Kerala
ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പ് വിതരണം കാര്യക്ഷമമാക്കണം: എസ് എസ് എഫ്
സംസ്ഥാന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ സമാപിച്ചു
തൃശ്ശൂര്‍ | കേരളത്തിലെ പട്ടികജാതി-പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് വിതരണത്തിലെ ഗുരുതരമായ വീഴ്ചകള്‍ക്ക് ശാശ്വത പരിഹാരം വേണമെന്ന് എസ് എസ് എഫ് സംസ്ഥാന സ്റ്റുഡന്റ്‌സ് കൗണ്‍സില്‍. പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭ്യമാകുന്നതില്‍ അഞ്ച് വര്‍ഷം വരെ കാലതാമസം നേരിടുന്നുവെന്ന സി എ ജി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ സാമൂഹിക നീതിയോടുള്ള അലംഭാവമാണെന്ന് എസ് എസ് എഫ് തൃശ്ശൂരില്‍ സമാപിച്ച കൗണ്‍സിലില്‍ അഭിപ്രായപ്പെട്ടു. കൃത്യമായ സര്‍വേകളോ ശാസ്ത്രീയമായ പഠനങ്ങളോ ഇല്ലാത്തതിനാല്‍ അര്‍ഹരായ നിരവധി ദളിത്-ആദിവാസി വിദ്യാര്‍ഥികള്‍ ഗുണഭോക്തൃ പട്ടികയില്‍ നിന്ന് പുറന്തള്ളപ്പെടുന്നത് പദ്ധതിയുടെ അന്തസ്സത്തയെത്തന്നെ ചോദ്യംചെയ്യുന്നതാണെന്ന് കൗണ്‍സില്‍ അഭിപ്രായപ്പെട്ടു.
വിദ്യാഭ്യാസച്ചെലവുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹോസ്റ്റല്‍ ഫീസ്, സെമസ്റ്റര്‍ ഫീസുകള്‍ എന്നിവയ്ക്കായി സ്‌കോളര്‍ഷിപ്പിനെ മാത്രം ആശ്രയിക്കുന്ന വലിയൊരു വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പഠനം പൂര്‍ത്തിയാക്കിയ ശേഷം മാത്രം തുക വിതരണം ചെയ്യുന്നത് തിരിച്ചടിയാവുകയാണ്. സാമ്പത്തിക പ്രയാസം മൂലം ഒരു വിദ്യാര്‍ഥിയുടെയും പഠനം പാതിവഴിയില്‍ മുടങ്ങാന്‍ പാടില്ലെന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ പദ്ധതിയിലെ ഈ മെല്ലെപ്പോക്ക് ഒരു തലമുറയുടെ ആത്മവിശ്വാസത്തെയും വിദ്യാഭ്യാസ സ്വപ്‌നങ്ങളെയുമാണ് തകര്‍ക്കുന്നത്. മുന്‍കാല റിപ്പോര്‍ട്ടുകളിലും സമാനമായ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടും വിതരണ സംവിധാനത്തിലെ ചുവപ്പുനാടകള്‍ ഒഴിവാക്കാന്‍ നടപടികളുണ്ടാകാത്തത് ഖേദകരമാണെന്നും കൗണ്‍സില്‍ വിലയിരുത്തി.
നിലവിലെ വിതരണ സംവിധാനത്തിലെ അപാകത പരിഹരിക്കാന്‍ സുതാര്യവും കാര്യക്ഷമവുമായ മാറ്റങ്ങള്‍ അനിവാര്യമാണെന്ന് പ്രമേയം ആവശ്യപ്പെട്ടു. ഇ-ഗ്രാന്റ്‌സ് 3.0 പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ പരിഹരിക്കുകയും അപേക്ഷാ സമര്‍പ്പണം മുതല്‍ തുക കൈമാറുന്നത് വരെയുള്ള ഘട്ടങ്ങള്‍ നിരീക്ഷിക്കാന്‍ ഏകീകൃത ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഏര്‍പ്പെടുത്തുകയും വേണം. ഓരോ നടപടിയും എസ് എം എസ് വഴി വിദ്യാര്‍ഥികളെ നേരിട്ട് അറിയിക്കുന്ന സംവിധാനം നിലവില്‍ വരണം. അനുവദിക്കപ്പെട്ട തുക പൂര്‍ണമായും ചെലവഴിക്കാതെ ലാപ്സ് ആകുന്നത് തടയണമെന്നും പരാതികള്‍ തീര്‍പ്പാക്കാന്‍ പ്രത്യേക പരിശീലനം ലഭിച്ച നോഡല്‍ ഓഫീസര്‍മാരെയും ഹെല്‍പ്പ് ഡെസ്‌കുകളെയും നിയോഗിക്കണമെന്നും എസ് എസ് എഫ് സംസ്ഥാന കൗണ്‍സില്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനീറുല്‍ അഹ്ദല്‍ അഹ്‌സനിയുടെ അധ്യക്ഷതയില്‍ നടന്ന കൗണ്‍സില്‍ കേന്ദ്ര മുശാവറ അംഗം താഴപ്ര മുഹിയുദ്ദീന്‍ ഉസ്താദ് ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി കുഞ്ഞുമുഹമ്മദ് സഖാഫി പറവൂര്‍, രിസാല അപ്‌ഡേറ്റ് സി ഇ ഒ ജഅ്ഫര്‍ സാദിഖ് സി എന്‍ എന്നിവര്‍ വിഷയങ്ങള്‍ അവതരിപ്പിച്ചു. സംസ്ഥാന ഭാരവാഹികളായ ഡോ. അബൂബക്കര്‍ ടി, അനസ് അമാനി അല്‍ കാമിലി പുഷ്പഗിരി, സി എം സ്വാബിര്‍ സഖാഫി, സൈഫുദ്ധീന്‍ ടി പി, ജാബിര്‍ നേരോത്ത് തുടങ്ങിയവര്‍ വിവിധ റിപ്പോര്‍ട്ടുകള്‍ക്കും ചര്‍ച്ചകള്‍ക്കും നേതൃത്വം നല്‍കി. കാമ്പസ്, ദഅ് വ, വെഫി, കലാലയം, പൊളിറ്റിക്‌സ് തുടങ്ങി വിവിധ വിഭാഗങ്ങളുടെ പ്രവര്‍ത്തന റിപ്പോര്‍ട്ടുകളുടെ അവതരണത്തോടെയും സബ്മിഷനുകളോടെയുമാണ് കൗണ്‍സില്‍ സമാപിച്ചത്.



