Connect with us

International

അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുവെന്ന അവകാശവാദം തള്ളി ഇറാൻ സൈന്യം; വ്യോമാക്രമണം തുടരുന്നു

യുദ്ധം അവസാനിപ്പിക്കാൻ ഇറാനിലെ 'നല്ല ആളുകളുമായി' ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ട്രംപ് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്.

Published

|

Last Updated

വാഷിംഗ്ടൺ | യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയുമായി ചർച്ചകൾ നടക്കുന്നുണ്ടെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ സൈന്യം. ഇരുരാജ്യങ്ങളും തമ്മിൽ അതിശക്തമായ വ്യോമാക്രമണങ്ങൾ തുടരുന്നതിനിടെയാണ് നയതന്ത്ര നീക്കങ്ങളെ ഇറാൻ തള്ളിയത്. നിലവിൽ അമേരിക്ക തങ്ങളോടല്ല, മറിച്ച് അവരോട് തന്നെയാണ് ചർച്ച നടത്തുന്നതെന്ന് ഇറാൻ സൈനിക കമാൻഡ് വക്താവ് ഇബ്രാഹിം സോൾഫഖാരി പരിഹസിച്ചു.

ഞങ്ങളെപ്പോലുള്ള ആളുകൾക്ക് നിങ്ങളെപ്പോലുള്ള ആളുകളുമായി ഒരിക്കലും ഒത്തുപോകാൻ കഴിയില്ല. ഞങ്ങൾ എപ്പോഴും പറഞ്ഞിട്ടുള്ളതുപോലെ … ഞങ്ങളെപ്പോലെ ആരും നിങ്ങളുമായി ഒരു കരാറിൽ ഏർപ്പെടില്ല. ഇപ്പോൾ മാത്രമല്ല, ഒരിക്കലും ഉണ്ടാവില്ല –  ഇബ്രാഹിം സോൾഫഖാരി പറഞ്ഞു.

ബുധനാഴ്ചയും ഇസ്റാഈലും ഇറാനും തമ്മിൽ അതിശക്തമായ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടക്കുകയാണ്. ടെഹ്‌റാനിലെ അടിസ്ഥാന സൗകര്യങ്ങളെയും ക്രൂയിസ് മിസൈൽ നിർമ്മാണ കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമസേന ആക്രമണം നടത്തിയതായി ഐ ഡി എഫ് അറിയിച്ചു. അതേസമയം, ടെൽ അവീവ്, കിര്യത് ഷിമോണ എന്നിവിടങ്ങളിലേക്കും കുവൈത്ത്, ജോർദാൻ, ബഹ്‌റൈൻ എന്നിവിടങ്ങളിലെ യു എസ് സൈനിക താവളങ്ങളിലേക്കും ഇറാൻ റെവല്യൂഷണറി ഗാർഡ്സ് പ്രത്യാക്രമണം നടത്തി. കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കിന് നേരെയും ഡ്രോൺ ആക്രമണം ഉണ്ടായി.

യുദ്ധം അവസാനിപ്പിക്കാൻ ഇറാനിലെ ‘നല്ല ആളുകളുമായി’ ചർച്ചകൾ നടക്കുന്നുണ്ടെന്നും ഇറാൻ ഒരു കരാറിനായി ആഗ്രഹിക്കുന്നുണ്ടെന്നുമാണ് ട്രംപ് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നത്. ഇതിനായി 15 ഇന സമാധാന പദ്ധതി അമേരിക്ക കൈമാറിയതായും റിപ്പോർട്ടുകളുണ്ട്. ഇറാൻ തങ്ങളുടെ ആണവ പദ്ധതികൾ ഉപേക്ഷിക്കുക, ഹിസ്ബുള്ള ഉൾപ്പെടെയുള്ള സായുധ സംഘങ്ങൾക്കുള്ള പിന്തുണ പിൻവലിക്കുക, ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുക എന്നിവയാണ് ഈ പദ്ധതിയിലെ പ്രധാന നിർദ്ദേശങ്ങൾ. എന്നാൽ, കഴിഞ്ഞ രണ്ട് വർഷത്തിനിടെ ചർച്ചകൾ നടക്കുന്നതിനിടെ തന്നെ അമേരിക്ക തങ്ങളെ ആക്രമിച്ചതിനാൽ അവരെ വിശ്വസിക്കാൻ കൊള്ളില്ലെന്ന നിലപാടിലാണ് ഇറാൻ വിദേശകാര്യ മന്ത്രാലയം.

നാല് ആഴ്ച പിന്നിട്ട യുദ്ധം ആഗോളതലത്തിൽ വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഹോർമുസ് കടലിടുക്ക് അടച്ചതോടെ ലോകത്തെ എണ്ണ വിതരണം താറുമാറാവുകയും ഇന്ധനവില കുതിച്ചുയരുകയും ചെയ്തു. ഏഷ്യൻ രാജ്യങ്ങളിൽ ഇന്ധനക്ഷാമം രൂക്ഷമായതിനെത്തുടർന്ന് വർക്ക് ഫ്രം ഹോം രീതിയിലേക്കും സ്കൂളുകൾക്ക് അവധി നൽകുന്നതിലേക്കും രാജ്യങ്ങൾ കടന്നു.

അതിനിടെ, യു എസ്-ഇറാൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് അറിയിച്ചിട്ടുണ്ട്. എന്നാൽ, ചർച്ചകളെക്കുറിച്ചുള്ള വാർത്തകൾക്കിടയിലും മിഡിൽ ഈസ്റ്റിലേക്ക് ആയിരക്കണക്കിന് അധിക സൈനികരെ അയക്കാനാണ് പെന്റഗൺ നീക്കം നടത്തുന്നത്.

 

Summary

Israel and Iran exchanged heavy airstrikes on Wednesday, targeting each other’s key infrastructure and military bases. Despite President Donald Trump’s claims that the U.S. is negotiating a 15-point peace plan with Tehran, the Iranian military leadership has officially rejected these assertions, accusing Washington of negotiating with itself. The ongoing conflict has caused a massive global energy crisis due to the closure of the Strait of Hormuz, prompting international concerns over fuel shortages and economic stability.

Latest