Connect with us

Articles

ഡൽഹിക്ക് ശ്വസിക്കണം; ആര് സഹായിക്കും?

ഡല്‍ഹിയേക്കാള്‍ വായുമലിനീകരണ സാധ്യതകളുള്ള ടോക്യോ, കാലിഫോര്‍ണിയ, ലണ്ടന്‍ പോലെയുള്ള നഗരങ്ങള്‍ അതിനെ മനോഹരമായി അതിജീവിക്കുമ്പോള്‍ തലസ്ഥാന നഗരത്തിന്റെ ഈ ദുരവസ്ഥ പിടിപ്പുകേട് കൊണ്ട് തന്നെയാണ്. ആഘോഷങ്ങളും ആര്‍ഭാടങ്ങളും നിയന്ത്രണങ്ങള്‍ മറികടക്കുമ്പോള്‍ കൈകൊട്ടി ആവേശം കൂട്ടുന്ന പ്രവണത അധികാരികള്‍ കൈവിടേണ്ടതുണ്ട്.

Published

|

Last Updated

തലസ്ഥാന നഗരത്തിന് ഇത്തവണ നേരത്തേ ശ്വാസം മുട്ടുകയാണ്. അതും വളരെ ഭീകരമായി തന്നെ. കണക്കുകള്‍ പ്രകാരം കഴിഞ്ഞ അഞ്ച് വര്‍ഷത്തിലെ ഏറ്റവും മാരകമായ അന്തരീക്ഷ മലിനീകരണമാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഡല്‍ഹിയും സമീപ നഗരങ്ങളും നേരിടുന്നത്. സാധാരണ ഡിസംബര്‍ തുടക്കത്തോടെ പ്രതിസന്ധിയിലാകാറുള്ള നഗരം ഇത്തവണ ദീപാവലി കഴിഞ്ഞതോടെ തന്നെ വിഷലിപ്തമായി. ദീപാവലിയോടെ ഡല്‍ഹിയില്‍ വായുമലിനീകരണ ഗുണനിലവാരം പരിശോധിക്കുന്ന 38 കേന്ദ്രങ്ങളില്‍ 36ലും നിലവാരം ചുവപ്പ് ജാഗ്രതയിലെത്തിയെന്നാണ് കണക്ക്. രൂക്ഷമായ വെടിമരുന്നിന്റെ ഗന്ധവും ശ്വാസതടസ്സവുമായി ജനം പൊറുതിമുട്ടുകയാണ്.

