Connect with us

Kerala

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന ഹരജി ഹൈക്കോടതി തള്ളി; വി എം വിനുവിന് സ്ഥാനാര്‍ഥിയാകാനാകില്ല

സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചോദിച്ചു

Published

|

Last Updated

കോഴിക്കോട്  | കോര്‍പ്പറേഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും ചലച്ചിത്ര സംവിധായകനുമായ വി എം വിനുവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. വി എം വിനുവിന് സ്ഥാനാര്‍ഥിയാകാന്‍ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.സെലിബ്രിറ്റിക്കും സാധാരണ ജനങ്ങള്‍ക്കും രാജ്യത്ത് ഒരേ പരിഗണന മാത്രമേ ഉള്ളൂവെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു.

വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം എന്നാവശ്യപ്പെട്ടാണ് വിനു ഹൈകോടതിയില്‍ ഹര്‍ജി നല്‍കിയത്. ഓണ്‍ലൈനായാണ് ഹര്‍ജി സമര്‍പ്പിച്ചത്. കോടതി വിധി മാനിക്കുന്നുവെന്നായിരുന്നു വി എം വിനുവിന്റെ പ്രതികരണം

താങ്കള്‍ ഈ രാജ്യത്തെ പൗരനല്ലേയെന്ന് കോടതി ചോദിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചതും, അതിന്മേല്‍ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ അറിയിക്കാന്‍ മാധ്യമങ്ങളിലൂടെയും മറ്റും അറിയിക്കുകയും ചെയ്തത് അറിഞ്ഞില്ലേ?. സെലിബ്രിറ്റി പത്രം വായിക്കാറില്ലേ എന്നും ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ചോദിച്ചു.

അതേ സമയം വി എം വിനുവിന് 2020-ലും വോട്ടില്ലെന്ന് കണ്ടെത്തി. മലാപ്പറമ്പ് ഡിവിഷനിലെ വോട്ടര്‍ പട്ടികയിലാണ് വിനുവിന്റെ പേര് ഇല്ലാതിരുന്നത്. താന്‍ വോട്ട് ചെയ്തിട്ടുണ്ടെന്നും കോര്‍പ്പറേഷന്‍ പട്ടിക അട്ടിമറിച്ചുവെന്നുമാണ് വിനുവിന്റെ പ്രതികരണ

പുതുക്കിയ വോട്ടര്‍ പട്ടിക ഇന്നലെ പുറത്തിറങ്ങിയപ്പോളാണ് വി.എം. വിനുവിന് വോട്ടില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയുന്നത്. പിന്നാലെ തനിക്ക് വോട്ട് ഉണ്ടെന്നും നടക്കുന്നത് ഗൂഢാലോചനയെന്നും വി എം വിനു ആരോപിച്ചിരുന്നു

Latest