Kerala
ക്ഷേമ പെന്‍ഷന്‍ വര്‍ധന, സ്ത്രീകള്‍ക്ക് സുരക്ഷാ പെന്‍ഷന്‍; വമ്പന്‍ ജനകീയ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍
ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചു. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്ത സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സുരക്ഷാ പെന്‍ഷന്‍
തിരുവനന്തപുരം | വിവിധ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസമാകുന്ന വമ്പന്‍ പ്രഖ്യാപനങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് വാര്‍ത്താ സമ്മേളനത്തില്‍ പദ്ധതികള്‍ പ്രഖ്യാപിച്ചത്.
ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി
ക്ഷേമ പെന്‍ഷന്‍ 2000 രൂപയാക്കി വര്‍ധിപ്പിച്ചു. 400 രൂപ വര്‍ധിപ്പിച്ചാണ് 1600ല്‍ നിന്നാണ് 2000 ആയി ഉയര്‍ത്തിയത്.
സ്ത്രീകള്‍ക്ക് പ്രതിമാസം 1000 രൂപ വീതം സുരക്ഷാ പെന്‍ഷന്‍
പാവപ്പെട്ട കുടുംബങ്ങളിലെ സ്ത്രീകള്‍ക്ക് വന്‍ പദ്ധതികള്‍ നടപ്പാക്കും. സാമൂഹിക ക്ഷേമ പദ്ധതികളുടെ ഗുണഭോക്താക്കളല്ലാത്ത സ്ത്രീകള്‍ക്ക് സാമ്പത്തിക സഹായം നല്‍കും. പ്രതിമാസം 1000 രൂപ വീതം സുരക്ഷാ പെന്‍ഷന്‍ നല്‍കും. 33 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് പദ്ധതിയുടെ ഗുണം ലഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
നെല്ലിന്റെ സംഭരണ വില ഉയര്‍ത്തി; ആശമാരുടെയും അങ്കണ്‍വാടി വര്‍ക്കര്‍മാരുടെയും ഓണറേറിയം വര്‍ധിപ്പിച്ചു
ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു. നെല്ലിന്റെ സംഭരണവില 28ല്‍ നിന്ന് 30ലേക്ക് വര്‍ധിപ്പിച്ചു. . അങ്കണ്‍വാടി വര്‍ക്കര്‍മാരുടെയും ഹെല്‍പ്പര്‍മാരുടെയും ഓണറേറിയവും 1000 രൂപ വര്‍ധിപ്പിച്ചു. റബറിന്റെ താങ്ങുവില 180ല്‍ നിന്ന് 200 രൂപയാക്കി ഉയര്‍ത്തി. ഡി എ/ഡി ആര്‍ കുടിശ്ശിക ഒരു ഗഡു കൂടി നല്‍കും. നവം: ഒന്നു മുതല്‍ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കും. ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പ് പാലിക്കുന്നതില്‍ വിട്ടുവീഴ്ചയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
അഗ്നിരക്ഷാ സേന: 12 വനിതാ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കും
അഗ്നിരക്ഷാ സേവന വകുപ്പില്‍ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികയില്‍ വനിതകളെ നിയമിക്കുന്നതിന് പുതിയതായി 12 വനിതാ സ്റ്റേഷന്‍ ഓഫീസര്‍ തസ്തികകള്‍ സൃഷ്ടിക്കും. ഇപ്രകാരം സൃഷ്ടിക്കുന്ന തസ്തികകളില്‍ 50 ശതമാനത്തില്‍ പി എസ് സി വഴി നേരിട്ടും, 50 ശതമാനത്തില്‍ ഇപ്പോള്‍ സര്‍വ്വീസിലുള്ള വനിതാ ഫയര്‍ ഓഫീസര്‍മാരില്‍ നിന്നും നിയമനം നടത്തും.
കൂട്ടിക്കല്‍ പ്രളയം: മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവ്
കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ ഉണ്ടായ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ട 25 പേര്‍ക്ക് ഒരാള്‍ക്ക് വീട് ഉള്‍പ്പെടെ പരമാവധി എഴ് സെന്റ് എന്ന വ്യവസ്ഥയില്‍ സൗജന്യമായി കൈമാറുന്ന വസ്തുവിന്റെ രജിസ്ട്രേഷന് മുദ്രവിലയിലും രജിസ്ട്രേഷന്‍ ഫീസിലും ഇളവ് നല്‍കും. 26,78,739 രൂപയുടെ ഇളവാണ് നല്‍കുക.
നെല്ല് സംഭരണം
നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മില്ലുടമകളുമായി ഇന്ന് ചര്‍ച്ച ഇന്ന് നടന്നു. നെല്ല് സംസ്‌കരണ മില്ലുടമകള്‍ക്ക് 2022-23 സംഭരണ വര്‍ഷം ഔട്ട് ടേണ്‍ റേഷ്യോയുമായി ബന്ധപ്പെട്ട് നല്‍കാനുള്ള നഷ്ടപരിഹാര തുകയായ 63.37 കോടി രൂപ അനുവദിക്കുന്ന കാര്യം മന്ത്രിസഭ പരിഗണിക്കും. കേന്ദ്രം നിശ്ചയിച്ച 68 ശതമാനമെന്ന ഔട്ട് ടേണ്‍ റേഷ്യോയില്‍ മാറ്റം വരുത്താന്‍ സംസ്ഥാനത്തിന് അധികാരമില്ല. കേരളത്തിന്റെ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രം നിശ്ചയിച്ച മാനദണ്ഡങ്ങള്‍ പ്രകാരം നെല്ല് സംഭരിക്കാന്‍ പ്രയാസം അനുഭവിക്കുകയാണ്. അതിനാല്‍ ഈ പ്രശ്നങ്ങള്‍ പരിഹരിക്കാനാവശ്യമായ തീരുമാനം കൈക്കൊള്ളാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് മില്ലുടമകള്‍ക്ക് നഷ്ടം ഉണ്ടാവുകയാണെങ്കില്‍ സംസ്ഥാന സര്‍ക്കാര്‍ ധനസഹായം നല്‍കുന്നതില്‍ ഇടപെടുകയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ 2025-26 സംഭരണവര്‍ഷം മുതല്‍ ഔട്ട് ടേണ്‍ റേഷ്യോയിലെ വ്യത്യാസം മൂലം മില്ലുടമകള്‍ക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കുന്നതിന് ന്യായമായ നടപടി സര്‍ക്കാര്‍ കൈക്കൊള്ളും. നെല്ല് കടത്തുന്നതുമായി ബന്ധപ്പെട്ട ട്രാന്‍സ്പോര്‍ട്ടേഷന്‍ ചാര്‍ജ് അനുവദിച്ചു നല്‍കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് ലഭിക്കുന്ന മുറയ്ക്ക് പൂര്‍ണമായും മില്ലുടമകള്‍ക്ക് നല്‍കാനും ധാരണയായി.


