Connect with us

vazhivilakku

ശവ്വാലിലെ ആറ് നോമ്പുകള്‍

നബി(സ) പറഞ്ഞു: അല്ലാഹു ഒരു നന്മക്ക് പത്തിരട്ടി കൊണ്ട് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു. അപ്പോള്‍ ഒരു മാസത്തെ നോമ്പിന് പത്ത് മാസത്തെ പ്രതിഫലം. പെരുന്നാളിന് ശേഷമുള്ള ആറ് നോമ്പുകള്‍ വര്‍ഷത്തെ പൂര്‍ത്തിയാക്കലുമാണ് (നസാഈ). ഈ ഹദീസിനെ പണ്ഡിതന്മാര്‍ ഇപ്രകാരം വിശദീകരിക്കുന്നു, ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലമാണുള്ളത്. റമസാനിലെ 30 നോമ്പുകള്‍ക്ക് 300 ദിവസത്തെ പ്രതിഫലവും, ശവ്വാലിലെ ആറ് നോമ്പുകള്‍ക്ക് 60 ദിവസത്തെ പ്രതിഫലവും ലഭിക്കുന്നു. അങ്ങനെ ആകെ 360 ദിവസങ്ങള്‍. അതായത് ഒരു വര്‍ഷം മുഴുവന്‍ നോമ്പെടുത്ത പുണ്യം വിശ്വാസിക്ക് ഇതിലൂടെ നേടിയെടുക്കാം.

Published

|

Last Updated

റമസാന്‍ സമാപിക്കുകയാണ്. ഒരു മാസത്തെ നോമ്പിനിടയില്‍ സംഭവിച്ചേക്കാവുന്ന പരിഹാരമെന്ന നിലയില്‍ സുന്നത്താക്കപ്പെട്ടതാണ് ശവ്വാലിലെ ആറ് നോമ്പുകള്‍. ഇമാം ഇബ്നു റജബ്(റ) അവിടുത്തെ ലത്വാഇഫുല്‍ മആരിഫ് എന്ന ഗ്രന്ഥത്തില്‍ ‘ഫര്‍ള് നിസ്‌കാരങ്ങളിലെ പോരായ്മകള്‍ സുന്നത്ത് നിസ്‌കാരങ്ങള്‍ കൊണ്ട് പരിഹരിക്കപ്പെടുന്നത് പോലെ, റമസാന്‍ നോമ്പില്‍ സംഭവിച്ചുപോയ വീഴ്ചകള്‍ക്ക് പരിഹാരമാണ് ശവ്വാലിലെ ഈ സുന്നത്ത് നോമ്പുകള്‍’ എന്ന് രേഖപ്പെടുത്തിയത് ഈ ആശയത്തിന് കൂടുതല്‍ തെളിച്ചം നല്‍കുന്നുണ്ട്.

ശവ്വാലിലെ ആറ് നോമ്പുകളുടെ ഏറ്റവും വലിയ പ്രത്യേകത അതിന്റെ പ്രതിഫലമാണ്. അബൂഹുറൈറ(റ)വില്‍ നിന്ന് നിവേദനം, നബി(സ) പറയുന്നു: ‘ആരെങ്കിലും റമസാനില്‍ നോമ്പനുഷ്ഠിക്കുകയും ശവ്വാലില്‍ ആറ് നോമ്പുകള്‍ കൊണ്ട് അതിനെ തുടര്‍ത്തുകയും ചെയ്താല്‍ അത് വര്‍ഷം മുഴുവനുമുള്ള നോമ്പ് പോലെയായി’. (സ്വഹീഹ് മുസ്ലിം)

