Editors Pick
പാചകവാതക കണക്ഷൻ കട്ടാകും! ഈ ഒരു കാര്യം ചെയ്തില്ലെങ്കിൽ വീട്ടിലെ സിലിണ്ടർ ഉടൻ തിരികെ നൽകേണ്ടി വരും
പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് ലഭ്യമായ ഇടങ്ങളിൽ എൽ പി ജി കണക്ഷൻ ഒഴിവാക്കണമെന്ന് കേന്ദ്ര സർക്കാർ ഉത്തരവ്
ന്യൂഡൽഹി | രാജ്യത്ത് പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (പി എൻ ജി) സൗകര്യം ലഭ്യമായ പ്രദേശങ്ങളിൽ താമസിക്കുന്നവർ മൂന്ന് മാസത്തിനകം പാചകവാതക സിലിണ്ടറുകൾ ഒഴിവാക്കി പൈപ്പ് ലൈൻ കണക്ഷനിലേക്ക് മാറണമെന്ന് കേന്ദ്ര സർക്കാർ നിർദ്ദേശിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ മാറ്റം വരുത്താത്തവരുടെ എൽ പി ജി കണക്ഷനുകൾ വിച്ഛേദിക്കാനാണ് തീരുമാനം. മാർച്ച് 24ന് പുറപ്പെടുവിച്ച എസൻഷ്യൽ കമ്മോഡിറ്റീസ് ആക്ട് പ്രകാരമുള്ള ഉത്തരവിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യങ്ങൾ കാരണം എൽ പി ജി ഇറക്കുമതിയിൽ ഉണ്ടായ കുറവും പൈപ്പ് ലൈൻ ശൃംഖല വ്യാപിപ്പിക്കാനുള്ള നീക്കവുമാണ് ഈ കർശന നടപടിക്ക് പിന്നിൽ. ഗ്യാസ് വിതരണ കമ്പനികൾ അറിയിപ്പ് നൽകി മൂന്ന് മാസത്തിനുള്ളിൽ പി എൻ ജി കണക്ഷനായി അപേക്ഷിക്കാത്തവരുടെ പാചകവാതക വിതരണം എണ്ണക്കമ്പനികൾ നിർത്തലാക്കും. കെട്ടിടത്തിന്റെ ഘടനയോ സാങ്കേതികമായ തടസ്സങ്ങളോ കാരണം പൈപ്പ് ലൈൻ കണക്ഷൻ സാധ്യമല്ലാത്തവർക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (എൻ ഒ സി) വാങ്ങി എൽ പി ജി ഉപയോഗം തുടരാം.
ഫ്ലാറ്റുകളോ ഹൗസിംഗ് സൊസൈറ്റികളോ പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിന് തടസ്സം നിൽക്കുകയാണെങ്കിൽ ആ സമുച്ചയത്തിലെ എല്ലാ വീടുകളുടെയും പാചകവാതക വിതരണം മൂന്ന് മാസത്തിന് ശേഷം നിർത്തലാക്കും. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്. അപേക്ഷ നൽകിയാൽ നിശ്ചിത സമയത്തിനകം അനുമതി നൽകണമെന്നും വൈകുന്ന പക്ഷം അത് അംഗീകരിക്കപ്പെട്ടതായി കണക്കാക്കുമെന്നും ഉത്തരവിൽ പറയുന്നു. വീടുകളിലേക്ക് കണക്ഷൻ നൽകുന്നതിനുള്ള അവസാന ഘട്ട പണികൾ അനുമതി ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൂർത്തിയാക്കണം.
നിലവിൽ പൈപ്പ് ലൈൻ സൗകര്യം ഇല്ലാത്ത സ്ഥലങ്ങളിലെ ഉപഭോക്താക്കളെ ഈ ഉത്തരവ് ബാധിക്കില്ല.
എൽപിജിയെ അപേക്ഷിച്ച് പൈപ്പ് വഴിയുള്ള പ്രകൃതിവാതകത്തിന് (പിഎൻജി) നിരവധി ഗുണങ്ങളുണ്ട്. ഭൂഗർഭ പൈപ്പ് ലൈനുകൾ വഴി തുടർച്ചയായി വിതരണം ചെയ്യപ്പെടുന്നതിനാൽ, സിലിണ്ടർ റീഫിൽ ബുക്ക് ചെയ്യേണ്ടതില്ല. ഡെലിവറിക്കായി കാത്തിരിക്കേണ്ടതില്ല എന്നതിനൊപ്പം ഉയർന്ന മർദ്ദമുള്ള സിലിണ്ടറുകൾ വീട്ടിൽ സൂക്ഷിക്കുന്നതിലെ അപകടസാധ്യതയും ഇത് ഒഴിവാക്കുന്നു.
പിഎൻജി വലിയ അളവിൽ ആഭ്യന്തരമായി ഉത്പാദിപ്പിക്കുന്നുണ്ട്. കൂടാതെ വൈവിധ്യമാർന്ന സ്രോതസ്സുകളിൽ നിന്ന് ഇറക്കുമതി ചെയ്യുന്നതിനാൽ, ഗൾഫ് മേഖലയിലെ വിതരണ തടസ്സങ്ങൾ ഇതിനെ കാര്യമായി ബാധിക്കില്ല.
Summary
The Indian government has issued a new directive requiring households in areas with piped natural gas (PNG) infrastructure to switch from LPG cylinders within three months of notification. Failure to apply for a PNG connection within this timeframe will result in the termination of the LPG supply to that address. This move aims to manage LPG supply shortages caused by global conflicts and promote the adoption of piped gas networks in urban areas.




