Connect with us

Malappuram

സമസ്ത നൂറാം വാര്‍ഷികം: വിളംബര സമ്മേളനം ശനിയാഴ്ച കോട്ടക്കലില്‍

വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളന പ്രഖ്യാപനം നടത്തും.

Published

|

Last Updated

മലപ്പുറം: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ വിളംബര സമ്മേളനം ശനിയാഴ്ച (ഫെബ്രുവരി 14) മലപ്പുറം കോട്ടക്കല്‍ ബഹ്‌റുല്‍ ഉലൂം നഗരിയില്‍ നടക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി സയ്യിദ് ഇബ്രാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വൈകിട്ട് നാലിന് ആരംഭിക്കുന്ന പരിപാടിയില്‍ സമസ്ത ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ സമാപന സമ്മേളന പ്രഖ്യാപനം നടത്തും.

സമസ്തയുടെ നൂറ് പ്രകാശവര്‍ഷങ്ങളെ അടയാളപ്പെടുത്തുന്ന വിപുലമായ ആഘോഷങ്ങളാണ് സംഘടിപ്പിക്കുന്നത്. 2023 ഡിസംബര്‍ 30ന് കാസര്‍കോട് വെച്ചായിരുന്നു ആഘോഷങ്ങളുടെ ഔദ്യോഗിക പ്രഖ്യാപനം. ഇതിന്റെ ഭാഗമായി 2024ല്‍ സംഘടിപ്പിച്ച എസ് വൈ എസ് യുവജന സമ്മേളനവും അനുബന്ധ പരിപാടികളും വന്‍ വിജയമായിരുന്നു. 2025ല്‍ കേരള മുസ്‌ലിം ജമാഅത്ത് സംഘടിപ്പിച്ച ‘കേരള യാത്ര’ ഉള്‍പ്പെടെയുള്ള കര്‍മ്മപദ്ധതികളും വലിയ ജനശ്രദ്ധ നേടി.

കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട പതിനായിരം പണ്ഡിതന്മാരും കാല്‍ ലക്ഷത്തിലധികം പ്രവര്‍ത്തകരും സമ്മേളനത്തിനെത്തും. ഇസ്‌ലാമിന്റെ ആധികാരിക രൂപമായ അഹ്‌ലുസ്സുന്നയുടെ വിശ്വാസധാരയില്‍ ഒരു നൂറ്റാണ്ടുകാലം മുസ്‌ലിം സമൂഹത്തിന് സമസ്ത കൃത്യമായ ദിശാബോധം നല്‍കി. വൈജ്ഞാനികവും ധാര്‍മികവുമായ ഈ മുന്നേറ്റത്തെ ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തുകയാണ് ആഘോഷത്തിന്റെ ലക്ഷ്യം. മനുഷ്യന്റെ ധാര്‍മിക പുരോഗതിയും സാമ്പത്തിക അഭിവൃദ്ധിയും മുന്നില്‍ക്കണ്ടുള്ള വിദ്യാഭ്യാസ, സാമൂഹിക, സാംസ്‌കാരിക രംഗങ്ങളില്‍ വലിയ മാറ്റങ്ങള്‍ ലക്ഷ്യമിടുന്ന കര്‍മപദ്ധതികള്‍ സമ്മേളനത്തില്‍ പ്രഖ്യാപിക്കും. സമസ്തയിലൂടെയും മുസ്‌ലിം ജമാഅത്ത് അടക്കമുള്ള കീഴ്ഘടകങ്ങളിലൂടെയും വരും വര്‍ഷങ്ങളില്‍ ഇവ നടപ്പിലാക്കും.

സയ്യിദ് അലി ബാഫഖി തങ്ങളുടെ പ്രാര്‍ഥനയോടെ സമ്മേളനം ആരംഭിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സയ്യിദ് കെ എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദര്‍ മുസ്‌ലിയാര്‍, സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, സി മുഹമ്മദ് ഫൈസി, ഡോ. മുഹമ്മദ് അബ്ദുല്‍ ഹകീം അസ്ഹരി, അബ്ദുല്ല അഹ്‌സനി ചെങ്ങാനി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബ്ദുല്‍ ജലീല്‍ സഖാഫി ചെറുശോല, അലവി സഖാഫി കൊളത്തൂര്‍ പ്രസംഗിക്കും.

വാര്‍ത്താസമ്മേളനത്തില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിമാരായ സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പ്ലാനിങ് സമിതി കണ്‍വീനര്‍ വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, സ്വാഗതസംഘം ചെയര്‍മാന്‍ അബു ഹനീഫല്‍ ഫൈസി തെന്നല, കണ്‍വീനര്‍ അലവി സഖാഫി കൊളത്തൂര്‍ പങ്കെടുത്തു.

 

Latest