International
അമേരിക്കൻ പടക്കപ്പൽ യു എസ് എസ് എബ്രഹാം ലിങ്കണ് നേരെ ഇറാന്റെ മിസൈൽ വർഷം
ആക്രമണത്തെത്തുടർന്ന് വിമാനവാഹിനിക്കപ്പലിന് അതിന്റെ സ്ഥാനം മാറ്റേണ്ടി വന്നതായി റിപ്പോർട്ടുകൾ
ടെഹ്റാൻ | ഇസ്റാഈലും അമേരിക്കയും ആക്രമണം തുടരുന്നതിനിടെ പേർഷ്യൻ ഗൾഫ് മേഖലയിൽ നിലയുറപ്പിച്ചിട്ടുള്ള അമേരിക്കൻ വിമാനവാഹിനിക്കപ്പലായ യു എസ് എസ് എബ്രഹാം ലിങ്കണ് നേരെ ഇറാൻ മിസൈൽ ആക്രമണം നടത്തി. ബുധനാഴ്ച ഇറാൻ സൈന്യം തൊടുത്ത തീരദേശ ക്രൂയിസ് മിസൈലുകൾ പടക്കപ്പലിനെ ലക്ഷ്യമിട്ടതായും ആക്രമണത്തെത്തുടർന്ന് വിമാനവാഹിനിക്കപ്പലിന് അതിന്റെ സ്ഥാനം മാറ്റേണ്ടി വന്നതായും ഇറാൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ഇറാൻ നാവികസേനയുടെ ഖാദിർ ക്രൂയിസ് മിസൈലുകളാണ് ആക്രമണത്തിന് ഉപയോഗിച്ചത്. അമേരിക്കൻ കപ്പൽ പടയുടെ നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും തങ്ങളുടെ സമുദ്രാതിർത്തി ലംഘിക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി നേരിടുമെന്നും ഇറാൻ നാവികസേനാ കമാൻഡർ റിയർ അഡ്മിറൽ ഷഹ്റാം ഇറാനി മുന്നറിയിപ്പ് നൽകി. ഇറാൻ മിസൈലുകളുടെ പരിധിയിലേക്ക് കപ്പൽ പട പ്രവേശിച്ചാൽ ഇനിയും ആക്രമണങ്ങൾ ഉണ്ടായേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫെബ്രുവരി 28ന് ആരംഭിച്ച ഇസ്റാഈൽ ഇസ്റാഈൽ ഇറാൻ യുദ്ധത്തിന്റെ ആദ്യ മണിക്കൂറിൽ തന്നെ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെ മേഖലയിൽ സംഘർഷം അതിരൂക്ഷമായി തുടരുകയാണ്. ഇറാന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും അമേരിക്കയുടെ ഭീഷണി നേരിടുന്നതിനുമാണ് ഈ സൈനിക നീക്കമെന്ന് ഇറാൻ ഭരണകൂടം വ്യക്തമാക്കി.
അതേസമയം ഇറാന്റെ അവകാശവാദങ്ങളോട് വാഷിംഗ്ടൺ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഇതിനുമുമ്പ് മാർച്ച് ആറിനും എബ്രഹാം ലിങ്കണ് നേരെ ഡ്രോൺ ആക്രമണം നടത്തിയതായി ഇറാൻ അവകാശപ്പെട്ടിരുന്നുവെങ്കിലും പെന്റഗൺ അത് നിഷേധിച്ചിരുന്നു. മിസൈലുകൾ കപ്പലിന് അരികിൽ പോലും എത്തിയിട്ടില്ലെന്നാണ് അന്ന് അമേരിക്കൻ പ്രതിരോധ ആസ്ഥാനം വ്യക്തമാക്കിയത്.
നിലവിൽ ഇസ്റാഈലിന് പിന്തുണയുമായി രണ്ട് വിമാനവാഹിനിക്കപ്പലുകളാണ് അമേരിക്ക മേഖലയിൽ വിന്യസിച്ചിരിക്കുന്നത്.
Summary
Iran’s Navy announced that it launched coastal cruise missiles targeting the US aircraft carrier USS Abraham Lincoln in the Persian Gulf. Tehran claims the operation forced the American vessel to alter its course to assert Iranian maritime sovereignty. While Iran warns of further strikes if the carrier group stays within range, Washington has previously downplayed similar claims of targeting its naval assets.



