Kerala
യു പ്രതിഭ എം എല്‍ എക്കെതിരെ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ ലീഗ് നേതാവിനെതിരെ നടപടി
ഇര്‍ഷാദിനെ യു ഡി എഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് നീക്കി
ആലപ്പുഴ | കായംകുളം മണ്ഡലത്തിലെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി യു പ്രതിഭ എം എല്‍ എക്കെതിരെ പൊതുവേദിയില്‍ സ്ത്രീവിരുദ്ധ അധിക്ഷേപം നടത്തിയ മുസ്്‌ലിം ലീഗ് നേതാവ് ഇര്‍ഷാദ് ചക്കാലശ്ശേരിക്കെതിരെ അച്ചടക്ക നടപടിയെടുത്തു.
ഇര്‍ഷാദിനെ യു ഡി എഫ് കായംകുളം നിയോജക മണ്ഡലം ചെയര്‍മാന്‍ സ്ഥാനത്തുനിന്നും നീക്കുകയും മുസ്്‌ലിം ലീഗ് പ്രാഥമിക അംഗത്വത്തില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്തു. പകരം കായകുളം യു ഡി എഫ് ചെയര്‍മാനായി മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എച്ച് ബഷീര്‍ കുട്ടിയെ നിയമിച്ചതായും നേതൃത്വം അറിയിച്ചു. മുസ്ലിംലീഗ് ലീഗ് അച്ചടക്ക നടപടി സംബന്ധിച്ചു സംസ്ഥാന കമ്മിറ്റി ഓഫീസാണ് അറിയിച്ചത്. ഇര്‍ഷാദ് ചക്കാലശ്ശേരി നടത്തിയ അധിക്ഷേപ പ്രസ്താവന തള്ളി യു ഡി എഫ് സ്ഥാനാര്‍ഥി എം ലിജു രംഗത്തെത്തിയിരുന്നു.
തന്റെ പ്രസ്താവന സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആര്‍ക്കെങ്കിലും വിഷമം ഉണ്ടായെങ്കില്‍ നിര്‍വ്യാജം ക്ഷമ ചോദിക്കുന്നുവെന്നും ഇര്‍ഷാദ് പറഞ്ഞു. വികസന പ്രവര്‍ത്തനങ്ങള്‍ ഒന്നും ചെയ്യാതെ വാക് ചാതുര്യം കൊണ്ടും ശരീര അഴക് കൊണ്ടും വീണ്ടും തെരഞ്ഞെടുപ്പിലേക്ക് വരികയാണ് പ്രതിഭയെന്നാണ് യു ഡി എഫ് മണ്ഡലം കണ്‍വീനറും ലീഗ് നേതാവുമായ ഇര്‍ഷാദ് ചക്കാലശ്ശേരി നടത്തിയ വിവാദ പരാമര്‍ശം.



