Connect with us

Kerala

ഹജ്ജ് അപേക്ഷകര്‍ മൂന്നാം ഗഡു പണം ഈ മാസം 31നകം അടക്കണം

കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും

Published

|

Last Updated

മക്ക | ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി ഹജ്ജിന് അപേക്ഷിച്ചവരുടെ മൂന്നാം ഗഡു പണം ഈ മാസം 31നകം അടക്കണം. ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റുകള്‍ക്കനുസരിച്ച് വ്യത്യസ്തമാണ് തുകകള്‍. പുറപ്പെടല്‍ കേന്ദ്രങ്ങള്‍ അടിസ്ഥാനമാക്കിയാണ് തുക അടക്കേണ്ടത്. കവര്‍ നമ്പര്‍ ഉപയോഗിച്ച് ഹജ്ജ് കമ്മിറ്റി വെബ്സൈറ്റില്‍ പരിശോധിച്ചാല്‍ അടക്കേണ്ട തുക സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കും. സമയപരിധിക്കുള്ളില്‍ തുക അടച്ചില്ലെങ്കില്‍ വിമാന ബുക്കിങ് സ്ഥിരീകരിക്കാന്‍ കഴിയില്ലെന്നും കമ്മിറ്റി അറിയിച്ചു.

കരിപ്പൂര്‍ വിമാനത്താവളം വഴി ഹജ്ജിന് യാത്ര തിരിക്കുന്നവര്‍ക്ക് ഇത്തവണയും അധിക തുക നല്‍കേണ്ടി വരും. കൊച്ചി എംബാര്‍കേഷന്‍ വഴി യാത്ര പുറപ്പെടുന്നവര്‍ 69,450 രൂപയും, കണ്ണൂര്‍ 74,600 രൂപ വീതവുമാണ് അടക്കേണ്ടത്. എന്നാല്‍ കരിപ്പൂര്‍ വഴിയുള്ള തീര്‍ഥാടകര്‍ക്ക് 91,100 രൂപയാണ് മൂന്നാം ഗഡു നല്‍കേണ്ടത്. തുക മാര്‍ച്ച് 31നകം അടക്കണമെന്നാണ് നിര്‍ദേശം. നേരത്തെ രണ്ട് ഗഡുവായി അടച്ച 2,77,300 രൂപക്ക് പുറമെയാണ് മൂന്നാം ഗഡു.

തുകയില്‍ ആവശ്യമെങ്കില്‍ മാറ്റം വരുത്തുമെന്നും അധികൃതര്‍ വ്യക്തമാക്കി. ഇന്‍ഷുറന്‍സ്, ഹജ്ജ് സുവിധ സ്മാര്‍ട്ട് വാച്ച് സേവനങ്ങളും ഹജ്ജ് തുകയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ബലികര്‍മ്മത്തിന് ഓപ്റ്റ് ചെയ്തവര്‍ 720 റിയാല്‍, അതായത് 17,280 രൂപ കൂടി അധികം അടക്കണം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയോ യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖകള്‍ വഴിയോ ഓണ്‍ലൈനായോ പണമടക്കാം.

Latest