Connect with us

Kerala

കൂട്ടുകാരനോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ കാണാതായി

അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകന്‍ ജോബില്‍ പത്രോസിനെ (12)യാണ് കാണാതായത്

Published

|

Last Updated

തിരുവനന്തപുരം | സ്‌കൂള്‍ വിട്ടശേഷം കൂട്ടുകാരനോടൊപ്പം കടലില്‍ കുളിക്കാനിറങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിയെ തിരയില്‍പ്പെട്ട് കാണാതായി. അടിമലത്തുറ പൊഴിക്കരക്കടുത്ത് കുളിക്കുന്നതിനിടെ ജോബില്‍ പത്രോസിനെ (12)യാണ് കാണാതായത്.

അമ്പലത്തുമൂല സെന്റ് ആന്റണീസ് കുരിശടിക്കു സമീപം മത്സ്യത്തൊഴിലാളിയായ പത്രോസിന്റേയും ഡൈനയുടേയും മകാണ് ജോബില്‍. അടിമലത്തുറ ലൂയീസ് മെമ്മോറിയല്‍ യു പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയാണ്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് അപകടമെന്നു വിഴിഞ്ഞം കോസ്റ്റല്‍ എസ് എച് ഒ വിപിന്‍ അറിയിച്ചു.

സ്‌കൂള്‍ വിട്ട ശേഷം അഞ്ചാം ക്ലാസ് വിദ്യാര്‍ഥിയായ കൂട്ടുകാരനുമൊത്താണ് ജോബില്‍ കടല്‍ തീരത്തെത്തിയത്. കുളിക്കുന്നതിനിടെ കുട്ടി ശക്തമായ തിരയില്‍പ്പെടുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന വിദ്യാര്‍ഥി കരയിലേക്ക് ഓടിയെത്തി നാട്ടുകാരോടു വിവരം പറഞ്ഞതിനെ തുടര്‍ന്നാണ് അപകടമറിയുന്നത്. തുടര്‍ന്നു വിഴിഞ്ഞം കോസ്റ്റ് പോലീസിനെ വിവരമറിയിച്ചു.

ഇതേത്തുടര്‍ന്നു കുട്ടിയെ കാണാതായ ഭാഗത്ത് കോസ്റ്റല്‍ പോലീസും ഫിഷറീസിന്റെ മറൈന്‍ എന്‍ഫോഴ്‌സുമെന്റും തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിട്ടില്ല. കോസ്റ്റല്‍ പോലീസ് സംഭവത്തില്‍ കേസെടുത്തിട്ടുണ്ട്.

 

Latest