Articles
എല്‍ ഐ സിക്ക് അദാനിയുടെ സംരക്ഷണച്ചുമതലയോ?
മുപ്പത് കോടിയിലധികം പോളിസി ഉടമകളാണ് എല്‍ ഐ സിയില്‍ ഉള്ളത്. അവരെയാകെ അദാനിക്ക് വിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ആ പാവങ്ങള്‍ക്കറിയില്ല തങ്ങള്‍ നല്‍കുന്ന പണം അദാനിക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് എന്ന്.
എല്‍ ഐ സി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ലൈഫ് ഇന്‍ഷ്വറന്‍സ് കോര്‍പറേഷന്റെ പേര് കേള്‍ക്കാത്തവരായി ഇന്ത്യയിലെ വിദൂര ഗ്രാമങ്ങളില്‍ പോലും ആരും ഉണ്ടാകില്ല. അവരുടെ ചിഹ്നം നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടോ? ഒരു ദീപനാളത്തെ രണ്ട് കൈകള്‍ കൊണ്ട് സംരക്ഷിക്കുന്ന ചിത്രമാണത്. അത് വളരെ അര്‍ഥവത്താണ്. ഇന്ത്യയിലെ ദരിദ്ര ഇടത്തരം കുടുംബങ്ങളുടെ സുരക്ഷ ഞങ്ങള്‍ ചെയ്യുന്നു എന്നാണ് അതിനര്‍ഥം. മോദി- ബി ജെ പി സര്‍ക്കാര്‍ ഇപ്പോഴും ശത്രുവായിക്കാണുന്ന ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവാണ് പൊതുമേഖലയില്‍ ഇത്തരം ഒരു സ്ഥാപനം കൊണ്ടുവന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷം മനുഷ്യരും കൃഷിയും കൈത്തൊഴിലുകളും ചെറുകിട വ്യാപാരവും പോലുള്ള അനൗപചാരിക തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരാണ്. അവരുടെ ഗൃഹനാഥന്‍ അഥവാ അന്നന്നത്തെ അപ്പം സമ്പാദിക്കുന്നയാള്‍ പെട്ടെന്ന് മരണപ്പെട്ടാല്‍ കുടുംബം അനാഥമാകരുതെന്ന ഒരു ലക്ഷ്യമാണ് ഈ സ്ഥാപനത്തിന് പ്രാഥമികമായി ഉണ്ടായിരുന്നത്. ആ കുടുംബത്തെ സംരക്ഷിക്കും എന്ന ഉറപ്പാണ് അവര്‍ നല്‍കുന്നത്. ഇന്ത്യയിലെ മഹാഭൂരിപക്ഷവും അതില്‍ അംഗങ്ങളായിരുന്നു.
വീട് വെക്കാന്‍ അവരില്‍ നിന്ന് വായ്പയെടുത്ത കുടുംബനാഥന്‍ മരണപ്പെട്ടാല്‍ വീട്ടുകാര്‍ക്ക് ഇറങ്ങിപ്പോകേണ്ടി വരികയില്ല എന്ന ഉറപ്പ് അത്ര നിസ്സാരമല്ല. മറ്റേതൊരു സ്ഥാപനത്തില്‍ നിന്ന് വായ്പയെടുത്താലും ഇതാകില്ല അവസ്ഥ. അതോടൊപ്പം എല്‍ ഐ സി ഏജന്റുമാരെന്ന രീതിയില്‍ ലക്ഷക്കണക്കിന് മനുഷ്യരുടെ വരുമാനമാര്‍ഗവുമായിരുന്നു ഇത്. രാഷ്ട്രീയ, സാമൂഹിക മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്ന പലരും ഇതിന്റെ ഏജന്റുമാരായിരുന്നു. സാമൂഹിക പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനിടയില്‍ ഇതൊരു ഒഴിവുസമയ തൊഴിലും വരുമാനവുമായി അവരെ നിലനിര്‍ത്തിയിരുന്നു. 30 കോടി പോളിസി ഉടമകളില്‍ നിന്നുമായി അനേകായിരം കോടികളാണ് ഓരോ വര്‍ഷവും അവരുടെ കൈകളില്‍ എത്തിപ്പെട്ടിരുന്നത്. സര്‍ക്കാര്‍ സ്ഥാപനം എന്ന വിശ്വാസവും ജനങ്ങള്‍ക്കുണ്ടല്ലോ.
