരാൾക്ക് ആ വിഷയത്തിൽ അവഗാഹമുണ്ടായി എന്നർഥമില്ല. അവഗാഹം രൂപപ്പെടാൻ നല്ലത് സ്വന്തം ഭാഷയിൽ കാര്യങ്ങൾ മനസ്സിലാക്കലാണ്’.
(വിജ്ഞാന ഭാഷയും വൈജ്ഞാനിക സമൂഹവും)
“ബുദ്ധിമാൻമാരെ, സ്വഭാഷത്തറവാട്ടിൽ-
സ്വത്തുവളർത്തുവാൻ യത്‌നം ചെയ്‌വിൻ-
ആലസ്യത്തിന്നു നിവാപാംബു നൽകുവിൻ
ഫാലത്തിലോലും വിയർപ്പിനാലേ! ‘
(എന്റെ ഭാഷ)
ലേഖകന്റെ അഭിപ്രായവും കവിയുടെ ആഹ്വാനവും വിശകലനം ചെയ്ത് നിങ്ങളുടെ നിരീക്ഷണങ്ങൾ അവതരിപ്പിക്കുക.





