Kerala
കേരളത്തിന് എയിംസ് അനുവദിക്കാന്‍ ഭൂമി ലഭ്യമാക്കാഞ്ഞിട്ടല്ലെന്ന് മന്ത്രി വീണാ ജോര്‍ജ്
2024 ല്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിച്ച കത്തു സഹിതം മന്ത്രിയുടെ ഫേസ് ബുക്ക് കുറിപ്പ്
തിരുവനന്തപുരം | കേരളത്തിന് എയിംസ് അനുവദിക്കാന്‍ കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
രേഖകള്‍ സമര്‍പ്പിച്ച കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധനമന്ത്രാലയത്തോട് നിര്‍ദ്ദേശിച്ചുവെന്ന് കേന്ദ്രം 2024ല്‍ അറിയിച്ചിരുന്നുവെന്നും അടുത്ത പ്രഖ്യാപനത്തില്‍ കേരളത്തിന്റെ എയിസ് ഉള്‍പ്പെടും എന്നും പറഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു. കേരളത്തിനി എയിംസ് ലഭിക്കാത്തത് ഭൂമി ലഭ്യമാക്കാത്തതിനാലാണെന്ന ചില കേന്ദ്രങ്ങളുടെ വിമര്‍ശനത്തിനെതിരെയാണ് മന്ത്രി ഫേസ് ബുക്കിലൂടെ പ്രതികരിച്ചത്.
എന്നാല്‍ വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞെങ്കിലും എയിംസ് അനുവദിച്ചില്ലെന്നും അവര്‍ വ്യക്തമാക്കി. കേന്ദ്രം നല്‍കിയ കത്ത് സഹിതമാണ് മന്ത്രിയുടെ പോസ്റ്റ്.
മന്ത്രിയുടെ ഫേസ്ബുക്ക് കുറിപ്പ്: ഭൂമി കൊടുക്കാത്തത് കൊണ്ടാണ് കേരളത്തിന് എയിംസ് കിട്ടാത്തതെന്ന് ന്യായീകരിച്ചു കഷ്ടപ്പെടുന്നവരോട്. ഇത് 2024 ല്‍ കേന്ദ്രത്തില്‍ നിന്ന് കേരളത്തിന് ലഭിച്ച കത്താണ്. കേന്ദ്രം ആവശ്യപ്പെട്ട ഭൂമി സംബന്ധമായ രേഖകള്‍ ഉള്‍പ്പെടെ കേരളം സമര്‍പ്പിച്ചതിന് ശേഷം ലഭിച്ച കത്തില്‍ പറഞ്ഞിരിക്കുന്നത്, കേരളത്തിന് എയിംസ് അനുവദിക്കുന്നതിന് തത്വത്തില്‍ അംഗീകാരം നല്‍കാന്‍ ധനമന്ത്രാലയത്തോട് അഭ്യര്‍ത്ഥിച്ചു എന്നും അടുത്ത പ്രഖ്യാപനത്തില്‍ കേരളത്തിന്റെ എയിസ് ഉള്‍പ്പെടും എന്നുമാണ്! വീണ്ടും രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു. എയിംസ് കണ്ടില്ല സര്‍!