പൊതുമേഖലയിലെ ബേങ്കുകള്‍, പ്രത്യേകിച്ചും 1969ല്‍ ഇന്ദിരാ ഗാന്ധിയുടെ ബേങ്ക് ദേശസാത്കരണത്തിനു ശേഷം ഗ്രാമങ്ങളിലാകെ പടരുകയും ഗ്രാമീണരുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി അവയെ പരുവപ്പെടുത്തുകയും ചെയ്തു. സാമ്പത്തിക മേഖലയില്‍ ഇത്തരത്തിലുള്ള സര്‍ക്കാര്‍ ഇടപെടലുകളാണ് കടുത്ത ആഗോള മാന്ദ്യ കാലത്തും ഇന്ത്യന്‍ സാമ്പത്തിക ഘടനയെ പിടിച്ചുനിര്‍ത്തിയത് എന്ന കാര്യം ഇന്നെല്ലാവരും അംഗീകരിക്കുന്നു. സമ്പൂര്‍ണ ഉദാരവത്കരണ നയങ്ങള്‍ മൂലം ജനജീവിതം പൂര്‍ണമായി കമ്പോളത്തിന് വിട്ടുനല്‍കാന്‍ ഇന്ത്യ തയ്യാറല്ലായിരുന്നു.
എന്നാല്‍ പിന്നീട് നാം കാണുന്നത് ഇതിന്റെ നേരെ എതിര്‍ ദിശയിലേക്കുള്ള മാറ്റങ്ങളാണ്. പുത്തന്‍ ഉദാരവത്കരണ നയങ്ങളുടെ ഫലമായി ഉയര്‍ന്നുവന്ന പുതിയ ഉപരി മധ്യവര്‍ഗവും അവരിലേക്കെത്തണം എന്ന് വ്യര്‍ഥമായി ആശിക്കുന്ന ഒരു കീഴ് മധ്യവര്‍ഗവും ഇവിടെ അതിവേഗം വളര്‍ന്നു വരുന്നതാണ്. അവരായി നാടിന്റെ രാഷ്ട്രീയ ഭാവിയുടെ നിര്‍ണായക ഘടകങ്ങള്‍. അവരുടെ താത്പര്യങ്ങള്‍ കമ്പോളത്താല്‍ നിയന്ത്രിതമാണ്. യാഥാര്‍ഥ്യബോധം വളരെ കുറഞ്ഞ അവരുടെ അതിമോഹം മൂലം അതിവേഗ ലാഭത്തിനായി സ്വകാര്യ കോര്‍പറേറ്റുകള്‍ ഇടുന്ന ചൂണ്ടയില്‍ കുടുങ്ങുന്നവരായി മാറി. പൊതുമേഖല എന്നാല്‍ കാര്യക്ഷമതയില്ലാത്തതാണെന്നും സ്വകാര്യ മേഖലയിലൂടെ നാട് വികസിക്കുമെന്നുമുള്ള സങ്കീര്‍ത്തനം ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ അവര്‍ വിശ്വസിച്ചു. പുതിയ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയും ഭ്രമിപ്പിക്കുന്നതായിരുന്നു. ഇതിലൂടെയാണ് സ്വകാര്യ ന്യൂജെന്‍ ബേങ്കുകളും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും വളര്‍ന്നു വന്നത്. നോട്ട് നിരോധനം പോലുള്ള നടപടികള്‍ ഇതിന്റെ ഭാഗമായി സര്‍ക്കാര്‍ എടുത്തതാണ്. എന്നാല്‍ ഈ പുതിയ സ്ഥാപനങ്ങള്‍ സാധാരണക്കാരന്റെ ആവശ്യങ്ങള്‍ക്ക് ഉപകരിക്കില്ലെന്നറിയാന്‍ അധികകാലം വേണ്ടി വന്നില്ല. പാവപ്പെട്ട കര്‍ഷകര്‍ക്കോ ഗ്രാമീണര്‍ക്കോ ഇതുകൊണ്ടൊരു പ്രയോജനവുമില്ല. ചെറിയ തോതിലുള്ള വ്യാപാരമൊന്നും അവരുടെ പ്രവര്‍ത്തന മേഖലയിലില്ല. ഇതെല്ലാം കൊണ്ട് തന്നെ മഹാഭൂരിപക്ഷം മനുഷ്യര്‍ക്കും ഇപ്പോഴും പൊതുമേഖലാ ബേങ്കുകളും ഇന്‍ഷ്വറന്‍സ് സ്ഥാപനങ്ങളും തന്നെയാണ് ആശ്രയം.