സാധാരണയിലും കൂടുതല്‍ മഴ ലഭിച്ചതിനാല്‍ ഇതുവരെ താരതമ്യേന ഡല്‍ഹിയില്‍ വായുമലിനീകരണം കുറവായിരുന്നു. എന്നാല്‍, സുപ്രീം കോടതി ഇത്തവണ പടക്കം പൊട്ടിക്കുന്ന വിഷയത്തില്‍ നല്‍കിയ ഇളവുകള്‍ ഡല്‍ഹിയുടെ വായുമലിനീകരണത്തിലെ ഈ അടിയന്തരാവസ്ഥക്ക് ആക്കം കൂട്ടിയെന്ന് പറയാതിരിക്കാനാകില്ല. ദീപാവലിയുമായി ബന്ധപ്പെട്ട് പൊട്ടിത്തീര്‍ന്ന പടക്കങ്ങള്‍ തന്നെയാണ് വായുമലിനീകരണത്തിലെ ഏറ്റവും വലിയ വില്ലന്‍. മൂന്ന് ദിവസത്തേക്ക് ഹരിത പടക്കങ്ങള്‍ മാത്രം പൊട്ടിക്കാനുള്ള അനുമതിയായിരുന്നു സുപ്രീം കോടതി നല്‍കിയത്. എന്നാല്‍ ആഘോഷം ചൂട് പിടിച്ചപ്പോള്‍ അത് ഹരിത പടക്കങ്ങളിലൊതുങ്ങിയില്ല. അനുമതിയുടെ പിറകില്‍ എല്ലാ തരം പടക്കങ്ങളും ഡല്‍ഹിയിലേക്ക് ഒഴുകിയെത്തി. തലസ്ഥാന നഗരം ദീപാവലി ആഘോഷിച്ചു തീരുമ്പോഴേക്കും അന്തരീക്ഷം വീര്‍പ്പുമുട്ടി തുടങ്ങിയിരുന്നു.
സാധാരണയായി ഡല്‍ഹിയുടെ മലിനീകരണത്തില്‍ കൂടുതല്‍ പഴി കേള്‍ക്കാറുള്ളത് കര്‍ഷകരാണ്. വിളവെടുപ്പിന് ശേഷമുള്ള കാര്‍ഷികാവശിഷ്ടങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്നത് വായുമലിനീകരണത്തിന് കാരണമായിരുന്നു. പഞ്ചാബ്, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ ഡല്‍ഹിയുടെ അയല്‍ സംസ്ഥാനങ്ങളിലെ കൃഷിയിടങ്ങളിലെ പോലും അവശിഷ്ടങ്ങളും ചാരവും ഡല്‍ഹിയെ ശ്വാസം മുട്ടിക്കുന്നത് പതിവാണ്. ഒരു പരിധി വരെ ഇതിനെ നിയന്ത്രിക്കാനും ബോധവത്കരിക്കാനും സര്‍ക്കാറിനും കോടതിക്കും കഴിഞ്ഞിട്ടുണ്ടെങ്കിലും പൂര്‍ണാര്‍ഥത്തില്‍ ഇത് വിജയിക്കുന്നില്ല. ചെലവ് കുറഞ്ഞ രീതിയില്‍ കാര്‍ഷിക മാലിന്യങ്ങള്‍ സംസ്‌കരിക്കാന്‍ കര്‍ഷകര്‍ക്ക് ബദല്‍ മാര്‍ഗം നിര്‍ദേശിക്കാന്‍ കഴിയാത്തതും പ്രശ്‌നത്തെ സങ്കീര്‍ണമാക്കി. കര്‍ഷകരില്‍ സര്‍ക്കാര്‍ വിരോധം ജനിപ്പിക്കാനും പ്രതിഷേധം ആളിക്കത്തിക്കാനുമാണ് ഇത് വഴിയൊരുക്കിയതെന്ന് ചുരുക്കം. ഏറ്റവും എളുപ്പമുള്ള സംസ്‌കരണ രീതിയെന്നതും കത്തിച്ചതിന് ശേഷമുള്ള അവശിഷ്ടങ്ങള്‍ വരും വര്‍ഷത്തെ കൃഷിക്ക് വളമാകുമെന്നതും കര്‍ഷകരെ ഈ നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ പ്രേരിപ്പിച്ചുവെന്നതും ഇതിന്റെ മറ്റൊരു വശമാണ്. എന്നാലും ഇത്തവണത്തെ പ്രതിസന്ധിയില്‍ കര്‍ഷകര്‍ക്ക് വലിയ പങ്കില്ലെന്നാണ് മനസ്സിലാക്കുന്നത്. കര്‍ശനമായ പരിശോധനകളും സമയബന്ധിതമായ നടപടികളും ഒരു പരിധി വരെ ഇതിന് കടിഞ്ഞാണിട്ടിട്ടുണ്ട് എന്ന് പറയാം.

