National
റെയിൽവേ ട്രാക്കിന് സമീപം തുപ്പാൻ ശ്രമിച്ചു; പാഞ്ഞെത്തിയ വന്ദേ ഭാരത് യുവാവിന്റെ ജീവനെടുത്തു
സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പട്ന | ട്രാക്കിന് സമീപം നിന്ന് പുകയില ചവച്ച് തുപ്പാൻ ശ്രമിക്കുന്നതിനിടെ വന്ദേ ഭാരത് എക്സ്പ്രസ് ഇടിച്ച് യുവാവ് മരിച്ചു. കിഴക്കൻ മധ്യ റെയിൽവേയുടെ ദാനാപൂർ ഡിവിഷന് കീഴിലുള്ള ബാർ റെയിൽവേ സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു അപകടം. പട്ന-ഹൗറ വന്ദേ ഭാരത് എക്സ്പ്രസാണ് യുവാവിനെ ഇടിച്ചത്.
പ്ലാറ്റ്‌ഫോം രണ്ടിൽ വെച്ച് പുകയില ചവച്ചതിന് ശേഷം പ്ലാറ്റ്‌ഫോമിന് പുറത്തേക്ക് തുപ്പാൻ ശ്രമിക്കുമ്പോഴാണ് അതിവേഗത്തിൽ ട്രെയിൻ എത്തിയത്. ട്രെയിനിന്റെ ഇടിയേറ്റ യുവാവ് പ്ലാറ്റ്‌ഫോമിലേക്ക് തെറിച്ചുവീഴുകയും തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഉടൻ തന്നെ ബാർ സദർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയ്ക്കിടെ മരണം സംഭവിക്കുകയായിരുന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തിൽ റെയിൽവേ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതിവേഗ ട്രെയിനുകൾ വരുമ്പോഴും പോകുമ്പോഴും പ്ലാറ്റ്‌ഫോമിന്റെ അരികിൽ നിന്ന് സുരക്ഷിതമായ അകലം പാലിക്കണമെന്ന് റെയിൽവേ അധികൃതർ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി.
Summary
A man died after being struck by the incoming Patna–Howrah Vande Bharat Express at Barh railway station in Bihar on Tuesday. The accident occurred when the victim reportedly went close to the edge of the platform to spit tobacco as the semi-high-speed train arrived. Despite being rushed to the Barh Sadar Hospital with severe head injuries, he succumbed during treatment, and police are currently working to identify the deceased.