വര്‍ഷം മുഴുവന്‍ എന്ന ആശയത്തെ കുറച്ചു കൂടി വ്യക്തമാക്കുന്ന മറ്റൊരു ഹദീസ് കൂടി കാണാം. നബി(സ) പറഞ്ഞു: അല്ലാഹു ഒരു നന്മക്ക് പത്തിരട്ടി കൊണ്ട് പ്രതിഫലം നിശ്ചയിച്ചിരിക്കുന്നു. അപ്പോള്‍ ഒരു മാസത്തെ നോമ്പിന് പത്ത് മാസത്തെ പ്രതിഫലം. പെരുന്നാളിന് ശേഷമുള്ള ആറ് നോമ്പുകള്‍ വര്‍ഷത്തെ പൂര്‍ത്തിയാക്കലുമാണ് (നസാഈ). ഈ ഹദീസിനെ പണ്ഡിതന്മാര്‍ ഇപ്രകാരം വിശദീകരിക്കുന്നു, ഒരു നന്മക്ക് പത്തിരട്ടി പ്രതിഫലമാണുള്ളത്. റമസാനിലെ 30 നോമ്പുകള്‍ക്ക് 300 ദിവസത്തെ പ്രതിഫലവും, ശവ്വാലിലെ ആറ് നോമ്പുകള്‍ക്ക് 60 ദിവസത്തെ പ്രതിഫലവും ലഭിക്കുന്നു. അങ്ങനെ ആകെ 360 ദിവസങ്ങള്‍. അതായത് ഒരു വര്‍ഷം മുഴുവന്‍ നോമ്പെടുത്ത പുണ്യം വിശ്വാസിക്ക് ഇതിലൂടെ നേടിയെടുക്കാം.

ഇമാം നവവി(റ) മിന്‍ഹാജ് എന്ന ഗ്രന്ഥത്തില്‍ ശവ്വാലിലെ ഈ നോമ്പുകള്‍ സുന്നത്താണ് എന്നതില്‍ ശാഫിഈ മദ്ഹബില്‍ തര്‍ക്കമില്ലന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. പെരുന്നാള്‍ സുദിനത്തില്‍ നോമ്പ് ഹറാമായതിനാല്‍ ശവ്വാല്‍ രണ്ട് മുതല്‍ ഇത് ആരംഭിക്കാവുന്നതാണ്. ഇവ ശവ്വാല്‍ കഴിയുന്നതിനിടക്ക് എപ്പോഴെങ്കിലും നിര്‍വഹിച്ചാല്‍ മതിയാകും. എന്നാല്‍ പെരുന്നാള്‍ കഴിഞ്ഞ് പിറ്റേ ദിവസം മുതല്‍ തന്നെ ആരംഭിക്കലും തുടര്‍ച്ചയായി അനുഷ്ഠിക്കുന്നതുമാണ് ഉത്തമം. ഇമാം ഇബ്നു ഹജര്‍(റ) തുഹ്ഫതുല്‍ മുഹ്താജില്‍ വിശദീകരിക്കുന്നു- ‘ഈ നോമ്പുകള്‍ വ്യത്യസ്ത ദിവസങ്ങളിലായി അനുഷ്ഠിച്ചാലും സുന്നത്ത് ലഭിക്കുന്നതാണ്. എന്നാല്‍ പെരുന്നാള്‍ കഴിഞ്ഞാലുടന്‍ തുടര്‍ച്ചയായി നിര്‍വഹിക്കുന്നതാണ് ഏറ്റവും ഉത്തമം’.

ആര്‍ത്തവം കൊണ്ടോ മറ്റോ നോമ്പ് നഷ്ടപ്പെട്ടവരുണ്ടാകും. അത്തരക്കാര്‍ ആ നോമ്പ് ശവ്വാലില്‍ ഖളാഅ് വീട്ടുകയോ നേര്‍ച്ചയുള്ള നോമ്പ് നോല്‍ക്കുകയോ ചെയ്താലും മേല്‍പ്പറഞ്ഞ നോമ്പിന്റെ അടിസ്ഥാന പ്രതിഫലം ലഭിക്കുമെന്ന് ഇബ്നു ഹജര്‍(റ) തുഹ്ഫയിലും സൈനുദ്ദീന്‍ മഖ്ദൂം(റ) ഫത്ഹുല്‍ മുഈനിലും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ പൂര്‍ണ പ്രതിഫലം സ്വന്തമാക്കാന്‍ ഈ നോമ്പ് പ്രത്യേകമായി കരുതി തന്നെ അനുഷ്ഠിക്കണമെന്നും കര്‍മശാസ്ത്ര പണ്ഡിതന്‍മാര്‍ പഠിപ്പിക്കുന്നുണ്ട്.

 

Latest