എന്നാല്‍ ഈ പ്രശ്‌നങ്ങളൊക്കെ നിലനില്‍ക്കുമ്പോള്‍ തന്നെ ഡല്‍ഹിയുടെ വായുമലിനീകരണത്തിലെ 40 ശതമാനത്തോളം വാഹനങ്ങളില്‍ നിന്നാണെന്ന കണക്ക് ശ്രദ്ധേയമാണ്. നിരത്തുകളിലെ ഇന്ധന വാഹനങ്ങളെ നിയന്ത്രിച്ചും ഇലക്ട്രിക് വാഹന വിപണിയെ പ്രോത്സാഹിപ്പിച്ചും സര്‍ക്കാര്‍ ഈ വിഷയത്തില്‍ കിണഞ്ഞു ശ്രമിച്ചിട്ടും പരാജയം തന്നെയായിരുന്നു ഫലം. ഇപ്പോള്‍ അവസാനമായി ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള ചരക്ക് വാഹനങ്ങളെ നിയന്ത്രിച്ചിരിക്കുകയാണ് സര്‍ക്കാര്‍. അപ്പോഴും ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന ചോദ്യം ബാക്കിയാണ്.

വ്യവസായ മേഖലയിലെ അവശിഷ്ടങ്ങളും ഈ വിഷയത്തില്‍ വലിയ പ്രതിസന്ധി തീര്‍ക്കുന്നുണ്ട്. കൃത്യമായ സംസ്‌കരണ സംവിധാനങ്ങളില്ലാത്ത വന്‍കിട വ്യവസായ ഫാക്ടറികള്‍ ഇന്നും ഡല്‍ഹിയില്‍ ധാരാളമുണ്ട്. ഇതില്‍ പലതില്‍ നിന്നും മാരകമായ വിഷവാതകങ്ങളാണ് പുറന്തള്ളപ്പെടുന്നതെന്നത് വ്യക്തമായൊരു യാഥാര്‍ഥ്യമാണ്. കര്‍ശനമായ നിയന്ത്രണങ്ങളോ പ്രായോഗികമായ സംവിധാനങ്ങളോ ഇല്ലാത്തതിനാല്‍ ഇന്നും ഡല്‍ഹിയില്‍ ഇത്തരം കമ്പനികള്‍ തല ഉയര്‍ത്തി നില്‍ക്കുന്നു.

2022 ആഗസ്റ്റില്‍ യു എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് ഇഫക്ട് ഇന്‍സ്റ്റിറ്റ്യൂട്ട് 700 നഗരങ്ങളില്‍ നടത്തിയ സര്‍വേയില്‍ ഡല്‍ഹിയിലെ വായുമലിനീകരണം ലോകത്തെ മറ്റേത് പ്രധാന നഗരങ്ങളേക്കാളും വളരെ മുകളിലാണെന്ന് കണ്ടെത്തിയിരുന്നു. മൊത്തം ഇന്ത്യയിലെ കണക്കെടുത്താല്‍ തന്നെ ഇന്ത്യയിലെ പ്രധാനപ്പെട്ട അഞ്ചാമത്തെ മരണ കാരണമാണ് വായുമലിനീകരണമെന്ന് കാണാം. പ്രതിവര്‍ഷം ഇത് രണ്ട് ലക്ഷത്തോളം ആളുകളെ കൊല്ലുന്നുണ്ട്. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ രോഗങ്ങളും ആസ്ത്മയും കാരണമുള്ള മരണങ്ങളില്‍ ലോകത്ത് ഒന്നാം സ്ഥാനവും ഇന്ത്യക്കാണ്. ഡല്‍ഹിയിലെ തന്നെ വായു ഗുണനിലവാര പ്രതിസന്ധി 2.2 ദശലക്ഷം കുട്ടികളുടെ ശ്വാസകോശത്തെ പൂര്‍ണമായി നശിപ്പിച്ചിട്ടുണ്ടെന്നും കണക്കുകള്‍ പറയുന്നു.
ഈ യാഥാര്‍ഥ്യങ്ങളെ വെറും കണക്കുകളായി എഴുതിത്തള്ളാന്‍ സാധിക്കില്ല. ഡല്‍ഹിയുടെ മലിനീകരണവുമായി ബന്ധപ്പെട്ട് 2019ല്‍ സുപ്രീം കോടതി നടത്തിയ ഒരു നിരീക്ഷണം ശ്രദ്ധേയമാണ്. ഡല്‍ഹി നരകത്തേക്കാള്‍ മോശമായിരിക്കുന്നുവെന്നാണ് അന്ന് സുപ്രീം കോടതി പറഞ്ഞത്. സ്‌ഫോടക വസ്തുക്കള്‍ വാങ്ങി എല്ലാവരെയും കൊല്ലുന്നതാണ് നല്ലതെന്നും ജസ്റ്റിസ്റ്റ് അരുണ്‍ മിശ്ര പരിഹസിച്ചു. എന്നാല്‍ കൊവിഡ് മഹാമാരി കാരണം രാജ്യം ലോക്ക്ഡൗണിലേക്ക് നീങ്ങിയപ്പോള്‍ ഡല്‍ഹിയിലെ വായു ഗുണനിലവാരം ഗണ്യമായി മെച്ചപ്പെട്ടിരുന്നതായി കാണാം. അതായത്, അപക്വമായ ഇടപെടലുകളും അശ്രദ്ധയും തന്നെയാണ് ഈ പ്രതിസന്ധിക്ക് കാരണമെന്ന് ചുരുക്കം.