ഇന്‍ഷ്വറന്‍സ് മേഖല എന്നത് സുരക്ഷിതത്വം ലക്ഷ്യമാക്കിയുള്ളതാണല്ലോ. പാശ്ചാത്യ രാജ്യങ്ങളിലെല്ലാം ഇന്‍ഷ്വറന്‍സ് നല്‍കുന്നത് ജീവനല്ല, മറിച്ച് അവയവങ്ങള്‍ക്കും വാഹനങ്ങള്‍ക്കും കെട്ടിടങ്ങള്‍ക്കും മറ്റുമാണ്. ജീവന്‍ നഷ്ടപ്പെട്ട് പണം കിട്ടുന്നത് വഴി ഒരു കുടുംബം സംരക്ഷിക്കപ്പെടണം എന്ന ആവശ്യമൊന്നും അവര്‍ക്കില്ല. സ്വന്തം ആവശ്യങ്ങള്‍ക്കാണ് അവര്‍ ഇന്‍ഷ്വറന്‍സ് എടുക്കുന്നത്. ജീവന്‍ നഷ്ടപ്പെട്ടാല്‍ പണം കിട്ടുന്ന ഒരു അവകാശി ഉണ്ടെന്നത് ഒരാളുടെ ജീവന് തന്നെ ഭീഷണിയാകും. കാരണം കുടുംബം എന്ന നമ്മുടെ സങ്കല്‍പ്പമല്ല അവിടെയുള്ളത്.
മുന്‍കാലങ്ങളില്‍ പൊതുആവശ്യങ്ങളായ ബസ് സ്റ്റേഷന്‍, ആശുപത്രി, വിദ്യാലയം മുതലായവ നിര്‍മിക്കാനാണ് എല്‍ ഐ സി പോലുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ കൈയിലുള്ള പണം മുടക്കിയിരുന്നത്. എന്നാല്‍ ഇവിടെ ജനങ്ങള്‍ തങ്ങളുടെ സുരക്ഷക്കായി മുടക്കുന്ന പണം വലിയ തോതില്‍ കിടക്കുന്നത് കോര്‍പറേറ്റുകളുടെ താത്പര്യത്തിനെതിരാണ്. അതുകൊണ്ട് തന്നെ പൊതുമേഖലാസ്ഥാപനങ്ങളിലെ പണം ഓഹരിക്കമ്പോളമടക്കമുള്ളവയില്‍ നിക്ഷേപിക്കുക എന്ന നയം വന്നു. തൊഴിലാളികളുടെ പി എഫില്‍ നിക്ഷേപിച്ചിരിക്കുന്ന പണം ഇങ്ങനെ ഊഹക്കച്ചവടത്തിന്റെ കമ്പോളത്തില്‍ നിക്ഷേപിക്കുന്നതുമായി ബന്ധപ്പെട്ട് ചില ചര്‍ച്ചകളും ആരോപണങ്ങളും വന്നിരുന്നല്ലോ. നമ്മള്‍ നിക്ഷേപകര്‍ എന്ന രീതിയില്‍ ചുവപ്പു പരവതാനി വിരിച്ച് സ്വീകരിക്കുന്ന പലരുടെയും യഥാര്‍ഥ മുതല്‍മുടക്ക് വളരെ കുറവായിരിക്കും. അവര്‍ പൊതുമേഖലാ ബേങ്കുകളില്‍ നിന്നെടുക്കുന്ന കടമായിരിക്കും ഇവിടെ മുടക്കുന്നത്. ബിസിനസ്സ് നഷ്ടമായാല്‍ അവര്‍ക്കൊന്നുമില്ല. പണം ജനങ്ങള്‍ക്ക് നഷ്ടമായി. പൊതുമേഖലാ ബേങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് കിട്ടാക്കടമാക്കി മാറ്റിയ പല വമ്പന്മാരുടെയും കഥകള്‍ നമ്മള്‍ കേട്ടിട്ടുമുണ്ട്. ഇതില്‍ മിക്കവരും ഉന്നത രാഷ്ട്രീയ നേതാക്കളുടെ അടുത്ത സുഹൃത്തുക്കളോ അല്ലെങ്കില്‍ ബിനാമികള്‍ തന്നെയോ ആയിരിക്കുകയും ചെയ്യും. കോര്‍പറേറ്റുകളുടെ രക്ഷക്കുള്ള സ്ഥാപനങ്ങളായി പൊതുപണം കൈകാര്യം ചെയ്യുന്ന സ്ഥാപനങ്ങള്‍ മാറി എന്ന് ചുരുക്കം.
ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അമേരിക്കയിലെ പ്രമുഖ പത്രമായ വാഷിംഗ്ടണ്‍ പോസ്റ്റ് പുറത്തുവിട്ട ഒരു വാര്‍ത്ത ആരെയും ഞെട്ടിക്കുന്നതാണ്. ഈ മേയ് മാസത്തില്‍ കേന്ദ്ര ധനകാര്യ വകുപ്പിന്റെ കീഴിലുള്ള ഒരു ഘടകത്തിന്റെ (ഡി എഫ് എസ്) ഒരു കരട് നിര്‍ദേശം പൊതുമേഖലാ സ്ഥാപനമായ എല്‍ ഐ സിക്ക് നല്‍കിയെന്നായിരുന്നു റിപോര്‍ട്. ഇന്ത്യന്‍ ഭരണകൂടത്തിന്റെയും വിശേഷിച്ച് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെയും ഏറ്റവും വേണ്ടപ്പെട്ട സുഹൃത്തായ അദാനി ഗ്രൂപ്പിനെ ഒരു കെണിയില്‍ നിന്ന് രക്ഷിക്കാന്‍ വേണ്ടി 3.9 ബില്യണ്‍ യു എസ് ഡോളര്‍ (ഇന്ത്യന്‍ രൂപയില്‍ പറഞ്ഞാല്‍ 36,000 കോടി) നല്‍കണം എന്നായിരുന്നു എല്‍ ഐ സിക്ക് നല്‍കിയ നിര്‍ദേശം. ഇത് കേവലം ധനവകുപ്പിന്റെ മാത്രം തീരുമാനമല്ല, നിതി ആയോഗും (മുന്‍കാലത്തെ ആസൂത്രണ കമ്മീഷന്‍) ഉണ്ട്. ഈ തീരുമാനത്തില്‍ എല്‍ ഐ സിയുടെ ഉന്നതര്‍ക്കും പങ്കുണ്ടെന്നാണ് പത്രം പറയുന്നത്. ധനവകുപ്പിന്റെ അംഗീകാരവും നേടിയിട്ടുണ്ട്.
ഈ വാര്‍ത്ത പുറത്തുവന്ന ഉടനെ തന്നെ എല്‍ ഐ സി അധികൃതരുടെ നിഷേധക്കുറിപ്പും വന്നു. ഇത്തരത്തില്‍ യാതൊരു നിര്‍ദേശങ്ങളും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നും തങ്ങളുടെ പണം എങ്ങനെ നിക്ഷേപിക്കണമെന്ന് തീരുമാനിക്കാനുള്ള പൂര്‍ണമായ സ്വാതന്ത്ര്യം എല്‍ ഐ സിക്ക് തന്നെയാണെന്നുമായിരുന്നു അവരുടെ നിഷേധക്കുറിപ്പ്. ഇത്തരം വാര്‍ത്തകള്‍ക്കു പിന്നില്‍ എല്‍ ഐ സി എന്ന സ്ഥാപനത്തിന്റെ വിശ്വാസ്യത തന്നെ തകര്‍ക്കുക എന്ന ലക്ഷ്യമുണ്ടാകാമെന്നു കൂടി അവര്‍ പറഞ്ഞുവെക്കുന്നു. റിലയന്‍സ്, ടാറ്റ തുടങ്ങിയ സ്ഥാപനങ്ങളെ അപേക്ഷിച്ച് വളരെ കുറവ് പണം (5,000 കോടി രൂപ) മാത്രമാണ് അദാനി ഗ്രൂപ്പിലുള്ളതെന്നും അത് തങ്ങളുടെ മൊത്തം കമ്പോള നിക്ഷേപത്തിന്റെ ഒരു ശതമാനം മാത്രമാണെന്നും അവര്‍ വിശദീകരിക്കുന്നു.
