Ongoing News
ഐ സി സി ഏകദിന റാങ്കിംഗ്: 38-ാം വയസ്സില്‍ ഒന്നാമതെത്തി രോഹിത് ശര്‍മ, നേട്ടം കരിയറിലാദ്യം
ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരം. 781 റേറ്റിംഗ് പോയന്റാണ് രോഹിത്തിനുള്ളത്.
ദുബൈ | ഐ സി സി ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മ. കരിയറിലാദ്യമായാണ് രോഹിത് പ്രഥമ റാങ്ക് സ്വന്തമാക്കുന്നത്. 38ാം വയസ്സിലാണ് നേട്ടം രോഹിതിനെ തേടിയെത്തിയത്. ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന ഏറ്റവും പ്രായം കൂടിയ ഇന്ത്യന്‍ താരം കൂടിയായിരിക്കുകയാണ് രോഹിത്. 781 റേറ്റിംഗ് പോയന്റാണ് താരത്തിനുള്ളത്.
ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ നേടിയ അര്‍ധ ശതകവും (73) മൂന്നാം മത്സരത്തില്‍ പുറത്താകാതെ അടിച്ചെടുത്ത ശതകവു (121) മാണ് രോഹിതിനെ ഒന്നാം റാങ്കിലേക്ക് ഉയര്‍ത്തിയത്. നിലവിലെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിനെ മറികടന്നാണ് നേട്ടം സ്വന്തമാക്കിയത്. ഗില്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ ഇബ്‌റാഹിം സര്‍ദ്രാന്‍ രണ്ടാം സ്ഥാനത്തേക്ക് കയറി. ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരക്ക് മുമ്പ് 743 ആയിരുന്നു രോഹിതിന്റെ രണ്ടാം റേറ്റിംഗ് പോയിന്റ്. പരമ്പരയുടെ താരമായി രോഹിത് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഐസിസി ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനത്തെത്തുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രോഹിത്. സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മഹേന്ദ്ര സിംഗ് ധോണി, വിരാട് കോലി, ശുഭ്മാന്‍ ഗില്‍ എന്നിവരാണ് രോഹിത്തിന് മുമ്പ് ഏകദിന റാങ്കിംഗില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഇന്ത്യന്‍ താരങ്ങള്‍.
വിരാട് കോലി അഞ്ചാം സ്ഥാനത്തു നിന്ന് ആറിലേക്കിറങ്ങി. ആസ്‌ത്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായതാണ് കോലിക്ക് തിരിച്ചടിയായത്. മൂന്നാം മത്സരത്തില്‍ പുറത്താകാതെ നേടിയ അര്‍ധ ശതകം കോലിയെ തുണച്ചില്ല. രോഹിത്തും ഗില്ലും കോലിയും ശ്രേയസുമാണ് ആദ്യ പത്തിലുള്ള ഇന്ത്യന്‍ താരങ്ങള്‍. രണ്ടാം ഏകദിനത്തില്‍ അര്‍ധ ശതകം നേടിയ ശ്രേയസ് അയ്യര്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തി ഒമ്പതാം സ്ഥാനത്തുണ്ട്.