2018ല്‍ ഭൗമശാസ്ത്ര മന്ത്രാലയം പുറത്തുവിട്ട ഔദ്യോഗിക കണക്കുകള്‍ പറയുന്നത് വായുമലിനീകരണത്തില്‍ 41 ശതമാനം വാഹനങ്ങളില്‍ നിന്നുള്ള പുകയും മറ്റുമാണെങ്കില്‍ ബാക്കി വരുന്ന 22.5 ശതമാനം മറ്റു പൊടിപടലങ്ങള്‍ മൂലവും 18 ശതമാനം വ്യാവസായിക അവശിഷ്ടങ്ങള്‍ മൂലവുമാണെന്നാണ്. എന്നാല്‍ ഇപ്പോഴത്തെ മാരകമായ വായുമലിനീകരണ പ്രതിസന്ധിക്ക് കാരണമായത് ദീപാവലി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പൊട്ടിച്ച പടക്കങ്ങളാണ്. ദീപാവലി ദിവസത്തെ രാത്രിയോടെ തന്നെ ഇവിടുത്തെ പി എം 2.5 സാന്ദ്രത ഏകദേശം 488 മൈക്രോ ഗ്രാം പെര്‍ ക്യൂബിക് മീറ്ററായി ഉയര്‍ന്നിരുന്നു. ഇത് ലോകാരോഗ്യ സംഘടനയുടെ നിർദേശിച്ച പരിധിയേക്കാള്‍ 24 മടങ്ങ് കൂടുതലാണ്. ഇതുമായി ബന്ധപ്പെട്ട് ഈ കഴിഞ്ഞ ദിവസങ്ങളില്‍ നഗരത്തിലെ ഓരോ നാല് വീടുകളില്‍ മൂന്ന് വീടുകളിലെങ്കിലും ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുന്നുണ്ടെന്നാണ് കണക്ക്. ഇതിനെ അതിജീവിക്കാന്‍ ജനങ്ങള്‍ ഇന്‍ഹേലറുകളും എയര്‍ പ്യൂരിഫയറുകളും വരെ ആശ്രയിച്ചു തുടങ്ങിയിട്ടുണ്ട്.