മുപ്പത് കോടിയിലധികം പോളിസി ഉടമകളാണ് എല്‍ ഐ സിയില്‍ ഉള്ളത്. അവരെയാകെ അദാനിക്ക് വിട്ടിരിക്കുകയാണ് സര്‍ക്കാര്‍. ആ പാവങ്ങള്‍ക്കറിയില്ല തങ്ങള്‍ നല്‍കുന്ന പണം അദാനിക്ക് സംരക്ഷണ കവചം ഒരുക്കുകയാണ് എന്ന്. അമേരിക്കയിലെ സാമ്പത്തിക സ്ഥാപനമായ ഹൈഡന്‍ ബെര്‍ഗ് അദാനിക്കെതിരെ ഗുരുതരമായ നിയമലംഘനങ്ങള്‍ നടത്തി എന്ന ആരോപണം ഉന്നയിച്ചിരുന്നു. സുപ്രീം കോടതി നിര്‍ദേശമനുസരിച്ച് ഇക്കാര്യം അന്വേഷിച്ച ഓഹരിക്കമ്പോളം നിയന്ത്രിക്കുന്ന സ്ഥാപനം അദാനിയെ കുറ്റവിമുക്തനുമാക്കിയിരുന്നു.
ഈ റിപോര്‍ട്ട് വളരെ ഗൗരവമുള്ള ഒന്നാണെന്നും ഇത് സംബന്ധിച്ച് പാര്‍ലമെന്റിന്റെ പൊതു അക്കൗണ്ട്സ് സമിതി (പി എ സി) അന്വേഷിക്കണമെന്നും കോണ്‍ഗ്രസ്സ് ആവശ്യപ്പെട്ടു കഴിഞ്ഞു. അദാനിയും മോദി സര്‍ക്കാറും തമ്മിലുള്ള അടുപ്പം ഇന്നൊരു രഹസ്യമല്ല. ഗുജറാത്തില്‍ മോദി മുഖ്യമന്ത്രിയായി വരുന്ന കാലത്ത് അദാനി ഗ്രൂപ്പ് കമ്പനികളെ പറ്റി ആര്‍ക്കും അറിയില്ലായിരുന്നു. കണ്ണടച്ചു തുറക്കുന്ന വേഗത്തില്‍ അവര്‍ വളര്‍ന്നത് ഗുജറാത്ത് സര്‍ക്കാറിന്റെ സൗജന്യങ്ങള്‍ കൊണ്ട് മാത്രമാണ്. പ്രധാനമന്ത്രിയായതോടെ മോദി- അദാനി ബന്ധം വളര്‍ന്നു. ഇപ്പോള്‍ കോര്‍പറേറ്റ് സംഘങ്ങള്‍ക്കിടക്ക് ‘മോദാനി’ എന്ന ചെല്ലപ്പേരും ഉണ്ട്.
ഇതിലൊന്നും അത്ഭുതപ്പെടാനില്ലെന്നാണ് മുന്‍കാല അനുഭവങ്ങള്‍ കാണിക്കുന്നത്. ഇതിനെല്ലാം മുമ്പ് 2023ല്‍ അദാനിയുടെ ഓഹരി വിലകള്‍ 32 ശതമാനം കുറഞ്ഞപ്പോള്‍ എല്‍ ഐ സിയും സ്റ്റേറ്റ് ബേങ്ക് ഓഫ് ഇന്ത്യയും 525 കോടി രൂപ അവരുടെ ഓഹരികളില്‍ ഇറക്കിയാണ് കമ്പോളത്തില്‍ അവരുടെ വിശ്വാസ്യത ഉയര്‍ത്തിയെടുത്തത്. അതിനുള്ള ന്യായീകരണമായി അന്ന് പറഞ്ഞത് തന്നെ ‘അദാനി ഗ്രൂപ്പിന്റെ ആത്മവിശ്വാസം വര്‍ധിപ്പിക്കാനും മറ്റു നിക്ഷേപകരെ അതില്‍ മുതല്‍ മുടക്കാന്‍ പ്രേരിപ്പിക്കാനും’ എന്നായിരുന്നു. അദാനി ഓഹരികള്‍ ഇടിഞ്ഞപ്പോള്‍ നാട്ടുകാരുടെ പണമെടുത്ത് അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്ന ഒരു സര്‍ക്കാറാണിത് എന്ന് വ്യക്തം.
