Kerala
തിരുവനന്തപുരത്ത് ഒരാള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു
മരിച്ച 77 കാരി ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു
തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ഒരാള്‍ മസ്തിഷ്‌ക ജ്വരം ബാധിച്ചു മരിച്ചു. 77 വയസ്സുകാരിയായ തിരുവനന്തപുരം ചിറയിന്‍കീഴ് അഴൂര്‍ സ്വദേശിയായ വീട്ടമ്മയാണ് ഇന്ന് വൈകിട്ടോടെ മരിച്ചത്. ഇവര്‍ ഒരു മാസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇവരുടെ രോഗബാധയുടെ ഉറവിടം കണ്ടെത്തിയിട്ടില്ല.
സംസ്ഥാനത്ത് അമീബിക്ക് മസ്തിഷ്‌ക ജ്വര രോഗികളുടെ എണ്ണം വര്‍ധിക്കുയാണെന്നാണ് റിപ്പോര്‍ട്ട്. രോഗബാധയ്ക്ക് പാരിസ്ഥിതിക മാറ്റങ്ങള്‍ കാരണമാകുന്നുണ്ടോ എന്നതടക്കം വ്യക്തത വന്നിട്ടില്ല. രോഗികളുടെ എണ്ണം നിയന്ത്രിക്കുന്നതിനുള്ള പദ്ധതിയും നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ വര്‍ഷം ആകെ റിപ്പോര്‍ട്ട് ചെയ്തതിനേക്കാള്‍ കേസുകളാണ് ഈ മാസം മാത്രം കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തത്.
തലച്ചോറിനെ ബാധിക്കുന്ന ഗുരുതരവുമായ രോഗമാണ് അമീബിക് മസ്തിഷ്‌കജ്വരം. ജലത്തില്‍ കാണപ്പെടുന്ന നെഗ്ലേറിയ ഫൗളേറി എന്ന അമീബയാണ് ഈ രോഗത്തിന് പ്രധാന കാരണം. കുളിക്കുമ്പോള്‍ ഈ അമീബ മൂക്കിലൂടെ ശരീരത്തില്‍ പ്രവേശിക്കുന്നു. ഇത് പിന്നീട് തലച്ചോറിലെത്തി അണുബാധയുണ്ടാക്കുന്നു.
മൂക്കിനേയും മസ്തിഷ്‌കത്തേയും വേര്‍തിരിക്കുന്ന നേര്‍ത്ത പാളിയിലുള്ള സുഷിരങ്ങള്‍ വഴിയോ കര്‍ണ പടലത്തിലുണ്ടാകുന്ന സുഷിരം വഴിയോ അമീബ തലച്ചോറിലേക്ക് കടക്കുകയും മെനിഞ്ചോ എന്‍സെഫലൈറ്റിസ് ഉണ്ടാക്കുകയും ചെയ്യുന്നു. 97 ശതമാനത്തിലധികം മരണനിരക്കുള്ള രോഗമാണിത്. രോഗം മനുഷ്യരില്‍നിന്നു മനുഷ്യരിലേക്ക് പകരില്ല.