സര്‍വേ പ്രകാരം 75 ശതമാനം വീടുകളില്‍ വിഷവായുവിന്റെ ശക്തമായ ആഘാതം അനുഭവപ്പെടുന്നുണ്ട്. ഇതില്‍ 42 ശതമാനം വീടുകളിലും അംഗങ്ങള്‍ക്ക് തൊണ്ട വേദന, ചുമ തുടങ്ങിയവ റിപോര്‍ട്ട് ചെയ്തു. 25 ശതമാനം ആളുകള്‍ക്ക് കണ്ണെരിച്ചില്‍, തലവേദന, ഉറക്കമില്ലായ്മ എന്നിവയും കണ്ടെത്തിയിട്ടുണ്ട്. കൂടാതെ പൊതുജനങ്ങളോട് അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ വീട് വിട്ട് പുറത്തിറങ്ങരുതെന്ന നിര്‍ദേശവുമുണ്ട്. പുറത്തിറങ്ങുന്നവര്‍ മാസ്‌കും സംരക്ഷണ കണ്ണടയും ധരിക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഇതര സംസ്ഥാന വാഹനങ്ങള്‍ക്ക് നഗരത്തില്‍ വിലക്കേര്‍പ്പെടുത്തിയതോടൊപ്പം പ്രതിസന്ധിയുടെ ആക്കം കുറക്കാന്‍ കൃത്രിമ മഴയെ ആശ്രയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. സാധാരണയില്‍ വാഹനക്കമ്പനികള്‍ 15 വര്‍ഷം ആരോഗ്യകരമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് അവകാശപ്പെടുന്ന വണ്ടികള്‍ക്ക് പോലും ഡല്‍ഹിയില്‍ പത്ത് വര്‍ഷമേ ആയുസ്സ് അനുവദിക്കുന്നുള്ളൂ.

ഇത്രയും ഭയാനകമായൊരു പ്രതിസന്ധിയെ അധികാരികള്‍ കുറുച്ചു കൂടി പ്രായോഗികമായി സമീപിക്കേണ്ടതുണ്ട്. താത്കാലികമായ പ്രതിരോധ പ്രവര്‍ത്തനങ്ങളും സമീപനങ്ങളും കൈക്കൊള്ളുന്നതിനപ്പുറം ശാശ്വതമായ പരിഹാരങ്ങളിലേക്കാണ് നടപടികള്‍ പോകേണ്ടത്. ഡല്‍ഹിയേക്കാള്‍ വായുമലിനീകരണ സാധ്യതകളുള്ള ടോക്യോ, കാലിഫോര്‍ണിയ, ലണ്ടന്‍ പോലെയുള്ള നഗരങ്ങള്‍ അതിനെ മനോഹരമായി അതിജീവിക്കുമ്പോള്‍ തലസ്ഥാന നഗരത്തിന്റെ ഈ ദുരവസ്ഥ പിടിപ്പുകേട് കൊണ്ട് തന്നെയാണ്. ആഘോഷങ്ങളും ആര്‍ഭാടങ്ങളും നിയന്ത്രണങ്ങള്‍ മറികടക്കുമ്പോള്‍ കൈകൊട്ടി ആവേശം കൂട്ടുന്ന പ്രവണത അധികാരികള്‍ കൈവിടേണ്ടതുണ്ട്. കോര്‍പറേറ്റുകളെയും വ്യവസായ സ്ഥാപനങ്ങളെയും രാജ്യം കുറച്ചുകൂടി ധാര്‍മികത പഠിപ്പിച്ചു കൊടുക്കാനുമുണ്ട്.

ഇന്ത്യ പോലെ ജനസംഖ്യയില്‍ ഒന്നാമത് നില്‍ക്കുന്ന ഒരു രാജ്യത്തിന്റെ തലസ്ഥാനത്ത് പരിഹാരം അത്ര എളുപ്പമാണെന്ന് പറയാന്‍ കഴിയില്ല. അതിനാല്‍ ഒരു പരിധി വരെയെങ്കിലും ജനങ്ങളും ഇതിനോട് ചേര്‍ന്ന് നില്‍ക്കേണ്ടതുണ്ട്. തലസ്ഥാന നഗരത്തിന് ശ്വാസം തിരിച്ച് കിട്ടണമെന്ന് പ്രത്യാശിക്കാം.

Latest