Kerala
വിവാഹവീട്ടിലെത്തിയ ആണ്‍ കുട്ടിയെ പീഡിപ്പിച്ച മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ്
എടത്തിരുത്തി സ്വദേശി കുട്ടമോന്‍ (52) 50,000 രൂപ പിഴയും ഒടുക്കണം
തൃശൂര്‍ | വിവാഹത്തലേന്ന് സല്‍ക്കാരം കൂടാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍ കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ മധ്യവയസ്‌കന് അഞ്ചുവര്‍ഷം കഠിന തടവ്. എടത്തിരുത്തി സ്വദേശി കുട്ടമോന്‍ (52) നെയാണ് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി ജഡ്ജ് വിവീജ സേതുമോഹന്‍ ശിക്ഷിച്ചത്. 52 കാരനായ പ്രതി അഞ്ചു വര്‍ഷം കഠിനതടവിനു പുറമെ 50,000 രൂപ പിഴയും ഒടുക്കണം. പിഴയൊടുക്കാതിരുന്നാല്‍ മൂന്നു മാസം കൂടി കഠിനതടവ് അനുഭവിക്കണം. പോക്‌സോ നിയമപ്രകാരമാണ് ശിക്ഷ.
2017 ഡിസംബര്‍ 16നാണ് കേസിനാസ്പദമായ സംഭവം. വിവാഹ തലേന്ന് വിരുന്ന് സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ എത്തിയ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്ന് ആരോപിച്ച് മതിലകം പോലീസ് ചാര്‍ജ്ജ് ചെയ്ത കേസ്സിലാണ് ശിക്ഷ.
പ്രോസിക്യൂഷന്‍ ഭാഗത്തു നിന്ന് 16 സാക്ഷികളേയും 28 രേഖകളും പ്രതിഭാഗത്തുനിന്ന് ഒരു സാക്ഷിയേയും ഹാജരാക്കി തെളിവ് നല്‍കിയിരുന്നു. പ്രതിയെ തൃശ്ശൂര്‍ ജില്ലാ ജയിലിലേക്ക് അയച്ചു. സബ് ഇന്‍സ്‌പെക്ടര്‍ പി കെ മോഹിത് രജിസ്റ്റര്‍ ചെയ്ത കേസ്സില്‍ അന്നത്തെ ഇന്‍പെക്ടറായിരുന്ന പി സി ബിജുകുമാര്‍ അന്വേഷണം നടത്തി സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ പി മിഥുന്‍ ആണ് കേസ്സില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. വിജു വാഴക്കാല ഹാജരായി. ലെയ്സണ്‍ ഓഫീസര്‍ ടി ആര്‍ രജിനി പ്രോസിക്യൂഷന്‍ നടപടികള്‍ ഏകോപിപ്പിച്ചു.



