International
അമേരിക്കൻ താവളങ്ങൾ പൂട്ടണം, ഹോർമുസ് കടലിടുക്കിൽ ടാക്സ്; ട്രംപിന് മുന്നിൽ കടുത്ത നിബന്ധനകളുമായി ഇറാൻ
ഇറാന്റെ ഔദ്യോഗിക നിലപാട് കടുത്തതാണെങ്കിലും ചില വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്
വാഷിംഗ്ടൺ | പശ്ചിമേഷ്യയിലെ യുദ്ധം അവസാനിപ്പിക്കുന്നതിനായി ഡൊണാൾഡ് ട്രംപ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങളോട് പ്രതികരിച്ച് ഇറാൻ രംഗത്തെത്തി. ഗൾഫ് മേഖലയിലെ എല്ലാ അമേരിക്കൻ സൈനിക താവളങ്ങളും അടച്ചുപൂട്ടണമെന്നും യുദ്ധക്കെടുതികൾക്ക് സാമ്പത്തിക നഷ്ടപരിഹാരം നൽകണമെന്നും ഉൾപ്പെടെയുള്ള അതിശക്തമായ നിബന്ധനകളാണ് ഇറാൻ മുന്നോട്ടുവെച്ചിരിക്കുന്നത്.
ലോകത്തെ പ്രധാന എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം പൂർണ്ണമായും തങ്ങൾക്ക് വേണമെന്നതാണ് ഇറാന്റെ പ്രധാന ആവശ്യങ്ങളിൽ ഒന്ന്. ഈ പാതയിലൂടെ കടന്നുപോകുന്ന കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ തങ്ങളെ അനുവദിക്കണമെന്നും ഇറാൻ ആവശ്യപ്പെടുന്നു. കൂടാതെ ഇസ്റാഈൽ ഹിസ്ബുള്ളക്കെതിരെ നടത്തുന്ന സൈനിക നീക്കങ്ങൾ അവസാനിപ്പിക്കണമെന്നും ഇറാന് മേലുള്ള എല്ലാ ഉപരോധങ്ങളും നീക്കണമെന്നും ഇറാൻ പ്രതിനിധികൾ വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
ഇറാന്റെ ഔദ്യോഗിക നിലപാട് കടുത്തതാണെങ്കിലും ചില വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറാണെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. ബാലിസ്റ്റിക് മിസൈൽ പദ്ധതി അഞ്ച് വർഷത്തേക്ക് നിർത്തിവെക്കാനും യുറേനിയം സമ്പുഷ്ടീകരണം കുറയ്ക്കാനും ഇറാൻ തയ്യാറായേക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിക്ക് (ഐ എ എ ഇ) പരിശോധന നടത്താൻ അനുമതി നൽകുന്ന കാര്യവും പരിഗണനയിലുണ്ട്. ഹമാസ്, ഹിസ്ബുള്ള തുടങ്ങിയ ഗ്രൂപ്പുകൾക്കുള്ള സാമ്പത്തിക സഹായം അവസാനിപ്പിക്കുന്നതിനെക്കുറിച്ചും ചർച്ചകൾക്ക് സാധ്യതയുണ്ട്.
അതേസമയം അമേരിക്കയുടെ ചർച്ചാ നീക്കങ്ങളെ പരിഹസിച്ചുകൊണ്ട് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സോൾഫാഖാരി രംഗത്തെത്തി. അമേരിക്ക സ്വന്തത്തോടുതന്നെയാണ് ചർച്ച നടത്തുന്നതെന്നും മേഖലയിലെ സമാധാനം ഇറാന്റെ സായുധ സേന വഴിയല്ലാതെ സാധ്യമാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. യു എസ് നിക്ഷേപങ്ങൾക്കും ഊർജ്ജ വിപണിക്കും മേലുള്ള സമ്മർദ്ദം തുടരുമെന്ന മുന്നറിയിപ്പും അദ്ദേഹം നൽകി.
Summary
Iran has presented high-level demands in response to Donald Trump’s ceasefire proposal, including the closure of US military bases in the Gulf and control over the Strait of Hormuz. While maintaining a hardline public stance, reports suggest Tehran might offer concessions regarding its ballistic missile program and uranium enrichment levels. However, Iranian officials continue to emphasize that regional stability depends on acknowledging Iran’s military role in the region.