‘ക്രോണി മുതലാളിമാരുടെ’ താത്പര്യത്തിനു വേണ്ടി പൊതുപണം ധൂര്‍ത്തടിക്കുന്നത് അന്ന് മാത്രമല്ല. 2024 സെപ്തംബര്‍ 21ന് നാല് മണിക്കൂര്‍ നേരത്തെ കച്ചവടത്തില്‍ മാത്രം എല്‍ ഐ സിക്ക് നഷ്ടമായത് 7,580 കോടി രൂപയായിരുന്നു. ഗൗതം അദാനിയെയും അവരുടെ ഏഴ് സഹകൂട്ടാളികളെയും അമേരിക്കന്‍ കോടതി ശിക്ഷിച്ചപ്പോഴായിരുന്നു ആ നഷ്ടം. ഇന്ത്യയിലെ ഒരു വലിയ സോളാര്‍ പദ്ധതിയുടെ ഓര്‍ഡര്‍ ലഭിക്കുന്നതിന് വേണ്ടി 2,000 കോടി രൂപ കൈക്കൂലി കൊടുത്തു എന്നായിരുന്നു ആ കുറ്റം. ഈ കുറ്റത്തിന് കമ്പനി നിയമമനുസരിച്ചുള്ള നോട്ടീസ് തന്റെ പ്രിയ കമ്പനിക്ക് നല്‍കാന്‍ മോദി സര്‍ക്കാര്‍ ഒരു വര്‍ഷമെടുത്തു. സര്‍ക്കാറിന്റെ നയതന്ത്ര ബന്ധങ്ങള്‍ ഉപയോഗിച്ച് പല അയല്‍ രാജ്യങ്ങളിലെയും കരാറുകള്‍ നേടാന്‍ അദാനിക്ക് കഴിഞ്ഞു എന്നും ആരോപണങ്ങളുണ്ട്.
പല രാജ്യങ്ങളില്‍ നിന്നും കുറഞ്ഞ വിലയുള്ള കല്‍ക്കരി കൂടിയ വില കാണിച്ച് വാങ്ങി ഇന്ത്യയില്‍ കൊണ്ട് വന്ന് അതുപയോഗിച്ച് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വില കൂട്ടിക്കാണിച്ച് ഉപഭോക്താക്കളെ വഞ്ചിച്ച ചരിത്രവും അദാനിക്കുണ്ട്. അദാനിയുമായി അടുത്ത ബന്ധങ്ങളുള്ള ചില കമ്പനികളും പല തട്ടിപ്പു സ്ഥാപനങ്ങളും വഴിയാണ് ഇത്തരം കല്‍ക്കരി ഇറക്കുമതികള്‍ നടത്തിയത് എന്ന് പ്രതിപക്ഷം ശക്തമായി വാദിച്ചിരുന്നു. മഹാരാഷ്ട്രയിലും മധ്യപ്രദേശിലും രാജസ്ഥാനിലുമാണ് അസാധാരണമാം വിധത്തില്‍ ഉയര്‍ന്ന വൈദ്യുതി വില ഈടാക്കിയത്. ഈ വിപുലമായ അഴിമതിയുടെ വ്യാപ്തി അറിയാന്‍ ഒരു സംയുക്ത പാര്‍ലിമെന്ററി സമിതി അനിവാര്യമാണെന്നാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ്സിന്റെ ആവശ്യം. അദാനി ഗ്രൂപ്പ് ഇത്തരം ആരോപണങ്ങളെല്ലാം അസത്യമെന്ന് പറഞ്ഞ് തള്ളിക്കളഞ്ഞു എന്നത് മറ്റൊരു കാര്യം.
പൊതുജനങ്ങള്‍ക്ക്, അവരുടെ കുടുംബങ്ങള്‍ക്ക് സുരക്ഷ ഒരുക്കേണ്ട സ്ഥാപനമാണ് എല്‍ ഐ സി. അതുപയോഗിച്ച് അദാനിമാര്‍ക്ക് സുരക്ഷ ഉറപ്പാക്കുന്നു. ഇതാണോ സര്‍ക്കാറിന്റെയും നിതി ആയോഗിന്റെയുമെല്ലാം പണി? സ്വകാര്യ കമ്പനികളുടെ താത്പര്യത്തിനു തുള്ളാന്‍ അവര്‍ക്കെന്ത് ബാധ്യതയാണുള്ളത്? ഇത് ക്രിമിനല്‍ നടപടിയല്ലേ? എന്നെല്ലാമുള്ള കോണ്‍ഗ്രസ്സിന്റെ ചോദ്യങ്ങള്‍ തള്ളിക്കളയാനാകില്ല.


