Connect with us

National

ഡൽഹി അക്ബർ റോഡിലെ ആസ്ഥാനം ശനിയാഴ്ചയ്ക്കകം ഒഴിയണം; കോൺഗ്രസിന് കേന്ദ്രത്തിന്റെ അന്ത്യശാസനം!

ഡൽഹിയിലെ ലട്യൻസ് മേഖലയിൽ 48 വർഷമായി കോൺഗ്രസ് പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 24 അക്ബർ റോഡിലെ ബംഗ്ലാവ് ഒഴിയാനാണ് നിർദേശം

Published

|

Last Updated

ന്യൂഡൽഹി | ഡൽഹിയിലെ ലട്യൻസ് മേഖലയിൽ 48 വർഷമായി കോൺഗ്രസ് പാർട്ടി ആസ്ഥാനമായി പ്രവർത്തിക്കുന്ന 24 അക്ബർ റോഡിലെ ബംഗ്ലാവ് ശനിയാഴ്ചയ്ക്കകം ഒഴിയണമെന്ന് കേന്ദ്ര സർക്കാർ നോട്ടീസ് നൽകി. മാർച്ച് 28 നകം ഓഫീസ് ഒഴിയാനാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് പുറമെ 5 റൈസീന റോഡിലുള്ള ഇന്ത്യൻ യൂത്ത് കോൺഗ്രസ് ഓഫീസും ഒഴിയാൻ പാർട്ടിക്ക് നിർദ്ദേശം ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ വർഷം കോട്‍ല മാർഗിൽ ഇന്ദിര ഭവൻ എന്ന പേരിൽ കോൺഗ്രസ് പുതിയ ആസ്ഥാനം ഉദ്ഘാടനം ചെയ്തിരുന്നുവെങ്കിലും അക്ബർ റോഡിലെ പ്രവർത്തനം തുടർന്നു വരികയായിരുന്നു. നോട്ടീസിന്മേൽ ആശ്വാസം ലഭിക്കുന്നതിനായി നിയമപരമായ വഴികൾ തേടുന്നതിനെക്കുറിച്ച് പാർട്ടി ആലോചിക്കുന്നുണ്ട്. വിക്രോയ് ലോർഡ് ലിൻലിത്ഗോയുടെ എക്സിക്യൂട്ടീവ് കൗൺസിൽ അംഗമായിരുന്ന സർ റെജിനാൾഡ് മാക്സ്‍വെൽ താമസിച്ചിരുന്ന ചരിത്രപ്രസിദ്ധമായ മന്ദിരമാണിത്.

1960 കളിൽ മ്യാൻമർ അംബാസഡർ ദാ ഖിൻ കിയുടേയും മകൾ ഓങ് സാൻ സൂചിയുടേയും വസതിയായിരുന്നു ഇവിടം. 1977 ലെ തിരഞ്ഞെടുപ്പ് തോൽവിക്ക് ശേഷം പാർട്ടി പിളർന്നപ്പോൾ ഇന്ദിരാ ഗാന്ധിയുടെ നേതൃത്വത്തിലുള്ള വിഭാഗത്തിന് ജി വെങ്കിട്ടസ്വാമി എം പി ആണ് ഈ ബംഗ്ലാവ് വിട്ടുനൽകിയത്. തുടർന്ന് രാജീവ് ഗാന്ധി, പി വി നരസിംഹ റാവു, മൻമോഹൻ സിംഗ് എന്നിവരുടെ ഭരണകാലത്തെല്ലാം ഇത് കോൺഗ്രസിന്റെ പ്രധാന ആസ്ഥാനമായി നിലകൊള്ളുകയായിരുന്നു.

Summary

The central government has directed the Congress party to vacate its long-standing headquarters at 24 Akbar Road in New Delhi by Saturday, March 28. The party, which occupied the historic bungalow for 48 years, had recently moved to its new office, Indira Bhavan. Sources indicate that the Congress is currently exploring legal options to seek relief regarding the eviction notice for both the main office and the Youth Congress premises.

Latest